കടലിനക്കരെ മമ്മൂട്ടിയെ വെല്ലാന്‍ സല്‍മാന്‍ ഖാന്‍ മാത്രം; ജിസിസി കളക്ഷന്‍

കേരളത്തില്‍ ഗംഭീര ഇനീഷ്യല്‍ നേടി റെക്കോര്‍ഡിട്ട മാസ്റ്റര്‍പീസിന് ജിസിസി രാജ്യങ്ങളില്‍ തകര്‍പ്പന്‍ കളക്ഷന്‍. അണിയറ പ്രവര്‍ത്തകരെ പോലും അമ്പരപ്പിക്കുന്ന വരവേല്‍പാണ് ചിത്രത്തിന് ഗള്‍ഫ് രാജ്യങ്ങളില്‍ ലഭിച്ചതെന്ന് യുഎഇ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ട്രേഡ് അനലിസ്റ്റുകള്‍ വ്യക്തമാക്കുന്നു. യുഎഇയിലെ കണക്കുകളാണ് പുറത്തുവന്നത്. ചിത്രം ഒരാഴ്ച കൊണ്ട് യുഎഇയില്‍ മാത്രം നേടിയത് 4.41 ലക്ഷം ഡോളരാണ്. 2.81 കോടി വരും ഇത്. 

ഗള്‍ഫ് ഇനീഷ്യലില്‍ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ തുകയാണിതെന്നാണ് കണക്കുകള്‍ പറയുന്നത്. സല്‍മാന്‍ ഖാന്‍റെ ഏറ്റവും പുതിയ ചിത്രം ടൈഗര്‍ സിന്ദാ ഹെ ആണ് മാസ്റ്റര്‍പീസിന്‍റെ മുന്നിലുള്ളത്. ചിത്രം മൂന്നാഴ്ചയില്‍ നേടിയത് 29.13 കോടി രൂപയാണ്. 

ഒമാന്‍,ഖത്തര്‍, ബഹ്റൈന്‍ തുടങ്ങിയ രാജ്യങ്ങളിലും ചിത്രം വലിയ കളക്ഷനാണ് നേടിയത്. പതിവില്‍ നിന്ന് വ്യത്യസ്തമായി സംവിധായകന്‍ അജയ് വാസുദേവ്, തിരക്കഥാകൃത്ത് ഉദയ്കൃഷ്ണ, അഭിനേതാക്കളായ മഖ്ബൂല്‍ സല്‍മാന്‍, ഗോകുല്‍ സുരേഷ് ഗോപി തുടങ്ങിയവര്‍ ഗള്‍ഫ് രാജ്യങ്ങളിലെത്തി പ്രചാരണങ്ങള്‍ക്ക് നേതൃത്വം നല്‍കി.  

ചിത്രത്തിന്‍റെ വിജയത്തിന് കാരണമായി അണിയറക്കാര്‍ തന്നെ സമ്മതിക്കുന്ന പ്രധാനകാരണം മമ്മൂട്ടി പാന്‍സിന്‍റെ നിറഞ്ഞ പിന്തുണയാണ്. മമ്മൂട്ടി ഫാന്‍സ് ആന്‍ഡ് വെല്‍ഫെയര്‍ അസോസിയേഷന്‍ ഇന്‍റര്‍നാഷണല്‍ ഗള്‍ഫ് നാടുകളിലുടനീളം ഫാന്‍സ് ഷോകളും വേറിട്ട പ്രചാരണ-ആഘോഷ പരിപാടികളും ഒരുക്കിയിരുന്നു. മസ്കത്തിലടക്കം സ്പെഷ്യല്‍ ഷോകള്‍ ഒരുക്കിയാണ് ആദ്യനാളുകളില്‍ തിരക്ക് നിയന്ത്രിച്ചത്.