ഇനി യുവനടിമാർക്കൊപ്പം ഇല്ലെന്ന് ചിരഞ്ജീവി; വലഞ്ഞ് ഈ സംവിധായകൻ

ചെറുപ്പക്കാരികളായ നടിമാർക്കൊപ്പമുള്ള പ്രണയരംഗങ്ങളിൽ ഇനി അഭിനയിക്കില്ലെന്ന് സൂപ്പർ താരം ചിരഞ്ജീവി. കൊർത്തല ശിവ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് താരം ഈ നിബന്ധന വെച്ചിരിക്കുന്നത്. ചിത്രത്തിലേക്ക് ചെറുപ്പക്കാരികളായ നായികമാരെ വേണ്ടെന്നുപറഞ്ഞതോടെ കുഴപ്പത്തിലായത് സംവിധായകനാണ്. 

ചിരഞ്ജീവിക്ക് പറ്റിയ നായികയെ അന്വേഷിച്ച് ശിവ വലഞ്ഞെന്നാണ് റിപ്പോർട്ടുകൾ. മുൻകാല നടിമാരെയും സിനിമ വിട്ട് സീരിയലിൽ‌ ചേക്കേറിയവരെയും ശിവ സമീപിച്ചിട്ടുണ്ട്. നവംബറിലാണ് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുക. 2019ലാകും റിലീസ്. 

ചിരഞ്ജീവിയുടെ മകൻ രാം ചരൺ നിർമിക്കുന്ന സൈറ നരസിംഹ റെ‍ഡ്ഡിയിലാണ് ചിരഞ്ജീവി ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. മൂന്ന് ഭാഷകളിലായാകും ചിത്രം റിലീസ് ചെയ്യുക. സുരേന്ദ്രർ റെഡ്ഡിയാണ് സംവിധായകൻ. നയൻതാര, തമന്ന, അമിതാഭ് ബച്ചൻ, അല്ലു അർജുൻ തുടങ്ങി വൻതാരനിര ചിത്രത്തിൽ അണിനിരക്കും.