ബാഹുബലിയെ തൊടില്ല പത്മാവത്; ആദ്യദിനം നേടിയതും കണക്കുകളും

ഇന്ത്യൻ സിനിമാ ചരിത്രത്തിൽ തന്നെ വൻകുതിപ്പാകുമെന്ന് തോന്നലുണ്ടാക്കിയ പത്മാവത് ആദ്യ ദിനം നേടിയത് 19 കോടി രൂപ മാത്രം. ഇതിനു പുറമേ ബുധനാഴ്ച നടന്ന പ്രിവ്യൂ ഷോയിലൂടെ ചിത്രം 5 കോടി നേടി. 190  കോടി ചെലവിട്ട് നിർമ്മിച്ച ബ്രഹ്മാണ്ഡ ചിത്രം ആദ്യ ദിനത്തിൽ 25- 30 കോടി വരുമാനം ഉണ്ടാക്കുമെന്നായിരുന്നു പ്രതീക്ഷ. 

ചിത്രത്തിനെതിരെ നടന്ന അക്രമ പരമ്പരകളും പ്രതിഷേധങ്ങളും കെട്ടടടങ്ങുന്നതോടെ ചിത്രം വൻ കുതിപ്പ് നടത്തുമെന്ന് തന്നെയാണ് അണിയറക്കാരുടെ പ്രതീക്ഷ. ഒരാഴ്ചയ്ക്കകം ചിത്രം 80 കോടിയലധികം നേടുമെന്നാണ് പ്രതീക്ഷ. വൻ തോതിൽ പ്രതിഷേധം ഇനി ഉണ്ടാകാൻ ഇടയില്ലെന്നാന്ന് അണിയറ പ്രവർത്തകരുടെ കണക്ക് കൂട്ടൽ. അങ്ങനെ വന്നാൽ ചിത്രം മികച്ച വിജയം നേടുമെന്ന് അവർ കണക്ക് കൂട്ടുന്നു. 

എന്നാൽ ബാഹുബലി സൃഷ്ടിച്ച ബോക്സ്ഓഫീസ് മാജിക് ആവർത്തിക്കാൻ പത്മാവതിന് കെൽപ്പില്ലെന്ന് തന്നെയാണ് കലക്ഷൻ സൂചിപ്പിക്കുന്നത്. ബോക്സ്ഓഫീസിനെ പിടിച്ചുകുലുക്കി ബാഹുബലി 2 ആദ്യദിനം വാരിക്കൂട്ടിയത് 108 കോടി രൂപയാണ്. ബോക്സ്ഓഫീസ് ചരിത്രത്തിൽ തന്നെ ഇത് റെക്കോര്‍ഡ് ആണ്. ബാഹുബലി ആദ്യ ഭാഗത്തിന്റെ ആദ്യദിന കലക്ഷൻ 50 കോടിയായിരുന്നു.

ധൂം 3 (33 കോടി) ദങ്കൽ (29.78), പികെ (27 കോടി) കിക്ക് (26.52 കോടി) ദബങ് (21 കോടി) തുടങ്ങിയവയാണ് ആദ്യ ദിന കലക്ഷനിൽ റെക്കോർഡ് ഇട്ട മറ്റ് ചിത്രങ്ങൾ.