ഇനി മേലാൽ ഇൗ സാധനം വീട്ടിൽ കൊണ്ടുവരരുത്; വിനീതിനോട് അച്ഛൻ, ചിരി വിഡിയോ

കുടുംബ പ്രേക്ഷകരെ ആകർഷിച്ച ചിത്രമാണ് അരവിന്ദന്റെ അതിഥികൾ. ചിത്രത്തിന്റെ വിജയാഘോഷത്തിനിടെ നടൻ ശ്രീനിവാസൻ പറഞ്ഞ രസകരമായ വാക്കുകൾ കാണികളുടെ കയ്യടിനേടി. സിനിമയുടെ പിന്നിലെ പ്രയത്നത്തെക്കുറിച്ച് വിനീത് ആദ്യം പറഞ്ഞതിന് മറുപടിയായാണ് ശ്രീനിവാസൻ പ്രസംഗം തുടങ്ങിയത്. നർമത്തിൽ പൊതിഞ്ഞ ശ്രീനിവാസന്റെ വാക്കുകൾ ഇങ്ങനെ.

‘വിനീത് സംസാരിച്ച് തുടങ്ങിയത് ഒരുപാട് കാര്യങ്ങൾ മനസ്സിലുണ്ട്, എന്താ പറയേണ്ടതെന്ന് അറിയില്ലെന്നുമാണ്. എന്റെ മനസ്സിൽ ഒരുപാട് കാര്യങ്ങളില്ല, അതുകൊണ്ട് എന്താ പറയേണ്ടതെന്നും എനിക്ക് അറിയാം.’–ശ്രീനിവാസൻ പറഞ്ഞു.

എന്നാൽ, വിനീതിന്റെ പ്രസംഗത്തിൽ നിന്നും കുറച്ച് കാര്യങ്ങൾ പറയാൻ തന്നെ പ്രേരിപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു. ‘സിനിമയ്ക്ക് രണ്ട് അഭിപ്രായമുണ്ട്. ചില സംവിധായകരും നിര്‍മാക്കളുമൊക്കെ പലപ്പോഴും ഇങ്ങനെ പറയാറുണ്ട്. അതിന് പിന്നിൽ രസകരമായൊരു കഥയുണ്ട്. ഭരതേട്ടന്റെ ഒരു പുതിയ ചിത്രം റിലീസ് ചെയ്യുന്നു. സിനിമയുടെ വിധി എന്തെന്നറിയാനുള്ള ആകാംക്ഷയിൽ അദ്ദേഹം തൃശൂരുള്ള സംവിധായകൻ പവിത്രനെ വിളിക്കുന്നു. പവിത്രൻ വളരെ രസികനാണ്. ‘പവിത്രാ എന്റെ സിനിമ റിലീസ് ചെയ്തു, എന്തെങ്കിലും കേട്ടോ?.’ –ഭരതൻ ചോദിച്ചു. ‘ഭരതേട്ടാ രണ്ട് അഭിപ്രായമുണ്ട്, പടം മോശമല്ലേ എന്നൊരു അഭിപ്രായം, പടം വളരെ മോശമല്ലേ എന്നൊരു അഭിപ്രായം കൂടി.’–പവിത്രൻ ഭരതനോട് പറഞ്ഞു.

വിനീതിന് ലഭിക്കുന്ന അവാർഡുകളെക്കുറിച്ചും രസകരമായി ശ്രീനിവാസൻ പറയുകയുണ്ടായി. ‘വിനീത് പല സ്ഥലങ്ങളിലും പരിപാടികളിലുമൊക്കെ പോയി വരുമ്പോൾ ഇതുപോലെ മൊമന്റോയുമായി വരും. ഇതൊന്നും ചെന്നൈയിൽ കൊണ്ടുപോകില്ല. എല്ലാം വീട്ടിലേയ്ക്കാണ് കൊണ്ടുവരുന്നത്. അവിടെ ഈ സാധനം തട്ടി നടക്കാൻ പോലും സാധിക്കാത്ത അവസ്ഥയാണ്. മൊമന്റോ കാണുമ്പോൾ പേടിയാണ്. അതുകൊണ്ട് ഈ സാധനമെങ്കിലും നീ ചെന്നൈയ്ക്ക് കൊണ്ടുപോകണം. വിനീതിനോട് വിനീതമായി അഭ്യർഥിക്കുകയാണ്.’–ശ്രീനിവാസൻ പറഞ്ഞു.

ഈ സിനിമയിൽ നിന്നും ഒരുപാട് കാര്യങ്ങൾ പഠിക്കാൻ സാധിച്ചെന്ന് വിനീത് ശ്രീനിവാസൻ പറഞ്ഞു. ‘കുറെ കാര്യങ്ങൾ മനസ്സിലേക്ക് ഓടിയെത്തുന്നു, എന്താണ് പറയേണ്ടതെന്ന് അറിയില്ല. എല്ലാവരും അറിയേണ്ട ഒരു കാര്യമുണ്ട്. ഈ സിനിമയുടെ പ്രി–പ്രൊഡക്ഷൻ തുടങ്ങി ഷൂട്ടിങ് സമയത്തും നിര്‍മാതാവും സാങ്കേതിക പ്രവർത്തകരും താരങ്ങളും തിരക്കഥാക‍ൃത്തും സംഗീത സംവിധായകനും എല്ലാവരും ഒരുമിച്ചിരുന്ന് ഈ സിനിമയുടെ തിരക്കഥ വായിച്ചിരുന്നു.’

‘പ്രി–പ്രൊഡക്ഷന്റെ സമയത്ത് ഞാനും സംവിധായകനും സിനിമയുടെ ചീഫ് ടെക്നീഷ്യൻസും മറ്റുള്ളവരും മൂകാംബികയിൽ മൂന്നുദിവസം പോകുകയുണ്ടായി. ഈ കൂട്ടായ്മയാണ് സിനിമയെ വലിയൊരു വിജയത്തിലേയ്ക്ക് എത്തിച്ചത്. ഈ സിനിമയിൽ നിന്ന് ഒരുപാട് കാര്യങ്ങൾ പഠിക്കാൻ സാധിച്ചു.’

‘കൂടാതെ മനോഹരമായ കാസ്റ്റിങ് ആയിരുന്നു സിനിമയുടേത്. എല്ലാവരും അതിഗംഭീരമായാണ് അഭിനയിച്ചത്. പലരുടെയും അഭിനയം കണ്ട് ഞാൻ നിന്നുപോയിട്ടുണ്ട്. ഇതിന് മുമ്പ് ചാപ്പാക്കുരിശ് എന്ന സിനിമയുടെ സെറ്റിലാണ് ഇങ്ങനെയൊരു അനുഭവം ഉണ്ടായത്. അന്ന് ഫഹദിന്റെ അഭിനയം കണ്ട് ഞെട്ടിത്തരിച്ചിരുന്ന് പോയി.’

‘ഈ സിനിമയിൽ ഉർവശി ചേച്ചിയുടെ അഭിനയമാണ് എന്നെ അത്ഭുതപ്പെടുത്തിയത്. അഭിനയത്തിൽ ഒരുപാട് രസതന്ത്രം അറിയാവുന്ന അഭിനേത്രിയാണ് അവർ. എന്റെ തലമുറയും എനിക്ക് ശേഷം വരുന്ന തലമുറയും ഇങ്ങനെയുള്ള ആളുകളോടൊപ്പം പ്രവർത്തിക്കണം. അവരുടെ കഴിവുകൾ കണ്ട് പഠിക്കണം.’–വിനീത് പറഞ്ഞു.