പളനിസാമിക്ക് ‘ചൂടുള്ള’ മറുപടിയുമായി വിശാല്‍; തിരഞ്ഞെടുപ്പിൽ കാണാം:‘സര്‍ക്കാര്‍’ രാഷ്ട്രീയയുദ്ധം

നോട്ടുനിരോധനത്തെയും കേന്ദ്രസർക്കാരിനെയും വിമർശിച്ച മെർസൽ ആയിരുന്നു സിനിമ എന്ന വ്യവസായത്തിന് രാഷ്ട്രീയ വിമർശനങ്ങൾക്കും കെൽപ്പുണ്ടെന്ന് ഈയടുത്ത് തെളിയിച്ചത്. ശരാശരി എന്ന് ആദ്യദിനങ്ങളിൽ ജനങ്ങൾ തീർപ്പെഴുതി ആ ചിത്രം തീയറ്ററുകളിൽ ഇടിമുഴക്കം തീർത്തത് ബിജെപി ചിത്രത്തിനെതിരെ വാളെടുത്തതോടെയാണ്.  ആവേറേജ് വിജയമായി ഒതുങ്ങേണ്ട മെർസൽ വിജയുടെ കരിയറിലെ മികച്ച വിജയങ്ങളിൽ ഒന്നായി മാറി. ചരിത്രം ആവർത്തിക്കുകയാണ്. സർക്കാർ എന്ന പുതിയ ചിത്രം വിജയ് ചിത്രങ്ങളിലെ ഏറ്റവും മികച്ച ബോക്സ് ഓഫിസ് വേട്ട തന്നെ നടത്തുമെന്നാണ് പ്രവചനം. 2018 ൽ ഏറ്റവും വലിയ ദക്ഷിണേന്ത്യയിലെ പണംവാരി പടമായി ഈ വിജയം ചിത്രം വെറും പതിനൊന്നു ദിവസങ്ങൾ കൊണ്ടു തന്നെ മാറിക്കഴിഞ്ഞു. വെറും എഴുനാൾ കൊണ്ട് 200 കോടി ക്ലബിൽ കയറിയ ഈ ചിത്രം ബാഹുബലിക്കും പത്മാവതിനു ശേഷം ഏറ്റവും വലിയ വിജയം കൊണ്ടു വരുമെന്നാണ് കണക്കുകൂട്ടൽ. 

ഇപ്പോഴിതാ തമിഴ്താരം വിശാല്‍ മുഖ്യമന്ത്രി പളനിസാമിക്ക് മറുപടിയുമായി രംഗത്തെത്തിയത്. തമിഴ് സിനിമകളുടെ നിർമ്മാണത്തിന് ഉപയോഗിക്കുന്ന പണത്തിന്റെ ഉറവിടങ്ങൾ ചോദ്യം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പളനിസാമിയാണ് സര്‍ക്കാരിനെതിരെ ചൂണ്ട ആദ്യം എറിഞ്ഞത്. സർക്കാർ എന്ന ചിത്രം ഭികരവാദം തന്നെയാണെന്ന തമിഴ്നാട് നിയമമന്ത്രി  സി.വി ഷൺമുഖത്തിന്റെ പ്രതികരണത്തെ കൂട്ടുപിടിച്ചു കൊണ്ടാണ് പളനിസാമിയുടെ ചൂണ്ട. സമൂഹത്തിൽ കലാപം അഴിച്ചു വിടാനാണ് ചിത്രത്തിന്റെ ശ്രമം. ഇത് തുടരാൻ അനുവദിക്കില്ല. ഒരു ഭീകരവാദി അക്രമത്തിനു പ്രേരിപ്പിക്കുന്നതിനു തുല്യമാണ് ഈ ചിത്രം ചെയ്യുന്നതെന്നും ഷൺമുഖം ആരോപിച്ചിരുന്നു. വിശാൽ തിരിച്ചടിച്ചത് രാഷ്ട്രീയ വിവാദത്തിനും സംവാദത്തിനും തുടക്കം കുറിക്കുകയും ചെയ്തു. 

കഴിഞ്ഞ ദിവസം എഐഎഡിഎംകെ 'ന്യൂസ് ജെ' എന്ന പേരില്‍ ആരംഭിച്ച മുഴുവന്‍ സമയ വാര്‍ത്ത ചാനലിനെ ചോദ്യം ചെയ്തുകൊണ്ടാണ് വിശാല്‍ പളനിസാമിക്ക് തിരിച്ചടി കൊടുത്തത്. തമിഴ്നാട് ഭരിച്ച രാഷ്ട്രീയ പാർട്ടികൾ എല്ലാം തന്നെ പയറ്റി തെളിഞ്ഞ രീതിയാണ് സ്വന്തമായി ന്യൂസ് ചാനൽ. മാധ്യമങ്ങളെ തങ്ങളുടെ വരുതിക്കു നിർത്താനും അർധസത്യങ്ങൾ പടച്ചുവിടാനും അവർ മാധ്യമങ്ങളെ ഫലപ്രദമായി ഉപയോഗിക്കുകയും ചെയ്തു. എംഎല്‍എമാരും എംപിമാരുമൊക്കെ അവരുടെ ശമ്പളം വച്ച് ന്യൂസ് ചാനല്‍ പോലെയുള്ള വന്‍കിട സംരഭങ്ങള്‍ എങ്ങനെ ആരംഭിക്കുന്നുവെന്നായിരുന്നു വിശാലിന്റെ ചോദ്യത്തിന് മറുപടിയുണ്ടായതുമില്ല.  

ഒരു വാര്‍ത്താ ചാനല്‍ ആരംഭിക്കുന്നതിനാവശ്യമായ മുതല്‍മുടക്കിനെ കുറിച്ച് ഞാന്‍ കേട്ടിരുന്നു. നിങ്ങള്‍ എംഎല്‍എമാരും എംപിമാരും മാസശമ്പളം വച്ച് എങ്ങനെയാണ് ഇതുപോലൊരു സംരംഭം ആരംഭിക്കുന്നത്; എന്നായിരുന്നു നേരിട്ട് പേരെടുത്ത് ആരെയും പറയാതെ വിശാല്‍ തന്റെ ട്വിറ്ററില്‍ കുറിച്ചത്. 2019 നായി കാത്തിരിക്കുന്നു എന്നൊരു രാഷ്ര്ടീയസൂചനയും ട്വീറ്റില്‍ വിശാല്‍ നല്‍കിയിട്ടുണ്ട്. കമൽഹാസനും രജനികാന്തും തുടങ്ങിയവരെല്ലാം തന്നെ രാഷ്ട്രീയ ആമുഖ്യമുളളവരും സ്വന്തമായി രാഷ്ട്രീയപാർട്ടിയുളളവരുമാണ്. അതുകൊണ്ട് തന്നെ വിശാലിന്റെ വെല്ലുവിളി നിസാമരമല്ലെന്നു തന്നെയാണ് പൊതുവായി വിലയിരുത്തൽ. 

കലയെ വിഴുങ്ങാൻ ഫാസിസത്തെ അനുവദിക്കില്ലെന്ന് കച്ചകെട്ടി തമിഴിലെ സൂപ്പർതാരങ്ങൾ ഒന്നടക്കം വിജയ് എന്ന നടനു പിന്നിൽ അണിനിരക്കുമ്പോൾ സർക്കാർ വ്യക്തമായ രാഷ്ട്രീയം പറയുന്നു. വിരട്ടലും ഭീഷണിയും വേണ്ടെന്ന രജനികാന്തിന്റെയും കമൽഹാസന്റെയും വാക്കുകൾക്ക് കൃത്യമായ രാഷ്ട്രീയമുണ്ട്. തമിഴ്നാട് സർക്കാരിനെ ഒരു സിനിമയിലൂടെ വിമർശിച്ചാൽ നിങ്ങൾ ഞങ്ങളെ തുറങ്കിലടക്കുമോ,  പേടിപ്പിച്ചും ആരോപണം ഉന്നയിച്ചും കലയെ നിങ്ങൾ വരുതിയിൽ നിർത്തുമോ..? ചോദ്യം വിശാലിന്റേതാണ്. തിമിഴ് താരസംഘടനയുടെ പ്രസിഡന്റാണ് സർക്കാർ– തമിഴ് സർക്കാർ യുദ്ധത്തിൽ രാഷ്ട്രീയമാനത്തെ ഏറ്റവും ഫലപ്രദമായി ഉപയോഗിച്ചതും. 

200 കോടി ക്ലബ്ലിലിടം നേടിയ ചിത്രത്തിന്റെ വിജയം ആഘോഷ ചിത്രങ്ങളും ആരാധകർ ഏറ്റെടുത്തിരുന്നു. വിജയാഘോഷവും അണ്ണാ ഡി.എം.കെയ്ക്ക് എതിരായ പ്രതിഷേധമായി മാറി. കേക്കിനൊപ്പം മിക്സി, ഗ്രൈന്‍റര്‍ എന്നിവയുടെ രൂപങ്ങള്‍ വച്ചായിരുന്നു വിജയാഘോഷം. സമൂഹമാധ്യമങ്ങളില്‍ വലിയ സ്വീകാര്യതയാണ് റഹ്മാന്‍ പുറത്തുവിട്ട ചിത്രങ്ങള്‍ക്ക് ലഭിച്ചത്. നേരത്തെ സിനിമയിലെ വിവാദ രംഗങ്ങള്‍ അനുകരിച്ച് കൊണ്ട് വിജയ് ആരാധകര്‍ രംഗത്തെത്തിയിരുന്നു. ടിവി, മിക്സി, ഗ്രൈന്‍റര്‍, സൈക്കിള്‍ എന്നിവ കത്തിക്കുന്ന രംഗങ്ങള്‍ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും അണ്ണാ ഡി.എം.കെയെ വെല്ലുവിളിക്കുകയും ചെയ്തിരുന്നു.