‘തൃശൂര്‍ ഭാഷയുമായി ഞാന്‍ വരുന്നു’; ആ രഹസ്യം പുറത്തുവിട്ട് മോഹന്‍ലാല്‍; കാത്തിരിപ്പ്

''മ്മക്ക് ഓരോ നാരങ്ങാവെള്ളം അങ്ങട് കാച്ചിയാലോ'',.... തൂവാനത്തുമ്പികളിലെ ക്ലാരക്കും മഴക്കും മണ്ണാറത്തൊടിയിലെ ജയകൃഷ്ണനുമൊപ്പം മലയാളിമനസിൽ കയറിക്കൂടിയതാണ് മോഹൻലാലിന്‍റെ ഭംഗിയൊത്ത ആ തൃശൂർ ഭാഷ. മലയാളസിനിമ തൃശൂരിന്‍റെ ഈണത്തിൽ സംസാരിച്ചപ്പോളൊക്കെയും ഹിറ്റുകൾ പിറന്നു. 31 വർഷങ്ങൾക്കു ശേഷം വെള്ളിത്തിരയിൽ തൃശൂർ ഭാഷ പറഞ്ഞുകൊണ്ട് മോഹൻലാൽ വീണ്ടുമെത്തുന്നു, ഇട്ടിമാണി മേയ്ഡ് ഇൻ ചൈന എന്ന പുതിയ ചിത്രത്തിലൂടെ. മോഹൻലാൽ തന്നെയാണ് ഫെയ്സ്ബുക്കിലൂടെ വിശേഷങ്ങൾ പങ്കുവെച്ചത്. ചിത്രത്തിന്‍റെ ഫസ്റ്റ്ലുക്ക് പോസ്റ്ററുകൾ മുന്‍പ് പുറത്തുവന്നിരുന്നു. 

''നീണ്ട 31 വർഷങ്ങൾക്കു ശേഷം തൃശൂർ ഭാഷയുമായി ഞാൻ വരുന്നു.

"തൂവാനത്തുമ്പികളി"ലെ ജയകൃഷ്ണന് ശേഷം 'ഇട്ടിമാണി' എന്ന തൃശൂർക്കാരനായി ഞാൻ അഭിനയിക്കുന്ന ചിത്രമാണ് "ഇട്ടിമാണി മേയ്ഡ് ഇൻ ചൈന". ആശീർവാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന 'ഇട്ടി മാണി' നവാഗതരായ ജിബി ജോജു തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നു...'', താരം ഫെയ്സ്ബുക്കിൽ കുറിച്ചു. 

സുനിൽ, മാർട്ടിൻ പ്രക്കാട്ട്, ജിബു ജേക്കബ് തുടങ്ങിയ സംവിധായകർക്കൊപ്പം സഹായികളായി പ്രവർത്തിച്ചവരാണ് ജിബിയും ജോജുവും. വെള്ളിമൂങ്ങ, ചാർലി, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ തുടങ്ങി നിരവധി സിനിമകളിൽ സഹസംവിധായകരായും പ്രവർത്തിച്ചു.