കയ്യടിപ്പിച്ച് മഞ്ജുവിന്‍റെ നിലപാട്‍, ഇംഗ്ലീഷ്, പിന്നെ തമിഴും: പ്രസംഗം, വിഡിയോ

‘എനക്ക് തമിഴ് പേശ തെരിയും, പഠിക്കതെരിയും, എളുതതെരിയും, നാൻ പൊറന്ത് വളർന്തതേ തമിഴ്നാട്ടിൽ താൻ..’. മലയാളത്തിന്റെ പ്രിയപ്പെട്ട മഞ്ജുവാര്യർ ഇത് പറഞ്ഞപ്പോൾ നിർത്താതെ തമിഴ്മക്കളുടെ കൈയടി. തമിഴ്നാട്ടിൽ സംഘടിപ്പിച്ച 'ജസ്റ്റ് ഫോർ വിമൻ' പുരസ്കാര ചടങ്ങിലാണ് ഇംഗ്ലീഷിലും തമിഴിലുമായി മഞ്ജു പറഞ്ഞ വാക്കുകൾ സദസ് ഏറ്റെടുത്തത്. 

‘സബ്ടൈറ്റിൽ ഇല്ലാതെ ഇംഗ്ലീഷ് സിനിമ കാണുന്ന പോലെ..’ എന്നായിരുന്നു മഞ്ജുവിന്റെ ഗംഭീരൻ പ്രസംഗം കേട്ട് അവതാരകന്റെ കമന്റ്. സ്ത്രീകളുടെ അന്തസിനു ക്ഷതമേൽക്കുന്നത് പുരോഗമനസമൂഹത്തിന്റെ പരാജയമാണെന്ന് പുരസ്കാരം സ്വീകരിച്ച‌് മഞ്ജു പറഞ്ഞു. പുരസ്കാരങ്ങൾ എന്നും പ്രചോദനമാണ്. എന്നെ സംബന്ധിച്ച് ഓരോ പുരസ്കാരങ്ങളും പ്രചോദനത്തേക്കാൾ മുകളിലാണ്. ആ യാത്രയിൽ എന്നോടൊപ്പം ഉണ്ടായിരുന്ന എല്ലാവരെയും നന്ദിപൂർവം ഓർക്കുന്നു. ആരോ പറഞ്ഞിട്ടുണ്ട്, ജീവിതത്തിൽ നാം കണ്ടുമുട്ടുന്ന ഓരോരുത്തരും എന്തെങ്കിലും ഒന്നു നിങ്ങളെ പഠിപ്പിക്കും. ഈ സായാഹ്നത്തിൽ സ്ത്രീകൾ കൈവരിച്ച മഹത്തായ നേട്ടങ്ങളെക്കുറിച്ചാണ് എല്ലാവരും സംസാരിക്കുന്നത്. ഒരുപാടു സന്തോഷമുള്ള കാര്യങ്ങൾ.’

എന്നാൽ, സുരക്ഷയും അഭിമാനവും ചോദ്യം ചെയ്യപ്പെടുന്ന ഈ രാജ്യത്തെ സ്ത്രീകളെ കുറിച്ചാണ് ഞാൻ ഓർക്കാൻ ആഗ്രഹിക്കുന്നതും ഞാൻ ചിന്തിക്കുന്നതും. എപ്പോഴൊക്കെ സ്ത്രീകളുടെ അന്തസിനും മാന്യതയ്ക്കും മുറിവേൽക്കുന്നുവോ, അത് നമ്മൾ ജീവിക്കപ്പെടുന്നുവെന്ന് അവകാശപ്പെടുന്ന പുരോഗമനപരമായ സമൂഹത്തിന്റെ പരാജയമാണ്. രാജ്യത്തെ വേദനിക്കുന്ന സ്ത്രീകൾക്കായി ഈ പുരസ്കാരം ഞാൻ സമർപ്പിക്കുന്നു. എല്ലായ്പ്പോഴും അവർക്കൊപ്പമായിരിക്കും എന്റെ നിലപാടുകളെന്ന് ഞാൻ വാക്കു നൽകുന്നു. അതോടൊപ്പം ഈ നൂറ്റാണ്ടിലെ മഹാപ്രളയത്തെ അതിജീവിച്ച എന്റെ നാടിന്റെ അണയാത്ത ഊർജ്ജത്തിനും ഈ പുരസ്കാരം ഞാൻ സമർപ്പിക്കുന്നു'- മഞ്ജു പറഞ്ഞു. സദസ്സില്‍ നിറയെ കയ്യടികള്‍.