തന്നെ കാണാനെത്തിയ 'വലിയ' ആരാധികയെക്കണ്ട് ഞെട്ടി ജിപി

മലയാളത്തിലെ മികച്ച ടെലിവിഷൻ അവതാരകരിൽ ഒരാളാണ് ജിപി എന്ന ഗോവിന്ദ് പത്മസൂര്യ. ജിപിയെ കാണാനെത്തിയ ഒരു 'വലിയ' ആരാധികയുടെ കഥ ചിത്രസഹിതം പറയുകയാണ് ജിപി. 75 കാരിയായ ഒരു മുത്തശ്ശിയാണ് ജിപിക്ക് സർപ്രൈസായി വീട്ടിലെത്തിയത്.  പ്രായത്തിന്റെ ബുദ്ധിമുട്ടുകളുണ്ട്. നടക്കാനും പ്രയാസമാണ്. എന്നിട്ടും എന്നെ കാണാൻ വേണ്ടി മാത്രം ഒറ്റയ്ക്ക് ആരോടും പറയാതെ ട്രെയിനിൽ യാത്രചെയ്ത് തിരൂരിൽനിന്നും പട്ടാമ്പി വീട്ടിൽ വന്നു. 

ഗോവിന്ദ് പത്മസൂര്യയുടെ വാക്കുകളിലേയ്ക്ക്–

മാലതിയമ്മ! വയസ്സ് 75. പ്രായത്തിന്റെ ബുദ്ധിമുട്ടുകളുണ്ട്. നടക്കാനും പ്രയാസമാണ്. എന്നിട്ടും എന്നെ കാണാൻ വേണ്ടി മാത്രം ഒറ്റയ്ക്ക് ആരോടും പറയാതെ ട്രെയിനിൽ യാത്രചെയ്ത് തിരൂരിൽനിന്നും പട്ടാമ്പി വീട്ടിൽ വന്നു. 

ടിവിയിൽ കണ്ട് ഇഷ്ടപ്പെട്ട് എന്റെ കാര്യങ്ങളറിയാനായി മൊബൈൽഫോണും ടാബ്‌ലെറ്റുമെല്ലാം വാങ്ങിച്ചത്രേ. സോഷ്യൽമീഡിയയിൽനിന്നും ഇടക്കിടക്ക് മുങ്ങുന്നതിനും മെസേജസിനും കമന്റുകൾക്കും മറുപടി തരാത്തതിനും ശാസിച്ചു! 

മുൻപൊരിക്കലും ലഭിച്ചിട്ടില്ലാത്ത സ്നേഹത്തിൽ പൊതിഞ്ഞ വിമർശനങ്ങളും മുഖത്തടിച്ചപോലെ അവതരിപ്പിച്ചു. അവർ പറഞ്ഞതെല്ലാം ഭാവിയിൽ ഞാൻ തീർച്ചയായും ശ്രദ്ധിക്കുകയും തിരുത്തുകയും ചെയ്യേണ്ടവയാണെന്ന് തോന്നി. 

ജിപി എന്ന നിലയിൽ അറിയപ്പെട്ടതിനുശേഷമുള്ള എന്റെ കാര്യങ്ങൾ എനിക്കറിയുന്നതിനേക്കാൾ നന്നായി പറഞ്ഞു തന്നു! അവരെ കണ്ടപ്പോൾ സന്തോഷത്തേക്കാൾ കുറ്റബോധമാണ് തോന്നിയത്. ഈ അമ്മയെ ഞാൻ തിരൂരിൽ പോയി കാണണമായിരുന്നു. ഒരിക്കൽപോലും നേരിട്ട് കണ്ടിട്ടില്ലാഞ്ഞിട്ടുപോലും എന്നെ സ്വന്തം മകനെപ്പോലെ സ്നേഹിക്കുന്ന എല്ലാ അമ്മമാരെയും മനസുകൊണ്ട് വണങ്ങുന്നു.

കൃതജ്ഞതയോടെ,അതിനേക്കാളേറെ സ്നേഹത്തോടെ ജി.പി.