വൈക്കം വിജയലക്ഷ്മിക്ക് കൂട്ടായി അനൂപ്; വിവാഹം ഒക്ടോബറിൽ

ഗായിക വൈക്കം വിജയലക്ഷ്മി വിവാഹിതയാകുന്നു. കോട്ടയം പാല പുലിയന്നൂർ സ്വദേശി എൻ അനൂപ് ആണ് ദാമ്പത്യത്തിന്റെ പ്രകാശത്തിലേക്ക് മലയാളത്തിന്റെ പ്രിയ ഗായികയെ കൈപിടിച്ചാനയിക്കാനൊരുങ്ങുന്നത്. സെപ്തംബർ 10ന് വിജയലക്ഷ്മിയുടെ വീട്ടിൽ വെച്ചാണ് വിവാഹനിശ്ചയം. 

കൺസ്ട്രക്ഷൻ മേഖലയിൽ ജോലി ചെയ്യുന്ന അനൂപ് മിമിക്രി കലാകാരൻ കൂടിയാണ്. സംഗീതത്തോടുള്ള അഭിരുചിയാണ് വിജയലക്ഷ്മിയിലേക്ക് അനൂപിനെ ആകർഷിച്ചത്. 

കലാരംഗത്തുതന്നെയുള്ള ആളായതുകൊണ്ട് വിജയലക്ഷ്മിക്കും അധികം ആലോചിക്കേണ്ടി വന്നില്ല. ''കുറച്ചുനാൾ മുൻപ് വന്ന ആലോചനയാണ്. അന്വേഷിച്ചപ്പോൾ നല്ലയാളാണെന്ന് അറിഞ്ഞു. തുടർന്നാണ് വിവാഹം തീരുമാനിച്ചത്'', വിജയലക്ഷ്മി പറഞ്ഞു.

അനൂപ്് രണ്ട് വര്‍ഷം മുമ്പ് വിജിയുടെ വീടിനടുത്തുള്ള കുടുംബ ക്ഷേത്രത്തിലെത്തിയപ്പോഴാണ് ഇരുവരും പരിചയപ്പെട്ടത്. കുടുംബങ്ങള്‍ തമ്മില്‍ അടുത്തപ്പോള്‍ അനൂപ് തന്നെയാണ് വിവാഹഭ്യര്‍ഥന മുന്നോട്ട് വച്ചത് .

ഉദയനാപുരം സ്വദേശികളായ വി മുരളീധരന്റെയും വിമലയുടെയും മകളാണ് വിജയലക്ഷ്മി. 

സെല്ലുലോയ്ഡിലെ കാറ്റേ കാറ്റേ എന്ന ഗാനത്തിലൂടെയാണ് വിജയലക്ഷ്മി ശ്രദ്ധിക്കപ്പെടുന്നത്. 

മലയാളത്തിലും തമിഴിലും പിന്നണിഗാനരംഗത്ത് സജീവമാണിപ്പോള്‍ വിജയലക്ഷ്മി. 

ഒക്ടോബർ 22ന് വൈക്കം മഹാദേവ ക്ഷേത്രത്തിൽ വെച്ചാണ് വിവാഹം.