‘ഞാൻ സൽമാന്റെ ഭാര്യ, കയറ്റിവിടൂ..’: അവകാശവാദവുമായി താരത്തിന്റെ ഫ്ലാറ്റിൽ യുവതി

താരങ്ങളുടെ ഭാര്യയാണെന്നും ഭർത്താവാണെന്നും മകനാണെന്നും മകളാണെന്നുമുള്ള അവകാശവാദവുമായി എത്തുന്ന സംഭവം ഇതാദ്യമല്ല. താരം ബാച്ചിലറാണെങ്കിൽ പറയുകയും വേണ്ട. ബോളിവുഡിലെ ക്രോണിക്ക് ബാച്ചിലർ സൽമാൻ ഖാന്റെ ഫ്ലാറ്റിൽ കഴിഞ്ഞദിവസം നടന്നത് നാടകീയ സംഭവങ്ങൾ. സല്‍മാന്‍ ഖാന്റെ ഭാര്യയാണെന്ന് അവകാശപ്പെട്ട് ഒരു യുവതി ഫ്ലാറ്റിലേക്ക് അതിക്രമിച്ചു കയറി. 

ബാന്ദ്രയിലെ വസതിയിലാണ് സംഭവം. യുവതിയെ കണ്ട സുരക്ഷാജീവനക്കാർ തടയാനായി ചെന്നപ്പോഴാണവർ സല്‍മാന്റെ ഭാര്യയാണെന്നും അകത്തേക്ക് കയറ്റിവിടണം എന്നും ആക്രോശിച്ചത്. ആ സമയത്ത് സൽമാൻ ഫ്ലാറ്റിലില്ലായിരുന്നു. അലാറം മുഴങ്ങുന്നത് കേട്ടാണ് ജീവനക്കാർ എത്തിയത്. ഭാര്യയാണെന്നു പറഞ്ഞ് ബഹളമുണ്ടാക്കിയതിനെത്തുടർന്ന് ഇവരെ പുറത്താക്കി വാതിലടച്ചു. സംഭവം അറിഞ്ഞ സൽമാൻ ഇതൊക്കെ എത്ര കണ്ടിരിക്കുന്നു എന്ന രീതിയിലാണ് പ്രതികരിച്ചത്. യുവതിക്കെതിരെ കേസ് നൽകാനൊന്നും താരം മുതിർന്നിട്ടില്ല. കാമുകിയാണെന്നും ഭാര്യയാണെന്നും അവകാശപ്പെട്ട് ഇതിന് മുന്‍പും സല്‍മാന്റെ ഫ്‌ളാറ്റിലേക്ക് സ്ത്രീകള്‍  വന്നിട്ടുണ്ടെന്ന് താരത്തിന്റെ താമസ സ്ഥലത്തെ സുരക്ഷാജീവനക്കാര്‍ പറയുന്നു.