മീ ടൂ ഹാഷ് ടാഗില്‍ ഞെട്ടിച്ച് നടി റോസിൻ ജോളി; വിമർശനശരമേറ്റ് പിന്മ‍ാറ്റം

ലൈംഗിക അതിക്രമങ്ങള്‍ സ്ത്രീകള്‍ സ്വയം വെളിപ്പെടുത്തുന്ന മീ ടൂ ക്യാംപെയ്ൻ ശക്തമാകുകയാണ് പല പ്രമുഖരുടെ മുഖമൂടികൾ വെളിപ്പെടത്തലിൽ അടർന്നു വീഴുകയും ചെയ്തു. തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ നേരിടേണ്ടിവരുന്ന ലൈംഗികാതിക്രമങ്ങളുടെയും ചൂഷണങ്ങളുടെയും തുറന്നുപറച്ചിലുകള്‍ എന്ന നിലയ്ക്കാണ് മി ടൂ (#metoo) എന്ന ഹാഷ് ടാഗില്‍ സോഷ്യല്‍ മീഡിയാ ക്യാംപെയ്ന്‍ ആരംഭിച്ചത്. 

ഹോളിവുഡിലെ പ്രമുഖ നിര്‍മ്മാതാവ് ഹാര്‍വി വെയ്ന്‍സ്റ്റീനെതിരെ ഒന്നിലധികം സ്ത്രീകള്‍ ഒരേസമയം ആരോപണവുമായി രംഗത്തെത്തിയതോടെ 2017 ഒക്ടോബറോടെയാണ് ഈ സോഷ്യല്‍ മീഡിയ പ്രചരണം ലോകശ്രദ്ധ നേടിയത്. സിനിമാമേഖലയിൽ ആരംഭിച്ച മീടു സമൂഹത്തിന്റെ നാനാതുറകളിലേയ്ക്ക് വ്യാപിക്കുകയാണ്. 

മലയാളത്തിൽ രസകരമായ മറ്റൊരു ക്യാംപെയ്ന് തുടക്കമിട്ടിരിക്കുകയാണ് നടിയും അവതാരികയുമായ റോസിൻ ജോളി. പണം കടം വാങ്ങിയിട്ട് തിരിച്ചു തരാം എന്ന് ഉറപ്പ് പാലിക്കാൻ പറ്റാത്തവർക്കെതിരെ മീടൂ ക്യാംപെയ്ന് തുടക്കമിടുന്നു എന്ന അടിവരയോടെ മീടു ഹാഷ്ടാഗിലായിരുന്നു പോസ്റ്റ്. തൊഴിലിടങ്ങളെ പീഡനങ്ങൾ തുറന്നു പറയാൻ സ്ത്രീകൾ ആരംഭിച്ച ധീരമായ ക്യാംപെയ്നെ പരിഹസിക്കുന്നുവെന്ന വിമർശനങ്ങൾ വലിയ തോതിൽ ഉയർന്നതോടെ താരം പോസ്റ്റ് പിൻവലിച്ചു. 

തിരിച്ചു തരാം എന്ന് ഉറപ്പ് പറഞ്ഞു നമ്മളിൽ നിന്നും പണം കടം വാങ്ങി സെറ്റിൽഡ് ആയതിന് ശേഷവും ആ വാക്ക് പാലിക്കാൻ j; പറ്റാത്തവർക്കെതിരെ ഒരു മീ ടൂ മൂവ്മെന്റ് തുടങ്ങിയാലെന്താണെന്ന് ആലോചിക്കുകയാണ്. എല്ലാവരും ഇപ്പോൾ സെറ്റിൽഡ് ആണ്. ഞാൻ സമയം തരാം , അതിനുള്ളിൽ  തിരികെ തരാനുള്ളവർക്ക് പണം എന്റെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യുകയോ കൂടുൽ വിവരങ്ങൾക്ക്  എന്നെ കോണ്ടാക്ട് ചെയ്യുകയോ ആകാം.അല്ലെങ്കിൽ ഓരോുത്തരുടെയും പേരുകൾ പുറത്തുവിടുമെന്ന മുന്നറിയിപ്പോടെയായിരുന്നു പോസ്റ്റ്. താരത്തിന്റേത് വില കുറഞ്ഞ നടപടിയാണെന്നും ധീരമായ ക്യാംപെയ്നെതിരെ പരിഹാസവുമായി എത്തിയത് തരംതാഴ്ന്ന നടപടിയാണെന്നും ചൂണ്ടിക്കാട്ടി സമൂഹമാധ്യമങ്ങൾ രംഗത്തെത്തിയതോടെ താരം പോസ്റ്റ് പിൻവലിക്കുകയായിരുന്നു.