‘ക്യാപ്റ്റന്റെ സ്വന്തം അനിതക്ക് സ്നേഹപൂര്‍വ്വം മമ്മൂക്ക..." ആ ഓട്ടോഗ്രാഫിനു പിന്നിലെ കഥ

മിസ്റ്റർ സത്യൻ...ഗർജനം പോലുള്ള ആ ശബ്ദം കേട്ട് സത്യനും ഭാര്യ അനിതയും അമ്പരപ്പോടെ തിരിഞ്ഞു നോക്കി. മമ്മൂട്ടി അദ്ദേഹത്തെ തിരിച്ചറിയുമെന്നും വിളിക്കുമെന്നും സത്യൻ ഒരിക്കലും കരുതിയില്ല. 

‘നീ എന്നെ കണ്ടില്ലായിരുന്നോ സത്യാ’ 

" കണ്ടു മമ്മൂക്ക. മമ്മൂക്കയെ ബുദ്ധിമുട്ടിക്കണ്ട എന്ന് കരുതിയാണ് ശല്യപ്പെടുത്താതിരുന്നത്." സത്യൻ പറഞ്ഞു. ചിരിച്ച് കൊണ്ട് മമ്മൂട്ടി അവിടെ കൂടി നിന്ന എല്ലാവർക്കും സത്യനെ കുറിച്ച് പറഞ്ഞ് കൊടുത്തു...

സങ്കടത്തോടെ സത്യൻ മമ്മൂട്ടിയോട് പറഞ്ഞു "ഫുട്ബോൾ ഒന്നും ആർക്കും വേണ്ട മമ്മൂക്ക.ഞങ്ങളെപോലുള്ള കളിക്കാരെ തിരിച്ചറിയാൻ പോലും ആരും ഇല്ല"

സത്യനെ ചേർത്ത് നിർത്തിക്കൊണ്ട് മമ്മൂട്ടി പറഞ്ഞു.."തോറ്റവരാണ് എന്നും ചരിത്രമുണ്ടാക്കിയിട്ടുള്ളത്...ജയിച്ചവര്‍ ചരിത്രത്തിന്റെ ഭാഗമായിട്ട് മാറി നിന്നിട്ടേ ഉള്ളൂ....വരും...ഇന്ത്യൻ ഫുട്ബോളിനൊരു നല്ല കാലം വരും സത്യാ.."

മമ്മൂട്ടിയുടെ ഫ്ലൈറ്റ് അനൗൺസ് ചെയ്യുന്ന ശബ്ദം എയർപോർട്ടിൽ മുഴങ്ങി.സത്യനോട് യാത്ര പറഞ്ഞ് മമ്മൂട്ടി പോവാൻ ഒരുങ്ങി.അപ്പോൾ സത്യന്റെ ഭാര്യ അനിതക്കൊരു ആഗ്രഹം മമ്മൂട്ടിയുടെ ഒരുഓട്ടോഗ്രാഫ് വേണമെന്ന്.. സന്തോഷത്തോടു കൂടി മമ്മൂട്ടി ഓട്ടോഗ്രാഫ് ഒപ്പിട്ട് കൊടുത്തു...

വിമാനത്താവളത്തിലായിരുന്നു ഈ സംഭവം നടന്നത്. ഫുട്ബോളർ സത്യന്റെ കഥ പറയുന്ന ക്യാപ്റ്റൻ എന്ന സിനിമയിലെ ഈ രംഗം വർഷങ്ങൾക്കു മുൻപ് യഥാർഥത്തിൽ നടന്നതു തന്നെയായിരുന്നു. ആ രംഗം സിനിമയിൽ അതേപടി പകർത്തുകയായിരുന്നു സംവിധായകൻ ചെയ്തത്. സംഭവത്തിന്റെ യഥാർഥ കഥ മമ്മൂട്ടി ഫാൻസ് ഇന്റർനാഷനൽ -യുഎഇ ചാപ്റ്റർ ആണ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്.