നാലാം നാളില്‍ 20 ലക്ഷം കടന്ന് ഒടിയനിലെ പാട്ട്; നന്ദി പറഞ്ഞ് ശ്രേയ ഘോഷാൽ: വിഡിയോ

ഹിറ്റ് ചാർട്ടിൽ ട്രെൻഡായി മോഹൻലാൽ ചിത്രം ഒടിയനിലെ പാട്ട്. ‘കൊണ്ടോരാം’ എന്നാരംഭിക്കുന്ന ഗാനം പുറത്തയിറങ്ങിയ 18ാം തീയതി മുതൽ നാല് ദിവസം കൊണ്ട് 20 ലക്ഷത്തിലധികം ആളുകളാണ് ലിറിക്കല്‍ കണ്ടത്. പാട്ടിന് ലഭിച്ച വലിയ സ്വീകാര്യതയിൽ നന്ദി അറിയിച്ച് ഗാനം ആലപിച്ച ശ്രേയ ഘോഷാൽ എത്തി. എം.ജയചന്ദ്രൻ സാറിന്റെ സംഗീതത്തിൽ മറ്റൊരു മനോഹരഗാനം ആലപിക്കാൻ സാധിച്ചതിൽ  നന്ദി പറയുന്നുവെന്നും, ചിത്രം റിലീസ് ചെയ്യുമ്പോൾ ഗാനം കാഴ്ചക്കാര്‍ക്കൊരു വിരുന്നായിരിക്കുമെന്നും ശ്രേയ പറഞ്ഞു. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് എം.ജയചന്ദ്രന്‍ ഈണം പകര്‍ന്ന് സുദീപ് കുമാറും ശ്രേയ ഘോഷലും ചേര്‍ന്നാണ് ഈ ഗാനം ആലപിച്ചത്.

ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ‘ഒടിയന്‍’ ഡിസംബറില്‍ തിയേറ്ററിലെത്തും. പാലക്കാടൻ ഗ്രാമാന്തരീക്ഷത്തിൽ കഥ പറയുന്ന ചിത്രത്തിൽ ഒടിയൻ മാണിക്യന്‍ എന്ന കഥാപാത്രമാണ് മോഹൻലാലിന്. പ്രഭയെന്ന നായികയായി മഞ്ജു വാര്യർ എത്തുന്നു. പ്രകാശ് രാജ്, നരേൻ തുടങ്ങി വൻ താരനിര ചിത്രത്തിന്റെ ഭാഗമാണ്. വി.എ ശ്രീകുമാർ മേനോൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഹരികൃഷ്ണന്റെതാണ്. ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മാണം.