നമ്മളെന്തേ നല്ല സിനിമയുടെ കൂടെനില്‍ക്കാത്തത്..?

ഗോവയില്‍ ആഘോഷപൂര്‍വം തന്നെ തിരയുല്‍സവത്തിന് കൊടിയേറി. സിനിമകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ തന്നെ കൂച്ചുവിലങ്ങിട്ട കാലത്ത് എല്ലാ മുഖ്യധാരാ സിനിമക്കാരും പങ്കെടുത്ത ആവേശത്തോടെയുള്ള തുടക്കം. എവിടെപ്പോയി നമ്മുടെ പ്രതിഷേധം എന്ന ചോദ്യം ന്യായമായും ഉയരേണ്ട സന്ദര്‍ഭം. ഒന്നായൊരു ശബ്ജമുയര്‍ത്താന്‍ എന്തുകൊണ്ടാണ് നമ്മുടെ ചലച്ചിത്ര ലോകത്തിന് പറ്റാത്തത്. പ്രേക്ഷകര്‍ അഥവാ കാഴ്ചക്കാര്‍ പിന്നെയും പിന്നെയും ചെന്ന് സര്‍ക്കാര്‍ മേളകള്‍ക്ക് കയ്യടിച്ചിരിക്കുന്നത് എന്തുകൊണ്ടാണ്..?

റോട്ടര്‍ഡാം രാജ്യന്തര ചലച്ചിത്രമേളയില്‍ മികച്ച ചിത്രമായി തിരഞ്ഞെടുത്ത സനല്‍കുമാര്‍ ശശിധരന്റെ സെക്സിദുര്‍ഗ അതിക്രൂരമായാണ് ക്രൂശിക്കപ്പെട്ടത്. ഹിന്ദുസ്വാഭിമാന്‍ സംഘ് എന്ന സംഘടനയാണ് പുരസ്കാരമെല്ലാമേറ്റി തിരിച്ചെത്തുമ്പോള്‍  സനല്‍കുമാര്‍ ശശിധരനെന്ന സംവിധായകനെ ഭാരതീയ സംസ്കാരമെന്തെന്ന് പഠിപ്പിക്കാമെന്ന് പ്രഖ്യാപിച്ചെത്തിയത്. പുരസ്കാരത്തിന്റെ വലുപ്പം വച്ചുനോക്കിയാല്‍ പരവതാനി വിരിച്ച് വരവേല്‍ക്കേണ്ടതായിരുന്നുവെങ്കിലും പടകൂട്ടി പഞ്ഞിക്കിടാനാണ് ആലോചനകളുണ്ടായത്. തീരുന്നില്ല, ഐ.എഫ്.എഫ്.ഐയിലേക്ക് ഇന്ത്യന്‍ പനോരമ തിരഞ്ഞെടുത്ത ചിത്രത്തെ ഐ ആന്‍ഡ് ബി മന്ത്രാലയം അവസാനലിസ്റ്റില്‍ നിന്ന് വെട്ടിമാറ്റുകയും ചെയ്തു. ഹിന്ദുത്വ ഫാസിസ്റ്റ് ശക്തികള്‍ എന്താണോ ആഗ്രഹിച്ചത് അതിനെ അതുപോലെ പ്രാവര്‍ത്തികമാക്കുകയായിരുന്നു സ്മൃതി ഇറാനിയുടെ ഓഫിസ്. മറാത്തി ചിത്രമായ നൂഡും സമാനമായി കശാപ്പ് ചെയ്യപ്പെട്ടു. പ്രമുഖസംവിധായകന്‍ സുജോയ്ഘോഷിന്റെ നേതൃത്വത്തിലുള്ള 13 അംഗജൂറിയുടെ 21 അംഗ പട്ടികയില്‍ നിന്നാണ് സംഘപരിവാര്‍ സംഘടനകളുടെ വിമര്‍ശനത്തെ മുന്‍നിര്‍ത്തി ഉള്ളടക്കമെന്തെന്ന് പോലും പരിശോധിക്കാതെ മതിയായ വിശദീകരണം പോലും നല്‍കാതെ ഈ ചിത്രങ്ങളെ വെട്ടിമാറ്റിയത്. നൂഡ് ഉദ്ഘാടനചിത്രമായി പരിഗണിക്കപ്പെട്ട ചിത്രമായിരുന്നുവെന്നതും കൂടി ചേര്‍ത്തുവായിക്കുമ്പോള്‍ മുറിച്ചുമാറ്റപ്പെടുന്നതിന് പിന്നില്‍ മുറവിളികള്‍ മാത്രമെന്ന് ആര്‍ക്കും ഊഹിക്കാം. 

സ്വതാല്‍പര്യങ്ങളുടെ നടത്തിപ്പാഘോഷം

തങ്ങളുടെ ചിന്തകളെ, ഭാവനകളെ മാത്രം ആവിഷ്കരിച്ചാല്‍ മതിയെന്ന നിര്‍ബന്ധത്തിന്റെ നടത്തിപ്പാഘോഷമാണ് ഈ രാജ്യത്ത് ഇപ്പോള്‍ അരങ്ങേറുന്നത്. അതിനപ്പുറം ഒരു മതാചാര പരിപാലന പരിപാടിയുമല്ല. പാക് താരങ്ങളെ അഭിനയിപ്പിച്ച കരണ്‍ ജോഹറും ദേശീയഗാനം തീയേറ്ററുകളിലോ എന്ന് ചോദിച്ച കമലും ജി.എസ്.ടി വിനയായില്ലേയെന്ന് വിളിച്ചുപറഞ്ഞ വിജയിയും തെക്കും വടക്കുമുള്ളവരെ തേടിപ്പിടിച്ച് പേടിപ്പിക്കുന്നത് കാവിക്കടത്തിന് വേണ്ടി തന്നെയാണ്. അപ്പോള്‍ പ്രതിരോധം ദുര്‍ബലമാകുകയേ ചെയ്യരുത്. സെക്സി ദുര്‍ഗക്കൊപ്പം തഴയപ്പെട്ട നൂഡിന് വേണ്ടി മറാത്തികളൊന്നായി ഐഎഫ്എഫ്ഐ ബഹിഷ്കരിക്കുന്നുവെന്ന് സനല്‍കുമാര്‍ ശശിധരന് ഫെയ്സ്ബുക്കിലൂടെ പങ്കുവക്കേണ്ടി വരുന്നത് ഒറ്റക്ക് പ്രതിരോധമുയര്‍ത്തേണ്ടി വരുമ്പോഴാണ്. 

നല്ല സിനിമയുടെ നവവഴി വെട്ടിയെത്തുമ്പോള്‍ നമ്മളെന്തേ കൂടെനില്‍ക്കാത്തത് എന്ന് തന്നെയാണ് സനല്‍ ചോദിക്കുന്നത്. ചില ചെറുപ്പക്കാരുടെ സംയുക്തപ്രസ്താവനക്കപ്പുറം ഒരു സമരമുഖം തുറക്കാന്‍ ആരുംതന്നെ തയാറാകുന്നില്ല. മെര്‍സല്‍ വിവാദം കത്തിയപ്പോള്‍ നടന്‍ വിജയിയുടെ മതം തിരഞ്ഞ് ജോസഫ് വിജയ് ഇതിലപ്പുറവും പറയുമെന്ന്  മുറവിളിക്കൂട്ടിയവര്‍ക്ക് യേശുരക്ഷിക്കുന്നുവെന്ന് കുറിച്ച ലെറ്റര്‍ പാഡില്‍  മറുപടി നല്‍കിയ താരമാണ് വിജയ്. തമിഴനെന്ത് രാഷ്ട്രീയം എന്ന് നാം പരിഹസിക്കുമ്പോഴാണ് കമല്‍ഹാസനും ചിമ്പുവുമെല്ലാം മുഖത്തടിക്കുന്ന രാഷ്ട്രീയം പറഞ്ഞ് ഈ ദേശസ്നേഹികളെ നേരിടുന്നത്. പ്രകാശ് രാജ് ഗൗരി ലങ്കേഷിനെ കാണാനിറങ്ങുമ്പോള്‍, കമല്‍ ആരാധകരെ കണ്ട് രാഷ്ട്രീയം പറയുമ്പോള്‍ നമ്മുടെ സിനിമ ജനപ്രിയനാകരെ രക്ഷിച്ചെടുക്കുന്ന ആലോചനകളില്‍ മയങ്ങുകയാണ്. ഐഎഫ്എഫ്കെയില്‍ നിന്ന് പോലും സനല്‍കുമാര്‍ ശശിധരന്‍റെ ചിത്രത്തിന് ഒഴിഞ്ഞുപോകേണ്ടിവന്നെന്നതും ഈ മുഖ്യധാരാമൗനത്തിനൊപ്പം തന്നെ കാണേണ്ടതാണ്.   

ആള്‍ക്കൂട്ട വിചാരങ്ങള്‍, വിചാരണകള്‍

ഒരു സിനിമ എന്തുപറയണം? അത് തീരുമാനിക്കപ്പെടുന്നത് എവിടെനിന്നാണ്? ലളിതമാണ് ഉത്തരം. അത് അതുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവരുടെ കൂടിയാലോചനകളില്‍ കെട്ടഴിഞ്ഞുവരുന്നതാണ്. സെന്‍സര്‍ ബോര്‍ഡ് ഓഫീസിന്റെ വട്ടമേശയിലെ വെട്ടിമാറ്റലുകള്‍ക്കപ്പുറം സമ്പാദ്യമെടുത്ത് സമയം നല്‍കി തീയേറ്ററില്‍ എത്തുന്ന പ്രേക്ഷകന് പോലും ഇത് എന്നെ തൃപ്തിപ്പെടുത്തുന്നില്ലെന്ന് പരിഭവപ്പെടാമെന്നല്ലാതെ പരാതി പറയാന്‍ ഒരു പരിധിക്കപ്പറും പറ്റില്ല.  എന്നാല്‍ ഇന്ന് അതാണോ സ്ഥിതി? സിനിമ കാണാന്‍ കാത്തുനില്‍ക്കാന്‍ പോലും ക്ഷമയില്ലാത്ത ആള്‍ക്കൂട്ടത്തിന്റെ വിചാരങ്ങളെ, വിചാരണകളെ, അവരേല്‍പ്പിക്കുന്ന ആഴത്തിലുള്ള പരുക്കകളെ സിനിമാപ്രവര്‍ത്തകര്‍ക്ക് പേറേണ്ടി വരുന്നു. ആലോചനകളേതുമില്ലാതെ വ്യവസ്ഥിതികളും അതിന് ഒപ്പം നില്‍ക്കുന്നു.   

പത്മാവതിയെ ചൊല്ലിയുള്ള കോലാഹലങ്ങള്‍ അനന്തമായി നീളുകയാണ്. ഇക്കുറി വ്രണപ്പെടുന്നത് ക്ഷത്രിയവംശത്തിന്റെ വികാരങ്ങളാണ്. ചിത്രത്തില്‍ റാണി പത്മിനിയും അലാവുദ്ദീന്‍ ഖില്‍ജിയും തമ്മിലുള്ള പ്രണയരംഗങ്ങളുണ്ടെന്നും അത് അവഹേളനമാണെന്നുമുള്ള വാദങ്ങള്‍ മുന്‍നിര്‍ത്തിയാണ് സിനിമയും സിനിമാപ്രവര്‍ത്തകരും വേട്ടയാടപ്പെടുന്നത്. രജപുത്രകര്‍ണിസേനയാണ് മുന്നില്‍. സെറ്റ് തീവച്ച് നശിപ്പിക്കുകയും സംവിധായകനെ കയ്യേറ്റം ചെയ്യുകയും ചെയ്തത് അതിന്‍റെ ആദ്യപടി.  

എന്നാല്‍ കേട്ടുകഥകളെ കെട്ടിയെഴുന്നള്ളിച്ച് വരുന്നവരോട് മറുപടിയില്ലെന്നും ഞങ്ങള്‍ക്ക്, അല്ല ഏതൊരു സിനിമാപ്രവര്‍ത്തകര്‍ക്കും സെന്‍സര്‍ ബോര്‍ഡിന് മാത്രം മറുപടി നല്‍കിയാല്‍ മതിയെന്നും കിട്ടിയ വേദികളിലെല്ലാം വിളിച്ചുപറഞ്ഞ് സിനിമ ചിത്രീകരണം പൂര്‍‌ത്തിയാക്കി. അപ്പോള്‍ റിലീസ് തടയണമെന്നതായി പ്രതി·ഷേധക്കാരുടെ ആവശ്യം. തലയെടുക്കല്‍ പ്രസംഗങ്ങളിലൂടെ വഴിതടയില്‍ പ്രഖ്യാപനങ്ങളിലൂടെ അവരത്  സജീവമായി നിര്‍ത്തുന്നുണ്ട്. 

എഴുത്തും തിരയെഴുത്തുമെല്ലാം  മുറിപ്പെടുത്തുന്നുണ്ടെന്നുപറഞ്ഞ്  ആള്‍ക്കൂട്ടമിങ്ങനെ ഇറങ്ങുന്നതൊന്നും പുതിയ കാഴ്ചകളേയല്ല. എന്നാല്‍ ഹിന്ദുത്വത്തില്‍ അധിഷ്ഠിതമായ ഒരു രാഷ്ട്രീയ സദാചാര ബോധം കലയെ സസൂക്ഷ്മം നിരീക്ഷിച്ച് പിന്തുടരുന്നതാണ് കാണുന്നത്. അതേ ആശയധാരകളെ താലോലിക്കുന്ന ഭരണവര്‍ഗത്തിന്റെ ആശീര്‍വാദങ്ങള്‍ അവരുടെ ആര്‍ജവമേറ്റുന്നുവെന്നതും സെന്‍സര്‍ബോര്‍ഡുപോലുള്ള സ്ഥാപനങ്ങള്‍ അതിനെ അതേപടി തലയിലേറ്റുന്നുവെന്നതും കാണാതെപോകരുത്.