ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമം; ഉണ്ണി മുകുന്ദന്റെ പരാതിയിൽ അന്വേഷണം ആരംഭിച്ചു

യുവതിയും സുഹൃത്തുകളും ചേർന്ന് ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചുവെന്ന നടൻ ഉണ്ണി മുകുന്ദന്റെ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. എറണാകുളം ചേരാനെല്ലൂർ പൊലീസാണ് കേസ് അന്വേഷിക്കുന്നത്. 

സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന കൊച്ചി സ്വദേശിനിക്കും ഇവരുടെ അഭിഭാഷകൻ ഉൾപ്പെടെ മൂന്നു സുഹൃത്തുക്കൾക്കും എതിരെയാണു നടൻ ഉണ്ണി മുകുന്ദന്റെ പരാതി. ആരോപണ വിധേയയായ യുവതി ആവശ്യപ്പെട്ടത് അനുസരിച്ച് ചേരാനെല്ലൂരിലെ ഒരു ഫ്ലാറ്റിൽ കഴിഞ്ഞ മാസം തിരക്കഥയുടെ ചർച്ചയ്ക്കായി ഉണ്ണി മുകുന്ദൻ പോയിരുന്നു. കഥ ഇഷ്ടപെടാത്തതിനാൽ അഭിനയിക്കാൻ താൽപര്യമില്ലെന്ന് യുവതിയെ നടൻ അറിയിക്കുകയും ചെയ്തു.എന്നാൽ പിന്നീട് ഒരുതവണ നേരിട്ടും പലതവണ ഫോണിലും വിളിച്ച് ബ്ലാക്ക് മെയിൽ ചെയ്തുവെന്നും ഭീമമായ തുക ആവശ്യപ്പെട്ടെന്നുമാണ് ഉണ്ണി മുകുന്ദൻ പൊലീസിന് നൽകിയ പരാതിയിൽ പറയുന്നത്. ഒറ്റപ്പാലത്ത് സ്ഥിരതാമസമാക്കിയ ഉണ്ണി മുകുന്ദൻ ഒറ്റപ്പാലം സിഐയ്ക്കാണ് പരാതി നൽകിയത്. ആ പരാതിയാണ് അന്വേഷണത്തിനായി ചേരാനെല്ലൂർ എസ്ഐയ്ക്ക് കൈമാറിയത്.