എന്റെ ഭാഗത്തും തെറ്റ്, മാപ്പ്: പൊതുവേദിയിൽ കണ്ണുനിറഞ്ഞ് വികാരഭരിതനായി ചിമ്പു

തമിഴ്സിനിമാലോകത്തെ വിവാദങ്ങളുടെ തോഴനാണ് നടൻ ചിമ്പു. എഎഎ എന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ടും ചിമ്പു വിവാദത്തിൽപ്പെട്ടിരുന്നു. നിർമാതാവാണ് ചിമ്പുവിനെതിരെ വിമർശനവുമായി രംഗത്ത് എത്തിയത്. ചിമ്പുതന്നെ കുത്തുപാളയെടുപ്പിച്ചു, തെരുവിലിറക്കി എന്നായിരുന്നു നിർമാതാവ് മൈക്കിള്‍ രായപ്പന്റെ വെളിപ്പെടുത്തൽ. ഡബ്ബിംഗില്‍ പോലും ചിമ്പു ഗുരുതരമായ വീഴ്ച്ചകള്‍ വരുത്തിയെന്നുമായിരുന്നു മൈക്കിളിന്റെ ആരോപണം

എഎഎയുടെ പരാജയത്തില്‍ തനിക്ക് സങ്കടമൊന്നുമില്ല. പക്ഷെ, സിനിമയുടെ ചിത്രീകരണ സമയത്തോ റിലീസ് സമയത്തോ അതിന് ശേഷമോ പറയാത്തൊരു കാര്യം ആറു മാസത്തിന് ശേഷം പറയുമ്പോള്‍ ചെറിയ സങ്കടമുണ്ട്. എന്റെ ഭാഗത്തു തെറ്റുണ്ടാകും, ഇല്ലാതെ ആരും വെറുതെ എന്തെങ്കിലും പറയില്ലല്ലോ? ഞാൻ എങ്ങനെയാണെന്ന് നിങ്ങൾക്കെല്ലാം അറിയാം. ഞാനൊരു പ്രണയത്തിലകപ്പെട്ടാൽ പോലും ആരാധകരെ അറിയിക്കാറുണ്ട്. എനിക്കെതിരെ ഉയർന്നുവന്ന ഈ വിവാദത്തിൽ എനിക്ക് വിഷമമുണ്ട്. എന്റെ ഭാഗത്ത്‌നിന്ന് എന്തെങ്കിലും തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കിൽ പൊതുവേദിയിൽ തന്നെ ഞാന്‍ മാപ്പ് ചോദിക്കുന്നു. ഞാന്‍ അത്ര നല്ലവനാണെന്നൊന്നും ഞാന്‍ പറയുന്നില്ല. എന്റെ ഭാഗത്തും ചെറിയ തെറ്റുകള്‍ സംഭവിച്ചിട്ടുണ്ട്. ഇവരൊക്കെ പറയുന്നത് എനിക്ക് അഭിനയിക്കാനെന്തോ ബുദ്ധിമുട്ടുണ്ടെന്നാണ്. പക്ഷെ മണിരത്‌നം സര്‍ പറയുന്നത് ഞാനാണ് അടുത്ത പടത്തില്‍ എന്നാണ്. ചെലപ്പോള്‍ അദ്ദേഹവും നിങ്ങളെ പോലെ എന്റെ ഫാനായിരിക്കും.’ – ചിമ്പു പറഞ്ഞു.

സന്താനം നായകനായി എത്തുന്ന സക്കാ പോട് പോട് എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ചടങ്ങിലാണ് ചിമ്പു വികാരഭരിതനായി സംസാരിച്ചത്. ഈ ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് ചിമ്പുവാണ്.