ആരാധകരുടെ ‘കടുംപിടുത്തം’; മണിയെ എടുത്തിട്ട് പൃഥ്വി: എന്നിട്ടും പാടി: വിഡിയോ

നടൻ, നിർമാതാവ്, ഗായകൻ... ഉടൻ തന്നെ സംവിധായകന്റെ കുപ്പായവും അണിയാൻ പോകുന്നു. അങ്ങനെ പുതിയ ഉയരങ്ങളിലേക്കും പുതിയ മേഖലകളിലേക്കും ചുവട് വയ്ക്കുന്ന പൃഥ്വി പൊതുവേദിയിലും ആരാധകരെ കയ്യിലെടുക്കുന്നതിന് ഉദാഹരണമായി ഇതാ ഒരു വിഡിയോ. ചിലപ്പോഴൊക്കെ പാട്ടുപാടിയ പൃഥ്വിയോട് പാട്ടുപാടാനായിരുന്നു ആരാധകരുടെ ‘കടുംപിടുത്തം’. നിൽക്കുന്ന സ്ഥലം ഏതാണെന്ന് നന്നായി അറിയാവുന്ന പൃഥ്വി ഉടൻ തന്നെ ആരാധകരോട് കാര്യം പറഞ്ഞു. പാട്ടിനെക്കാൾ ഇഷ്ടത്തോടെ ആവർ ആ വാക്കുകളെ കയ്യടിയോടെ സ്വീകരിച്ചു.

‘മണിച്ചേട്ടന്റെ നാട്ടിൽ വന്ന് ഇൗ അഭ്യാസം കാണിച്ചാൽ എന്നോട് ദൈവം പൊറുക്കില്ല...’ എന്നായിരുന്നു പൃഥ്വി പറഞ്ഞത്. ആ വാക്കുകളെ നിറകയ്യടിയോടെ സ്വീകരിച്ചു ചാലക്കുടിക്കാർ പക്ഷേ പൃഥ്വിയെ പാടിക്കാതെ വിടാൻ ഒരുക്കമായിരുന്നില്ല.  കലാഭവൻ മണിയെ മലയാളത്തിന്റെ മണിച്ചേട്ടനാക്കിയ ആ ജനതയ്ക്ക് മുന്നിൽ രണ്ടുവരി അദ്ദേഹം മൂളി.  അമർ അക്ബർ ആന്റണി എന്ന ചിത്രത്തിൽ പൃഥ്വി തന്നെ പാടിയ ഗാനമായിരുന്നു ആലപിച്ചത്. തൊട്ടുപിന്നാലെ വന്നു അടുത്ത ആവശ്യം. സമൂഹമാധ്യമങ്ങളിൽ വൈറലായ കാളിയനിലെ ആ ഡയലോഗ് പറയണമെന്നായിരുന്നു. ആ ആവശ്യവും നിറവേറ്റിയാണ് പൃഥ്വി വേദിവിട്ടത്. ഒന്നര വർഷങ്ങൾക്ക്് ശേഷമിറങ്ങുന്ന ഒരു പടത്തിന്റെ ഡയലോഗ് ഇപ്പോൾ പറഞ്ഞ നടൻ എന്ന ക്രെഡിറ്റ് എനിക്കായിരിക്കുമെന്നും പൃഥ്വി വേദിയിൽ പറഞ്ഞു. ‘ചാലക്കുടിയിൽ പാടിയില്ലെങ്കിൽ പിന്നെ എവിടെ പാടാനാണ് പൃഥ്വി..’ എന്ന് ആരാധകരും അടക്കം പറഞ്ഞിട്ടുണ്ടാകും.