ഞാൻ ഇരുത്തം വന്ന നർത്തകനല്ലേ; എന്തിനാ ചിരിക്കുന്നേ; സ്വയം ട്രോളി മമ്മൂട്ടി, വിഡിയോ

ഒരു കുട്ടനാടൻ ബ്ലോഗ് എന്ന ചിത്രത്തിന്റെ ഒാഡിയോ ലോഞ്ചിന് മമ്മൂട്ടിയുടെ കയ്യിലേക്ക് മൈക്ക് നൽകുമ്പോൾ അത് ചിരിയുടെ അമിട്ടിനുള്ള തിരികൊളുത്താണെന്ന് സത്യത്തിൽ അവിടെ കൂടിയിരുന്നവർ അറിഞ്ഞ് കാണില്ല. മമ്മൂട്ടി സംസാരിക്കുന്നു എന്ന ആകാംക്ഷയോടെ കാത്തിരുന്നവരുടെ മുന്നിലേക്ക് ഗൗരവം ഒട്ടും വിടാതെ ഹാസ്യത്തിന്റെ പൂരം അദ്ദേഹം ഒരുക്കിയത്. സഹതാരങ്ങളും സിനിമയും നൃത്തവും ശബ്ദവും ഒക്കെ വിഷയമാക്കിയ ആ പ്രസംഗത്തിൽ  മമ്മൂട്ടി സ്വയം ട്രോളൊരുക്കി മറ്റുള്ളവരെ ചിരിപ്പിച്ചു. ചുറ്റും കൂടി നിന്ന യുവതലമുറക്കാരെ വെല്ലുന്ന ചിരിക്കൂട്ടാണ് ഇപ്പോഴും അദ്ദേഹത്തിന്റെ കയ്യിൽ.

മമ്മൂട്ടി പറയുന്നു. ‘വളരെ കഷ്ടപ്പെട്ടാണ് 'കുട്ടനാടൻ ബ്ലോഗിലെ' ഒരു പാട്ടിന്റെ ചിത്രീകരണം പൂർത്തിയാക്കിയത്. ഈ സിനിമയുടെ ഡാൻസ് മാസ്റ്റർക്കാണ് ഏറ്റവും കൂടുതൽ ബുദ്ധിമുട്ടുണ്ടാവുക. കാരണം പുതിയ കുട്ടികളെ നൃത്തം പഠിപ്പിക്കാൻ അദ്ദേഹം വളരെ ബുദ്ധിമുട്ടി. എന്നെ പോലെ ഇരുത്തം വന്ന ഒരു നർത്തകനെ പഠിപ്പിക്കാൻ  അദ്ദേഹത്തിനു സന്തോഷമേ ഉണ്ടാകൂ. പലകുറി ചുവട് തെറ്റിയപ്പോഴും  കൂടെയുള്ളതു കുട്ടികളല്ലെ പോട്ടെ എന്നു ഞാനങ്ങ് വിചാരിച്ചു. 

ഇതുേകട്ട് ചിരിച്ച പ്രേക്ഷകർക്കിട്ടായിരുന്നു അടുത്ത താങ്ങ്. എന്തിനാണ് ഇങ്ങനെ ചിരിക്കുന്നത് ‍ഞാനൊരു  തഴക്കവും പഴക്കവുമുള്ള നർത്തകനാണെന്നു എല്ലാവർക്കും അറിയാമല്ലോ. അന്ന് കൂടെ നൃ‍ത്തം ചെയ്ത കുട്ടികൾക്കൊപ്പം അവരുടെ താളത്തിനൊത്തു ഞാൻ തുള്ളി. ഈ പാട്ടിന്റെ ചിത്രീകരണത്തിനു ശേഷം ഞാൻ മുന്നു ദിവസം പനി പിടിച്ചു കിടന്നു. സിനിമയുടെ ഷൂട്ടിങിനെ ബാധിക്കരുതെന്നു കരുതി ഞാൻ വീണ്ടും സെറ്റിലെത്തി. കുട്ടനാട്ടിൽ വച്ചു തന്നെയായിരുന്നു ഗാനത്തിന്റെ ചിത്രീകരണം. അവിടെയായിരുന്നു എന്റെ നൃത്തവും. ഏതായാലും കുട്ടനാട്ടിലെ ജനങ്ങളോടു നന്ദിയുണ്ട്. കാരണം അത്രയും ദിവസം പാട്ടും നൃത്തവും സഹിച്ചല്ലോ’. ഇങ്ങനെ ഗൗരവും വിടാതെ മമ്മൂട്ടി പറഞ്ഞതെല്ലാം ചിരിയുടെ മാലപ്പടക്കമാണ് സദസിൽ തീർത്തത്.