വാര്‍ത്തകള്‍ക്ക് പിന്നില്‍ മനോനില തെറ്റിയവര്‍; നിയമനടപടി; രോഷത്തോടെ അച്ഛന്‍

എപ്പോഴും നിറചിരിയോടെ മാത്രമേ ഗായിക വൈക്കം വിജയലക്ഷ്മിയെ മലയാളം കണ്ടിട്ടുള്ളൂ. എന്നാല്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വിജയലക്ഷ്മിയെക്കുറിച്ചാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ നടക്കുന്നത്. ഇതിന് കാരണം വിജയലക്ഷ്മിയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ നിന്ന് പങ്കുവച്ച് ചില വിഷാദച്ഛായ കലര്‍ന്ന പോസ്റ്റുകളാണെന്ന് പറയുന്നു. അതിലെ വാചകങ്ങള്‍ ഏറ്റുപിടിച്ച് വിജയലക്ഷ്മിയുടെ ദാമ്പത്യ ബന്ധത്തില്‍ പ്രശ്നങ്ങളാണെന്ന തരത്തില്‍ വരെയാണ് ചിലര്‍ വാര്‍ത്തകള്‍ പ്രചരിപ്പിച്ചത്. എന്നാല്‍ സത്യാവസ്ഥ എന്തെന്ന് കൃത്യമായി വെളിപ്പെടുത്തിയിരിക്കുകയാണ് വിജയലക്ഷ്മിയുടെ അച്ഛന്‍ വി.മുരളീധരന്‍. 

മകള്‍ക്ക് ഒരു കുഴപ്പവുമില്ലെന്നും തെറ്റായ വാര്‍ത്തകള്‍ പ്രചരിക്കുന്നവര്‍ക്കെതിരെ നിയമനടപടിക്ക് ഒരുങ്ങുകയാണെന്നും അദ്ദേഹം മനോരമ ന്യൂസ് ‍ഡോട് കോമിനോട് വ്യക്തമാക്കി. 

‘വിജിക്ക് ഒരു കുഴപ്പവുമില്ല. വീട്ടില്‍ സുഖമായി ഇരിക്കുന്നു.  ഇങ്ങനെ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് തലയ്ക്ക് സുഖമില്ലാത്തവരാണെന്നേ എനിക്ക് പറയാനുള്ളൂ. വിജിയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളൊക്കെ നോക്കുന്നത് ഞങ്ങളുടെ ഒരു അടുപ്പക്കാരനാണ്. എന്തായാലും അദ്ദേഹമല്ല ഇത്തരം പോസ്റ്റുകള്‍ അതിലൂടെ പങ്കുവച്ചിരിക്കുന്നത്. മോളുടെ പേരില്‍ പല വ്യാജ അക്കൗണ്ടുകളുണ്ട്. അതില്‍ നിന്നാണ് ഈ പറയുന്ന തരത്തിലുള്ള പോസ്റ്റുകള്‍ പങ്കുവച്ചിരിക്കുന്നത്. അത് പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ സൈബര്‍ സെല്ലില്‍ പരാതി നല്‍കാന്‍ പോകുകയാണ്. 

വിജിയെ സ്നേഹത്തോടെ കണ്ട് ഈ വാര്‍ത്തകളില്‍ ആശങ്കപ്പെടുന്നവരോട് പറയാന്‍ ഒന്നേയുള്ളു. വിജി പഴയതുപോലെ തന്നെ സുഖമായി സന്തോഷമായി വീട്ടില്‍ കഴിയുന്നു. ദാമ്പത്യ ബന്ധത്തിലൊന്നും ഒരു കുഴപ്പവും ഇല്ല. ദയവു ചെയ്ത് പുറത്തു വരുന്ന വാര്‍ത്തകള്‍ വിശ്വസിക്കരുത്. ആകെയുള്ള പ്രശ്നം കോവിഡ് കാലമായതുകൊണ്ട് പുറത്തേക്ക് ഇറങ്ങാന്‍ സാധിക്കുന്നില്ല എന്നത് മാത്രമാണ്. ഒന്നോ രണ്ടോ റെക്കോഡിങ്ങുകള്‍ ഉണ്ടായിരുന്നു. ഇത്രയും കാലം പകര്‍ന്നു നല്‍കിയ സ്നേഹം ഇനിയും നല്‍കുക'. അച്ഛന്‍ വ്യാജവാര്‍ത്തകളോടുള്ള രോഷവും സങ്കടവും വ്യക്തമാക്കി പറഞ്ഞു.  

സെല്ലുലോയ്ഡ് എന്ന സിനിമയിലെ കാറ്റേ കാറ്റേ എന്ന് തുടങ്ങുന്ന ഗാനത്തിലൂടെയാണ് വൈക്കം വിജയലക്ഷ്മി എന്ന ഗായിക ശ്രദ്ധേയയാകുന്നത്. അതിന് മുമ്പ് തന്നെ ഗായത്രി വീണ മീട്ടി അവര്‍ സുപരിചിതയായിരുന്നു. അന്ധതയെ തേല്‍പ്പിച്ച് ഒറ്റക്കമ്പി വീണ മീട്ടുന്ന വിജയലക്ഷ്മി ഒരു അദ്ഭുതമായിരുന്നു. ഇന്റീരിയര്‍ ഡിസൈനറും മിമിക്രി കലാകാരനുമായ അനൂപാണ് ഭര്‍ത്താവ്.