ശ്രീദേവിയെ കുറിച്ച് സിനിമ ചെയ്യുമോ? രാം ഗോപാൽ വർമ്മയുടെ ഹൃദയം തൊടുന്ന മറുപടി

ശ്രീദേവിയെ കുറിച്ച് എത്രത്തോളം എഴുതിയിട്ടും പറഞ്ഞിട്ടും രാം ഗോപാൽ വർമ്മയ്ക്ക് മനസു മടക്കുന്നില്ല. ശ്രീദേവിയെ ഏറ്റവും അടുത്ത് ആരാധിച്ചയാൾ, അടുത്തറിഞ്ഞയാൾ. നടി ശ്രീദേവിയെ ദൈവതുല്യം ആരാധിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നയാൾ. എത്ര വിശേഷണം നൽകിയാലും മതിയാകില്ല. ഹൃദയത്തിനുളളിൽ ശ്രീദേവിയുടെ തങ്കവിഗ്രഹം സ്വീകരിക്കുന്നയാളാണ് ആർജിവി. അതു കൊണ്ട് തന്നെ ശ്രീദേവിയെ കുറിച്ച് പറയുമ്പോൾ ആ വാക്കുകൾക്ക് മൂർച്ച കൂടുന്നത്.

ശ്രീദേവിയെ കുറിച്ച് ബയോപിക് ഒരുങ്ങുകയാണെങ്കിൽ അത് തയ്യാറാക്കാൻ ഏറ്റവും അനുയോജ്യനായ ആൾ ആർജിവി തന്നെയായിരിക്കും. അത്രത്തോളം വിശുദ്ധമായ സൗഹൃദമായിരുന്നു രാമുവിന്റെയും ശ്രീദേവിയുടെതും. അത് കൊണ്ട് തന്നെയാകും ശ്രീദേവിയെ കുറിച്ച് ബയോപിക് ഒരുങ്ങുന്നുവെന്ന വാർത്ത കേട്ടപ്പോൾ സമൂഹമാധ്യങ്ങൾ സംവിധായകൻ രാം ഗോപാൽ വർമ്മയെന്ന് ഉറപ്പിച്ചതും. 

വാർത്ത ചൂടപ്പം പോലെ പ്രചരിച്ചതോടെ രാം ഗോപാൽ വർമ്മ തന്നെ വിശദീകരണവുമായി രംഗത്തെത്തി. ശ്രീദേവിയെ കുറിച്ച് സിനിമ ചെയ്യാൻ ശ്രമിക്കുന്നത് മണ്ടത്തരമാണെന്നും അവരെ അവതരിപ്പിക്കാൻ പോന്ന നടിമാരൊന്നും ഇപ്പോൾ ഇല്ലെന്നും രാം ഗോപാൽ വർമ്മ ട്വിറ്ററിൽ കുറിച്ചു. ശ്രീദേവി മരിച്ചതിന് ശേഷം രാം ഗോപാല്‍ വര്‍മ്മയുടെ ട്വിറ്റര്‍ പ്രതികരണങ്ങളെല്ലാം വികാരഭരിതമായിരുന്നു. ഇതില്‍നിന്നാണ് രാം ഗോപാൽ വർമ്മ ശ്രീദേവിയെക്കുറിച്ച് സിനിമ ചെയ്യുന്നുവെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പിറന്നത്.

'ദൈവം സൃഷ്ടിച്ച ഏറ്റവും സുന്ദരിയും യുക്തിയുള്ളവളുമയായ സ്ത്രീയാണ് ശ്രീദേവി’ എന്ന് ആർജിവി എഴുതിയിരുന്നു. ഇപ്പോള്‍ സിനിമയിലെ ആ മാലാഖ ദൈവത്തിന്റെ മാലാഖയായിരിക്കുന്നു. ശ്രീദേവിയെ സൃഷ്ടിച്ചതിനു ഞാന്‍ ദൈവത്തോടു നന്ദി പറയുന്നു. ആ ഭംഗിയെ ഒപ്പിയെടുത്ത് കാലത്തിനു കരുതി വയ്ക്കാന്‍ ക്യാമറകള്‍ തീര്‍ത്തതിനു ലൂയി ലൂമിയറിനോടും നന്ദി പറയുന്നു. എനിക്കിപ്പോഴും വിശ്വസിക്കാനാകുന്നില്ല, ശ്രീദേവി ഇനിയില്ല എന്ന്'.ശ്രീദേവിയുടെ ആരാധകർക്കൊരു പ്രണയലേഖനം എന്ന പേരിൽ ആർജിവി എഴുതിയ കുറിപ്പ് ഹൃദയങ്ങൾ കീഴടക്കിയിരുന്നു.