96; ഈ പ്രണയകഥ എഴുതിയത് 2015ലെ ചെന്നൈ പ്രളയകാലത്ത്; പിന്നിലെ അറിയാക്കഥ

നഷ്ടപ്രണയത്തിന്റെ ആഴപ്പരപ്പുകളും സൗഹൃദത്തിന്‍റെ മായാപ്പാടുകളും ഹൃദ്യമായി പറയുന്ന തമിഴ് സിനിമ '96 മികച്ച വിജയം നേടി മുന്നേറുകയാണ്. വിജയ് സേതുപതിയും തൃഷയും ഒന്നിച്ച ചിത്രം ഒരു പ്രളയകാലത്ത് എഴുതിയ പ്രണയകഥയാണെന്ന് അധികമാർക്കും അറിയില്ല. തെന്നിന്ത്യയിലാകെ ജാനുവും റാമും അവരുടെ പ്രണയവും യുവാക്കളുടെ ഹരമായപ്പോൾ, അതിന് പിന്നിൽ സി.പ്രേംകുമാർ എന്ന സംവിധായകന്റെ ജീവിതാനുഭവങ്ങളും വർഷങ്ങള്‍ നീണ്ട പ്രയത്നവുമുണ്ട്. പ്രേം ചിത്രത്തിന്റെ തിരക്കഥ എഴുതിപ്പൂർത്തിയാക്കിയത്, 2015 ലെ ചെന്നെ വെള്ളപ്പൊക്കകാലത്താണ്. 

സുഹൃത്തുക്കള്‍ തന്നോട് പറഞ്ഞ സ്കൂളിലെ ഒത്തുചേരലിന്റെ കഥ ’96 എന്ന സിനിമയായതിന്റെ കഥ, ഒരു അഭിമുഖത്തിൽ പ്രേം കുമാർ വ്യക്തമാക്കുന്നതിങ്ങനെ:

‘ഒരു എഴുത്തുകാരനാകണമെന്ന ആഗ്രഹത്തോടെയാണ് ഞാന്‍ സിനിമയിലെത്തിയത്. ’96 എഴുതാന്‍ കഴിഞ്ഞത് എന്റെ ജീവിതത്തിലെ വലിയ നേട്ടമായി കരുതുന്നു. 2015 ലെ വെള്ളപ്പൊക്ക കാലത്താണ് കഥയെഴുതിയത്. പകല്‍ സഹായ പ്രവര്‍ത്തനങ്ങള്‍ക്ക് പുറത്തുപോകും. രാത്രിയിലായിരുന്നു എഴുത്ത്. വെട്ടം പോകുമ്പോള്‍ അമ്മയുടെ വിളക്കു കത്തിച്ച്, അതിന്റെ വെളിച്ചത്തിലാകും എഴുതുക’’.– പ്രേം കുമാര്‍ പറഞ്ഞു.

‘സേതുവിനെയാണ് കഥയുമായി ആദ്യം സമീപിച്ചത്. എഴുത്തുകാരന്‍ എന്ന നിലയ്ക്ക് സേതു എന്നില്‍ നിന്ന് ഒന്നും തന്നെ പ്രതീക്ഷിച്ചിരുന്നില്ല. സത്യത്തില്‍ മാറ്റിയെഴുതിയ ഒരു കൊറിയന്‍ ത്രില്ലറാണ് അവൻ പ്രതീക്ഷിച്ചത്. പക്ഷേ കഥയുടെ പുതുമ അവനെ ആകര്‍ഷിച്ചു. സേതു തന്നെയാണ് ചിത്രം എന്നോട് സംവിധാനം ചെയ്യാന്‍ പറഞ്ഞതും.’’ – വിജയ് സേതുപതി ചിത്രത്തിന്റെ കഥ കേട്ട സന്ദർഭം പ്രേം കുമാര്‍ വിവരിക്കുന്നതിങ്ങനെ.

താന്‍ മനസ്സില്‍ കരുതിയ സീനുകള്‍ക്ക് താനാഗ്രഹിച്ച തരത്തിലുള്ള ഈണങ്ങളാണ് ഗോവിന്ദ് വസന്ത നല്‍കിയതെന്ന് സംവിധായകന്‍ പറയുന്നു. വരികളെഴുതിയിരിക്കുന്നത് കാര്‍ത്തിക നേതയും ഉമാ ദേവിയും. വിജയ് സേതുപതി സുഹൃത്തായതിനാല്‍ ചിത്രീകരണത്തിന് വലിയ ബുദ്ധിമുട്ടുകള്‍ നേരിട്ടില്ലെന്നും എന്നാല്‍ ആദ്യ ദിവസങ്ങളില്‍ തൃഷയുമായി എങ്ങനെ ഇടപെടണമെന്നറിയാതെ ബുദ്ധിമുട്ടിയെന്നും സംവിധായകന്‍ പറയുന്നു.

സ്കൂള്‍ കാലഘട്ടത്തില്‍ പ്രണയിച്ചിരുന്ന റാമിന്റെയും ജാനുവിന്റെയും 22 വര്‍ഷത്തിന് ശേഷമുള്ള കൂടിക്കാഴ്ചയും തുടര്‍ന്ന് ഒരു രാത്രി നടക്കുന്ന സംഭവങ്ങളുമാണ് ’96. ചിത്രം ആദ്യ നാല് ദിവസം കൊണ്ട് 96 നേടിയത് 10 കോടി രൂപയുടെ ഗ്രോസ് കളക്ഷനാണ്. മദ്രാസ് എന്റര്‍പ്രൈസസ് ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. അമേരിക്കയില്‍ നിന്ന് ആദ്യ നാല് ദിവസങ്ങള്‍ക്കുള്ളില്‍ നേടിയത് 2 കോടി രൂപയാണ്.