ജലാശയങ്ങളുടെ സംരക്ഷണം മുന്‍നിര്‍ത്തി ഒരു ഹ്രസ്വചിത്രം ഒരുങ്ങു

ജലാശയങ്ങളുടെ സംരക്ഷണം മുന്‍നിര്‍ത്തി ഒരു ഹ്രസ്വചിത്രം ഒരുങ്ങുന്നു. പ്ലാസ്റ്റിക്കുകളാല്‍ മലിനപ്പെട്ട കായലുകള്‍ വീണ്ടെടുക്കലാണ് സിനിമയുടെ സന്ദേശം. നവാഗതനായ സഞ്ജയ് നായർ ആണ് പ്ലാസ്റ്റിക് മീനുകള്‍ എന്ന സിനിമ ഒരുക്കുന്നത് 

മല്‍സ്യതൊഴിലാളികളുടെ ജീവിതത്തിലൂടെയാണ് പ്ലാസ്റ്റിക് മീനിന്റെ കഥ പുരോഗമിക്കുന്നത്. പരിസ്ഥിതി സംരക്ഷണം മുന്‍നിര്‍ത്തി എഴുതപ്പെട്ട സിനിമയില്‍ കുട്ടികളും പ്രധാനവേഷത്തില്‍ എത്തുന്നു. പുതുമുഖങ്ങളെ അണിനിരത്തി കുറഞ്ഞ മുതല്‍മുടക്കിലാണ് ഒന്നരമണിക്കൂര്‍ ദൈര്‍ഘ്യം പ്രതീക്ഷിക്കുന്ന ചിത്രം ഒരുങ്ങുന്നത്. ആലപ്പുഴയുടെ തീരദേശങ്ങളാണ് പ്രധാന ലൊക്കേഷൻ. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ക്കെതികെ സാമൂഹികമായ അവബോധം സൃഷ്ടിച്ചെടുക്കലാണ് ലക്ഷ്യമെന്ന് സംവിധായകന്‍ പറഞ്ഞു 

പ്രിയദര്‍ശന്റെ സഹസംവിധായകനായി പ്രവര്‍ത്തിച്ചിട്ടുള്ള സഞ്ജയ്യുടെ ആദ്യചിത്രംകൂടിയാണ് പ്ലാസ്റ്റിക് മീനുകള്‍. തീയറ്റര്‍ റിലീസിംഗ് ഇല്ലാതെ സ്‌കൂളുകളിലും പൊതുഇടങ്ങളിലും പ്രദര്‍ശിപ്പിച്ച് ആശയങ്ങള്‍ പരമാവധി ജനങ്ങളിലേക്കെത്തിക്കാനാണ് അണിയറ പ്രവര്‍ത്തകര്‍ ആഗ്രഹിക്കുന്നത്.