മകൾക്കൊപ്പമുള്ള ഹൃദ്യചിത്രത്തിനും സദാചാരക്കാരുടെ വാൾ; ആമിറിനെതിരെ സോഷ്യൽ കയ്യേറ്റം

‘ഇതെല്ലം പരസ്യമായിട്ടല്ല അടച്ചിട്ട റൂമിനകത്ത് വേണം’.. സദാചാരം പഠിപ്പിക്കുന്നവരുടെ വകയായി സാക്ഷാൽ ആമീർഖാന്റെ ചിത്രത്തിന് ലഭിച്ച കമന്റാണിത്. ഇത്തരത്തിൽ മോശം കമന്റുകൾ നിറയുകയാണ് സമൂഹമാധ്യമങ്ങളിൽ ആമീർ ഖാൻ പങ്കുവച്ച ചിത്രത്തിന് ചുവട്ടിൽ. ആമീർ ഖാനും മകള്‍ ഇറയുമൊത്തുളള ഒരു ചിത്രം അദ്ദേഹം  പോസ്റ്റ് ചെയ്തതിന് പിന്നാലെയാണ് ട്രോളന്മാര്‍ ആമിറിനെതിരെ സദാചാരം പഠിപ്പിക്കാനിറങ്ങിയത്.

പുല്‍ത്തകിടിയില്‍ കിടക്കുന്ന ആമീറിന്റെ പുറത്ത് കയറി ഇരിക്കുന്ന മകളുടെ ചിത്രമാണ് അദ്ദേഹം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. എന്നാല്‍ ഈ ചിത്രമാണ് വിമര്‍ശകരെ ചൊടിപ്പിച്ചത്. അച്ഛന്‍-മകള്‍ ബന്ധത്തിനപ്പുറം ചിത്രത്തില്‍ ലൈംഗികത കണ്ടെത്താനാണ്  ചിലര്‍ ശ്രമിക്കുന്നത്. ഇറയുടെ വസ്ത്രത്തെയും വിമര്‍ശിച്ച് ചിലർ രംഗത്തെത്തി. ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ ആമിര്‍ ഖാനും ഒടുവിൽ സാമൂഹിക മാധ്യമങ്ങളില്‍ സദാചാരവാദികളുടേയും വിമര്‍ശകരുടെയും ഇരയായിരിക്കുകയാണ്.