‘പാടുമ്പോൾ താളംപിടിക്കാന്‍ പാടില്ല’; പിരിയാതെ വയ്യ എന്നായി: വെളിപ്പെടുത്തൽ

ഒരുമിച്ചൊരു ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ കഴിയാതെ വന്നപ്പോഴാണ് വിവാഹമോചനം എന്ന തീരുമാനത്തിലെത്തിയതെന്ന് ഗായിക വൈക്കം വിജയലക്ഷ്മി.  മാതാപിതാക്കളെ തന്നിൽ നിന്ന് അടർത്തി മാറ്റാൻ നോക്കിയതും കലാപരമായ കാര്യങ്ങളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതും സഹിക്കാൻ ബുദ്ധിമുട്ടുള്ള കാര്യങ്ങളായിരുന്നു.  വിവാഹമോചനം എന്ന തീരുമാനം രണ്ടുപേരും ഒരുമിച്ചെടുത്തതാണെന്നും കഴിഞ്ഞ കാര്യങ്ങളോർത്ത് ഇപ്പോൾ ദുഃഖമില്ലെന്നും വിജയലക്ഷ്മി മനോരമ ഓൺലൈനിനോട് പറഞ്ഞു. 

വിജയലക്ഷ്മിയുടെ വാക്കുകൾ 

‘ഞങ്ങൾക്ക് രണ്ടു പേർക്കും ഒത്തുപോകാൻ കഴിയാത്തതുകൊണ്ടാണ് പിരിയാൻ തീരുമാനിച്ചത്. പിരിയാം എന്നുള്ളത് ഞങ്ങൾ ഒരുമിച്ചെടുത്ത തീരുമാനമാണ്.  ഒരു ഗായികയായ എനിക്ക് വേണ്ടത് സ്വസ്ഥമായ ഒരു മനസ്സാണ്.  പരിപാടികൾക്ക് എന്റെ ഒപ്പം വരുന്ന അദ്ദേഹം എല്ലാ കാര്യത്തിലും നിയന്ത്രണങ്ങൾ വച്ചു.  അതുകാരണം ഒരു പരിപാടിയിലും സമാധാനമായി പങ്കെടുക്കാൻ കഴിയാതെ ആയി.  എന്റെ അച്ഛനും അമ്മയും എന്നോട് സഹകരിക്കാൻ പാടില്ല എന്നുള്ളതായിരുന്നു അദ്ദേഹത്തിന്റെ പ്രധാന നിബന്ധന.  

അംഗപരിമിതയായ എനിക്ക് ഈ ജീവിതത്തിൽ തുണയായി ഉള്ളത് എന്റെ അച്ഛനും അമ്മയുമാണ്.  അവരാണ് എന്നെ ഇവിടെവരെ എത്തിച്ചത് അവർ ഇല്ലാതെ എനിക്കൊരു ജീവിതമില്ല.  അവരോടൊപ്പം സഹകരിക്കരുത് എന്നൊക്കെ പറഞ്ഞാൽ എങ്ങനെയാണ് സഹിക്കാൻ കഴിയുക.  എനിക്ക് ഓവറിയിൽ ഒരു സിസ്റ്റ് ഉണ്ടായിരുന്നു അതിനു ശസ്ത്രക്രിയ വേണ്ടി വന്നു.  അത് കാൻസർ ആണെന്ന് പറയുകയും അത് പറഞ്ഞു വേദനിപ്പിക്കുകയും ചെയ്തു.  ഓവറിയിൽ സിസ്റ്റ് ഒക്കെ മിക്ക സ്ത്രീകൾക്കും ഉള്ളതല്ലേ ആ ശസ്ത്രക്രിയയോടെ അത് പോയിരുന്നു.  

ഇതുപോലെയുള്ള അനവധി കാര്യങ്ങളുണ്ട് എല്ലാമൊന്നും തുറന്നു പറയാൻ കഴിയില്ല.  പാടുമ്പോൾ താളം പിടിക്കാൻ പാടില്ല, കൈ കൊട്ടാൻ പാടില്ല അങ്ങനെ എനിക്ക് കലാജീവിതം പോലും സ്വതന്ത്രമായി മുന്നോട്ട് കൊണ്ടുപോകാൻ കഴിയാതെവന്നു.  എപ്പോഴും ശകാരിക്കാനും ദേഷ്യപ്പെടാനും കൂടി തുടങ്ങിയതോടെ എനിക്ക് ഒത്തുപോകാൻ കഴിയാതെയായി.  അങ്ങനെയാണ് പിരിയാതെ വയ്യ എന്ന അവസ്ഥയായത്.  2019 മെയ് 30 നാണ് പിരിയാം എന്ന് തീരുമാനിച്ചത്.  ഈ വർഷം ജൂണിൽ കോടതി നടപടികളെല്ലാം പൂർത്തിയായി ഞങ്ങൾ നിയമപരമായി രണ്ടുവഴിക്കായി.  കഴിഞ്ഞുപോയതോർത്ത് ദുഃഖമില്ല.  ഇപ്പോൾ ജീവിതത്തിൽ സമാധാനമുണ്ട്.  ഞാനും എന്റെ അച്ഛനും അമ്മയും സംഗീതവുമാണ് എന്റെ ജീവിതം.  ഒരു സ്ത്രീക്ക് ജീവിക്കാൻ വിവാഹം അനിവാര്യമല്ല എന്ന് മനസ്സിലായി.