അഭിനയിച്ച് കാണിക്കൂ? ലൈംഗികാരോപണത്തിന് ശ്രീ റെഡ്ഢിക്ക് ലോറന്‍സിന്‍റെ മറുപടി

ശ്രീറെഡ്ഡിയുടെ ആരോപണങ്ങളോട് ശക്തമായി പ്രതികരിച്ച് നടൻ ലോറൻസ്.  ലോറൻസ് ഹോട്ടൽ റൂമിൽവെച്ച് ലൈംഗിമായി തന്നെ ഉപയോഗിച്ചെന്നായിരുന്നു ചാനൽ അഭിമുഖത്തിൽ ശ്രീ റെഡ്ഡി വെളിപ്പെടുത്തിയിരുന്നു. വെളിപ്പെടുത്തലിന്റെ ചെറിയ ഒാഡിയോ ക്ലിപ്പും പ്രചരിച്ചിരുന്നു. ഇതിനെതിരെയുള്ള ലോറൻസിന്റെ മറുപടിയാണ് ഇപ്പോൾ ചർച്ചയാകുന്നത്. മുരുഗദോസ്, ശ്രീകാന്ത്, നാനി, തുടങ്ങി പലർക്കെതിരെയും ശ്രീറെഡ്ഡി ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. 

ലോറൻസിന്റെ കുറിപ്പ് വായിക്കാം–

എന്നെ സംബന്ധിച്ചടത്തോളം ഇത് വലിയൊരു പ്രശ്നമല്ല. ഇതിനെക്കുറിച്ച് ഓർത്ത് ഞാൻ ആകുലപ്പെടുന്നുമില്ല. പക്ഷേ ഇതിനൊരു വിശദീകരണം നൽകണമെന്ന് ആവശ്യപ്പെട്ട് മാധ്യമപ്രവർത്തകർ എന്നെ വിളിച്ചുകൊണ്ടിരിക്കുന്നു. അതുകൊണ്ടാണ് ഇപ്പോൾ ഇങ്ങനെയൊരു വിശദീകരണവുമായി എത്തിയത്.

തെലുങ്ക് ചിത്രം റിബലിന്റെ സമയത്താണ് ശ്രീ റെഡ്ഡി എന്നെ കാണുന്നതെന്നാണ് അവർ പറയുന്നത്. അതും ഏഴ് വർഷം മുമ്പ്. അപ്പോൾ തന്നെ പറയേണ്ടിരുന്ന കാര്യം ഏഴ് വർഷത്തിന് ശേഷം പറയുന്നതിൽ എന്ത് അർഥം. അതുമാറ്റിവെക്കാം. 

ശ്രീ റെഡ്ഡി എന്റെ ഹോട്ടൽ റൂമിൽ വരുകയും ഞാൻ അവരെ ലൈംഗികമായി ഉപയോഗിച്ചെന്നുമാണ് ആരോപണം. കൂടാതെ ദൈവത്തിന്റെ ചിത്രവും രുദ്രാക്ഷ മാലയും എന്റെ റൂമിൽ കണ്ടത്രേ. രുദ്രാക്ഷ മാലയും ദൈവത്തിന്റെ ചിത്രവും ഉപയോഗിച്ച് റൂമിൽ പൂജ നടത്താൻ മാത്രം വിഡ്ഢിയല്ല ഞാൻ.

ശ്രീ റെ‍ഡ്ഡിയോട് ഞാനൊരു തെറ്റും ചെയ്തിട്ടില്ല. എന്നെ എനിക്ക് വ്യക്തമായി അറിയാം, ൈദവവും ഇത് കാണുന്നുണ്ട്. മാത്രമല്ല ഈ വിശദീകരണങ്ങൾ ഒരിക്കലും ശ്രീ റെഡ്ഡിയോടുള്ള ദേഷ്യമല്ല. ഞാൻ നിങ്ങളുടെ എല്ലാ അഭിമുഖങ്ങളും കണ്ടു. എനിക്ക് സഹതാപം മാത്രമാണ്. സത്യത്തിൽ എന്താണ് നിങ്ങളുടെ പ്രശ്നം. ചാൻസ് തരാമെന്ന് പറഞ്ഞ് എല്ലാവരും നിങ്ങളെ ചതിച്ചതാണോ പ്രശ്നം.

നിങ്ങൾ നല്ലൊരു നടിയാണെന്ന് പറയുന്നു. നമുക്കൊരു പ്രസ്മീറ്റ് സംഘടിപ്പിക്കാം, നിങ്ങളും വരൂ. മാധ്യമപ്രവർത്തകരുടെ മുന്നിൽവെച്ച് തന്നെ ഞാൻ രണ്ട് സീൻ നിങ്ങൾക്ക് അഭിനയിക്കാനായി നൽകാം, കൂടെ ഒരു ഡാൻസ് സ്റ്റെപ്പും. അത് ഞാൻ സാധാരണ നൽകാറുള്ളതുപോലെ ബുദ്ധിമുട്ടുള്ള സ്റ്റെപ്പ് ആയിരിക്കില്ല. 

എളുപ്പം ചെയ്യാൻ കഴിയുന്ന സ്റ്റെപ്പും സംഭാഷണവും നൽകാം. സാധാരണ അഭിനേതാവിന് ചെയ്യാൻ കഴിയുന്ന ഒന്ന്.  ഈ പറയുന്ന കഴിവ് ഉണ്ടെങ്കിൽ തീർച്ചയായും നിങ്ങൾക്ക് അത് ചെയ്യാം.