എങ്ങനെയാണ് ഇങ്ങനെ ശരീരം ചോദിക്കാനാകുക? കാസ്റ്റിങ് കൗച്ച് ‘കെണി’ പറഞ്ഞ് അതിഥി

കാസ്റ്റിങ് കൗച്ചിനെ കുറിച്ച് തുറന്നു പറയാൻ ഇപ്പോൾ പെൺകുട്ടികൾക്ക് ഭയമില്ലാതായി കഴിഞ്ഞു. ഹോളിവുഡിൽ തുടങ്ങിയ വിപ്ലവം ബോളിവുഡിലും മലയാളത്തിലും തെലുങ്കിലുമെല്ലാം ആഞ്ഞടിക്കുകയും ചെയ്തു. കാസ്റ്റിങ് കൗച്ച് എത്രമാത്രം ഭീകരമാണ് എന്ന് തുറന്നു പറയുകയാണ് പ്രശസ്ത ബോളിവുഡ് താരം അതിഥി റാവു. സൺഡേ ഗാർഡിയന് നൽകിയ അഭിമുഖത്തിലാണ് നടിയുടെ തുറന്നു പറച്ചിൽ. 

ഇത്തരം കാര്യങ്ങൾ പറ്റില്ലെന്ന് മുഖത്ത് നോക്കി പറഞ്ഞതിന് എട്ടുമാസത്തോളമാണ് സിനിമയിൽ നിന്ന് മാറി നിൽക്കേണ്ടി വന്നത്. അഞ്ച് വർഷം മുമ്പാണ് ഹൃദയം തകർക്കുന്ന തരത്തിലുളള സംഭവമുണ്ടായത്. എനിക്കൊരു നിലപാട് ഉണ്ടായിരുന്നു ആ നിലപാടിൽ ഉറച്ചു നിന്നതു കൊണ്ട് പല നല്ല അവസരങ്ങളും എന്നെ കൈവിട്ടുപ്പോയി. പലപ്പോഴും ആരും കാണാതെ ഞാൻ കരഞ്ഞിട്ടുണ്ട്. 

2013 എന്നെ സംബന്ധിച്ചിടത്തോളം എന്റെ മോശം വർഷമാണ്. വളരെയധികം വേദനയോടെയാണ് ഈ സമയത്ത് ഞാൻ കടന്നു പോയത്. വ്യക്തിപരമായും എനിക്ക് നഷ്ടങ്ങൾ ഉണ്ടായി. എന്റെ പിതാവിന്റെ മരണം എന്നെ വളരെയധികം തളർത്തി. അതിനു പുറമേയാണ് കാസ്റ്റിങ് കൗച്ച് പോലുളള അനുഭവങ്ങൾ ഉണ്ടായത്. പ്രശ്നങ്ങളെ ഞാൻ ധൈര്യപൂർവ്വം തന്നെ നേരിട്ടു. എങ്ങനെയാണ് ഒരു പെൺകുട്ടിയോട് അവസരത്തിനായി ശരീരം ചോദിക്കാൻ ഒരാൾക്ക് ധൈര്യമുണ്ടാകുകയെന്നത് എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. 

എത്രമാത്രം ക്രൂരമാണിത്. എട്ടുമാസത്തോളം സിനിമയിൽ അവസരങ്ങൾ ലഭിക്കാതെ ഞാൻ വീട്ടിലിരുന്നു. പക്ഷേ 2014 ന് ശേഷം എല്ലാം ശരിയായി. നമ്മള്‍ധൈര്യമായി നിന്നാല്‍മാത്രമേ ഇത്തരം സംഭവങ്ങളെ എതിര്‍ക്കാന്‍കഴിയൂ.- അതിഥി പറയുന്നു.

ശരിക്കും കാസ്റ്റിംഗ് കൗച്ച് ഒരു കെണിയാണ് ഇത്തരമൊരു അനുഭവം നേരിടേണ്ടി വന്നാല്‍സ്വയം തീരുമാനം എടുക്കാന്‍കഴിയണം. ഇങ്ങനെയൊക്കെ ചെയ്താലെ സിനിമ കിട്ടൂ എന്ന ഭയമാണ് പലരെയും എതിര്‍ക്കാന്‍ധൈര്യമില്ലാത്തവരായി മാറ്റുന്നത്. പക്ഷേ നിങ്ങളുടെ കഴിവില്‍വിശ്വാസമുണ്ടെങ്കില്‍നല്ല സിനിമകള്‍തേടിയെത്തുമെന്നും അതിഥി പറഞ്ഞു. സിനിമയിൽ കാസ്റ്റിങ് കൗച്ച് ഉണ്ടെന്ന് വിളിച്ചു പറയാൻ നടിമാർ മടിക്കുകയാണ്. ഇത്തരം കാര്യങ്ങൾ ഉച്ചത്തിൽ വിളിച്ചു പറയുകയാണ് വേണ്ടത്. നമ്മളെ ഒരാൾ ദുരുപയോഗം ചെയ്താൽ കരിയറിന്റെ തുടക്കത്തിൽ പ്രതികരിക്കാൻ സാധിച്ചില്ലെങ്കിലും ഒരു ഘട്ടം കഴിയുമ്പോഴേക്കും തുറന്നു പറയണമെന്നും അതിഥി റാവു പറഞ്ഞു.