ഭാരതിലെ കഥാപാത്രം പ്രിയങ്ക ചോദിച്ച് വാങ്ങിയത്; വെളിപ്പെടുത്തലുമായി സൽമാൻ

സൽമാൻ ഖാന്‍ ചിത്രം ഭാരതിൽ നിന്നും പ്രിയങ്ക ചോപ്ര പിന്മാറിയെന്നത് വലിയ വാർത്തയായിരുന്നു. എന്നാൽ പ്രിയങ്ക സംവിധായകൻ അലി അബ്ബാസ് സഫറിനെ വിളിച്ച് ഈ ചിത്രത്തിലെ നായികാ കഥാപാത്രം ആവശ്യപ്പെടുകയായിരുന്നുവെന്ന് സൽമാൻ ഖാൻ. ഒരു അഭിമുഖത്തിലാണ് സൽമാന്റെ വെളിപ്പെടുത്തൽ. നായികയായി ചിത്രത്തിന്റെ നിർമാതാവ് ആദ്യം തീരുമാനിച്ചിരുന്നത് കത്രീന കൈഫിനെയായിരുന്നു. എന്നാൽ തനിക്ക് ആ കഥാപാത്രം ചെയ്യണമെന്ന് പ്രിയങ്ക ആവശ്യപ്പെട്ടു.

ഇപ്പോൾ പ്രിയങ്ക പിന്മാറിയതോടെ കത്രീനയെ തന്നെ നായികയായി ഉറപ്പിച്ചിരിക്കുകയാണ്. സിനിമയിൽ പ്രിയങ്കയുടെ ഭാഗങ്ങൾ ചിത്രീകരിക്കുന്നതിന് കുറച്ച് ദിവസങ്ങൾക്ക് മുൻപ് മാത്രമാണ് അവർ പിന്മാറുന്നത്. ഉടൻ തന്നെ കത്രീനയോട് ഈ കഥാപാത്രം ചെയ്യാൻ ആവശ്യപ്പെടുകയായിരുന്നു. ഷൂട്ടിങിന് അഞ്ച് ദിവസം മുൻപെങ്കിലും താൻ പിന്മാറുന്നുവെന്ന് പ്രിയങ്ക പറഞ്ഞത് നന്നായി എന്നാണ് സൽമാൻ പറഞ്ഞത്.

ഗോവയിൽ നടന്ന ബിഗ് ബോസ് 12–ാം സീസണിന്റെ വാർത്താ സമ്മേളനത്തിലാണ് സൽമാൻ ഇക്കാര്യം വ്യക്തമാക്കിയത്. പ്രിയങ്ക പിന്മാറിയത് സൽമാന് ഏതെങ്കിലും തരത്തിൽ രോഷമുണ്ടാക്കിയോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ' ഒരിക്കലുമില്ല. അവരുടെ ജീവിതത്തിലെ നല്ലൊരു കാര്യത്തിനായാണ് അവർ അങ്ങനെയൊരു തീരുമാനം എടുത്തത്. പ്രിയങ്കയുടെ വിവാഹനിശ്ചയത്തിന് എന്റെ സഹോദരി അർപിത പങ്കെടുക്കുകയും ചെയ്തു. അവരോടൊപ്പം ഈ സിനിമ ചെയ്യാൻ സാധിച്ചില്ല എന്നതിൽ വിഷമമുണ്ട്'. ഇതായിരുന്നു സൽമാന്റെ മറുപടി.