‘വാക്കാണ് ബച്ചൻ സർ ഏറ്റവും വലിയ സത്യം’; ബിഗ് ബിയുടെ വാഗ്ദാനം പൂർത്തീകരിച്ച് ഒരുഗ്രാമം; കഥ ഇങ്ങനെ

പഴയ കാര്യങ്ങളൊക്കെ മറന്നോ ഇന്ത്യൻ സിനിമയുടെ ബിഗ് ബി അമിതാഭ് ബച്ചൻ..? ആർക്കും തോന്നിപ്പോകാവുന്ന സംശയം. ഇന്നലെ പെട്രോൾ വില വർധനയിൽ യുപിഎ കാലത്ത് വൻപ്രതിഷേധം ഉയർത്തിയ അദ്ദേഹം ഇപ്പോൾ വില 81 ആയിട്ടും മൗനം പാലിക്കുകയാണ്. അദ്ദേഹത്തിന്റെ പഴയ ട്വീറ്റ് കുത്തിപ്പൊക്കി സമൂഹമാധ്യമങ്ങളിൽ പ്രതിഷേധം ഉണ്ടായിരുന്നു. 

ഇപ്പോഴിതാ പത്തുവർഷം മുൻപ് അദ്ദേഹം നൽകിയ വാക്ക് പാലിക്കാൻ കഴിയാതെ വന്നതോടെ നാട്ടുകാർ ആ സ്വപ്നം പൂർ‌ത്തീകരിച്ച കഥയും പുറത്തുവരുന്നു. സംഭവങ്ങളുടെ തുടക്കം 2008ലാണ്. ഉറങ്ങിക്കിടന്നവനെ വിളിച്ചുണർത്തി പറ്റിച്ചുവെന്ന് വേണമെങ്കിൽ പറയാം. പക്ഷേ പറ്റിക്കപ്പെടാൻ ആ ജനം തയാറാവാതിരുന്നിടത്താണ് കഥയുടെ ട്വിസ്റ്റ്. ബച്ചൻ സിനിമകളെ കടത്തിവെട്ടുന്ന ഹീറോയിസം.

അമിതാഭ് ബച്ചന്റെ  ജന്മനാടായ ഉത്തര്‍പ്രദേശിലെ ബാരാബംഗി ജില്ലയിലെ ദൗലത്പുര്‍ ഗ്രാമത്തിലെ ജനതയ്ക്ക് വലിയ പ്രതീക്ഷയാണ് അദ്ദേഹം നൽകിയത്.  പത്ത് വർഷങ്ങൾക്ക് മുൻപ് അദ്ദേഹം നൽകിയ വാഗ്ദാനം. അത് വിശ്വസിച്ച് ഇത്രനാൾ കാത്തിരുന്ന ഒരു ജനത. ഒടുവിൽ സഹികെട്ട് അദ്ദേഹത്തിന്റെ വാക്ക് അവർ സ്വയം നിറവേറ്റി. ഗ്രാമത്തിൽ താന്‍ മരുമകൾ െഎശ്വര്യ റായുടെ പേരിൽ ഒരു കോളജ് നിര്‍മിച്ച് നൽകുമെന്നായിരുന്നു വാഗ്ദാനം. ഭാര്യ ജയ ബച്ചന്‍, മകന്‍ അഭിഷേക്, മരുമകള്‍ ഐശ്വര്യ എന്നിവര്‍ക്കൊപ്പം വന്ന് കോളേജിന് തറക്കല്ലിടുകയും ചെയ്തിരുന്നു. ഐശ്വര്യ ബച്ചന്‍ കന്യ മഹാവിദ്യാലയ് എന്നായിരുന്നു ബച്ചന്‍ കോളേജിന് നൽകിയ പേര്. 2008 ജനുവരി 27ന് കുടുംബ സുഹൃത്തും അന്ന് എസ്.പി. നേതാവുമായ അമര്‍ സിങ്ങിന്റെ ജന്മദിനത്തിലായിരുന്നു തറക്കല്ലിടല്‍ ചടങ്ങ്. എന്നാല്‍ ഈ ചടങ്ങിന് ശേഷം ബച്ചനും കുടുംബവും അങ്ങോട്ട് തിരിഞ്ഞുനോക്കിയ പോലുമില്ലെന്ന് നാട്ടുകാർ പറയുന്നു.  

പത്ത് വര്‍ഷത്തെ കാത്തിരിപ്പിനൊടുവിൽ നാട്ടുകാർ തന്നെ കോളജിനായി മുന്നിട്ടിറങ്ങി.  വീടുവീടാന്തരം പിരിവെടുത്താണ് കോളജിന്റെ നിർമാണത്തിനാവശ്യമായ പണം കണ്ടെത്തിയത്. ബച്ചന്‍ തറക്കല്ലിട്ട സ്ഥലത്ത് നിന്ന് വെറും 500 മീറ്റർ മാറിയാണ് സ്ഥലം കണ്ടെത്തിയത്. നാട്ടിലെ ഒരു അധ്യാപകനാണ് കോളജ് നിർമിക്കാനായി സ്ഥലം വിട്ടുകൊടുത്തത്. അങ്ങനെ നാട്ടുകാരുടെ സഹകരണത്തോടെ അറുപത് ലക്ഷം രൂപ ചെലവിൽ പന്ത്രണ്ട് ക്ലാസ് മുറികളുള്ള കോളജ് നാട്ടുകാർ പണിതുയർത്തി. ദൗലത്പുര്‍ ഡിഗ്രി കോളേജ് എന്നാണ് അവർ കോളജിന് പേരു നൽകിയത്.  ഫൈസാബാദ് ആര്‍.എം.എല്‍. അവധ് യൂണിവേഴ്‌സിറ്റിയില്‍ അഫിലിയേറ്റ് ചെയ്ത കോളേജില്‍ നിലവില്‍ ബി.എ, ബി.എസ്.സി കോഴ്‌സുകളാണ് ഇപ്പോഴുള്ളത്. ബച്ചന്റെ സ്വപ്നം ജനം പൂർത്തീകരിച്ച വാർത്ത സമൂഹമാധ്യമങ്ങളും ഏറ്റെടുത്തതോടെ അദ്ദേഹത്തിന്റെ പ്രതികരണത്തിനായി കാത്തിരിക്കുകയാണ് ആരാധകർ.