‘വിരട്ടലും ഭീഷണിയും വേണ്ട’; വിജയ്ക്കു പിന്നില്‍ അണിനിരന്ന് സിനിമാലോകം, രോഷം

ബോക്സോഫീസിൽ തകർപ്പൻ പ്രകടനം പുറത്തെടുത്ത് മുന്നേറുന്ന വിജയ് ചിത്രം സര്‍ക്കാര്‍ രാഷ്ട്രീയ വിവാദങ്ങള്‍ക്കും തിരി കൊളുത്തുന്നു. സർക്കാരിനെതിരെ തമിഴ്നാട് സർക്കാർ വാളെടുത്തതോടെ വൻ വിജയത്തിലേയ്ക്ക് സർക്കാർ കുതിക്കുന്നതായാണ് റിപ്പോർട്ട്. രണ്ടാം നാൾ 100 കോടി ക്ലബിൽ കടന്ന ഈ വിജയ് ചിത്രം മികച്ച വിജയമാകുമെന്നാണ് റിപ്പോർട്ടുകൾ.

ഇളയദളപതിയെ ഭീകരവാദി എന്ന് വിളിക്കുകയും പാതിരാത്രി ചിത്രത്തിന്റെ സംവിധായകൻ എ.ആർ.മുരുകദോസിന്‍റെ വീട്ടിൽ അത്രിക്രമിച്ചു കയറുകയും ചെയ്ത പൊലീസ് നടപടിയിൽ തമിഴ്നാട്ടിൽ രോഷം അണപൊട്ടി ഒഴുകയാണ്. സെൻസർ ചെയ്ത ചിത്രമാണിത്. ആയിരക്കണക്കിന് ആളുകൾ ചിത്രം കണ്ടും കഴിഞ്ഞു. പിന്നെ ആർക്കാണ് പ്രശ്നം–നടൻ വിശാൽ ആഞ്ഞടിക്കുന്നു. രജിനികാന്തും കമൽഹാസനും വിശാലും അടങ്ങുന്ന വൻ താരനിര തന്നെയാണ് കലയെ വിഴുങ്ങാൻ ഫാസിസത്തെ അനുവദിക്കില്ലെന്ന് ശബ്ദം ഉയർത്തിക്കൊണ്ട് വിജയിനും മുരുകദോസിനും പിന്നിൽ അണിനിരക്കുന്നത്. പ്രതിഷേധങ്ങള്‍ അനാവശ്യമാണെന്നായിരുന്നു രജനീകാന്തും അഭിപ്രായപ്പെട്ടത്. ചിത്രത്തേയും നിര്‍മ്മാതാക്കളേയും അപമാനിക്കുന്നതാണ് നടപടിയെന്നും രജനീകാന്ത് പറഞ്ഞു.

സർക്കാർ തമിഴ്നാട് സർക്കാരിനെ അധിക്ഷേപിക്കുന്നുവെന്നാണ് ആരോപണം. പേടിപ്പിച്ചും ആരോപണം ഉന്നയിച്ചും ചിത്രത്തെ വരുതിയിൽ നിർത്താനാണ് സർക്കാർ ശ്രമം. വിജയ്ക്കെതിരെയും ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്കെതിരെയും നടപടിയെടുക്കാനാണ് തമിഴ്നാട് സർക്കാർ തീരുമാനമെന്ന് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 

സർക്കാർ എന്ന ചിത്രം ഭികരവാദം തന്നെയാണെന്നായിരുന്നു തമിഴ്നാട് നിയമമന്ത്രി  സി.വി ഷൺമുഖത്തിന്റെ പ്രതികരണം. സമൂഹത്തിൽ കലാപം അഴിച്ചു വിടാനാണ് ചിത്രത്തിന്റെ ശ്രമം. ഇത് തുടരാൻ അനുവദിക്കില്ല. ഒരു ഭീകരവാദി അക്രമത്തിനു പ്രേരിപ്പിക്കുന്നതിനു തുല്യമാണ് ഈ ചിത്രം ചെയ്യുന്നത്. വിജയിക്കും അണിയറപ്രവർത്തകർക്കു നേരേയും ശക്തമായ നടപടി എടുക്കുക തന്നെ ചെയ്യും– മന്ത്രി പറഞ്ഞു. വെറും രണ്ട് ദിവസം കൊണ്ട് 100 കോടി നേടുന്ന ആദ്യ വിജയ് ചിത്രമാണ് സർക്കാർ. വേൾഡ് വൈഡ് കളക്ഷൻ റിപ്പോർട്ട് ആണിത്. സർക്കാരിനെതിരെ തമിഴ്നാട്ടിൽ പ്രതിഷേധം തുടരുകയാണ്. 

രാഷ്ട്രീയ സൂചനകളുള്ള രംഗങ്ങൾക്കെതിരെ അണ്ണാഡിഎംകെ മന്ത്രിമാർ കൂട്ടത്തോടെ രംഗത്തുവന്നിരുന്നു. ഇതിനു പിന്നാലെ, മധുരയിലാണ് തിയറ്ററിനു മുന്നിൽ ആദ്യത്തെ പ്രതിഷേധം നടന്നത്. എംഎൽഎ രാജൻ ചെല്ലപ്പയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. അണ്ണാനഗറിൽ ചിത്രം പ്രദർശിപ്പിക്കുന്ന തിയറ്റർ വളപ്പിലേക്ക് ഇരച്ചുകയറിയ സംഘം പ്രദർശനം നിർത്തണമെന്നാവശ്യപ്പെട്ടു. രണ്ടു ഷോകൾ പ്രതിഷേധത്തെ തുടർന്നു റദ്ദാക്കേണ്ടി വന്നു. മധുരയിൽ പിന്നീടു പല തിയറ്ററുകൾക്കു മുന്നിലും പ്രതിഷേധം നടന്നു. ചിത്രത്തിന്റെ നിർമാതാവ് കലാനിധി  മാരനെ അറസ്റ്റ് ചെയ്യണമെന്നായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം. വൈകിട്ടോടെയാണു തിയറ്ററിനു മുന്നിൽ സ്ഥാപിച്ച കൂറ്റൻ വിജയ് കട്ടൗട്ടിനു തീയിട്ടത്.