സിനിമാ പ്രമോഷനോ സാമൂഹ്യ വിമർശനം; ജയസൂര്യ ഫെയ്സ്ബുക്കിലെ നൻമമരമോ? മറുപടി

‘എന്റെ ഫെയ്സ്ബുക്കിലെ നൻമമരം..’ അടുത്തിടെ സോഷ്യൽ ലോകത്ത് ജയസൂര്യയെ കുറിച്ച് ഉയർന്ന ആക്ഷേപമാണ്. പുതിയ സിനിമകളുടെ റിലീസിനോട് അനുബന്ധിച്ച് സോഷ്യൽ ലോകത്ത് പ്രതികരണങ്ങളും നൻമയും പങ്കുവയ്ക്കും എന്നായിരുന്നു സമൂഹമാധ്യമങ്ങളിൽ ഉയർന്ന ആരോപണം.  അത്തരം വിമര്‍ശനങ്ങള്‍ക്ക് തുറന്ന മറുപടിയുമായി എത്തിയിരിക്കുകയാണ് താരം.  

ഇൗ വിമര്‍ശനങ്ങളൊന്നും തന്നെ ഒട്ടും തന്നെ  ബാധിക്കുന്നില്ലെന്ന് താരം വ്യക്തമാക്കി. സാമൂഹ്യ മാധ്യമങ്ങളിലെ ഇത്തരം വിമര്‍ശനങ്ങളെ ഭയപ്പെടുന്നില്ല. സമൂഹത്തിന് ഉപകാരപ്പെടുമെന്ന് കരുതുന്ന കാര്യങ്ങളാണ് തന്‍റെ പേജിലൂടെ ഷെയര്‍ ചെയ്യുന്നത്. താനൊരു ഇന്ത്യന്‍ പൗരനാണ്. അതിന്‍റേതായ കടമകളും ഉത്തരവാദിത്വങ്ങളുമുണ്ട്. അതും തന്‍റെ സിനിമയുമായി ഒരു ബന്ധവുമില്ല. ജയസൂര്യയുടെ ചിത്രമായത് കൊണ്ട് തന്‍റെ ചിത്രങ്ങള്‍ ആരും കാണാന്‍ വരണമെന്നില്ല. അതിന് പകരം മേരിക്കുട്ടിയെയും ഷാജി പാപ്പനെയും കാണാന്‍ പ്രേക്ഷകര്‍ എത്തണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും ജയസൂര്യ ഒരു അഭിമുഖത്തിൽ പറഞ്ഞു.

പുതിയ ചിത്രം പ്രേതം ടൂവിനെപ്പറ്റി തികഞ്ഞ പ്രതീക്ഷയിലാണ് താരം.  രഞ്ജിത്തും താനും മറ്റൊരു ചിത്രം ചെയ്യാനുള്ള പദ്ധതിയിലായിരുന്നു. അത് നടക്കാതെ വന്നപ്പോഴാണ് പ്രേതം ടൂവിനെ കുറിച്ച് ആലോചിച്ചതെന്നും താരം വ്യക്തമാക്കി. തനിക്ക് ഏറെ പ്രിയപ്പെട്ട കഥാപാത്രങ്ങളില്‍ ഒന്നാണ് ജോണ്‍ ഡോണ്‍ബോസ്കോയെന്നും ജയസൂര്യ പറഞ്ഞു.