ദുൽക്കർ നായകനായി എത്തിയ സോളോ സിനിമയുടെ ക്ലൈമാക്സ് മാറ്റി. നാല് ചിത്രങ്ങളിലെ അവസാന ചിത്രത്തിന്റെ ക്ലൈമാക്സ് ആണ് എഡിറ്റ് ചെയ്ത് മാറ്റങ്ങൾ വരുത്തിയിരിക്കുന്നത്. നാല് ചിത്രങ്ങളുടെ ആന്തോളജിയാണ് ചിത്രം. വേൾഡ് ഓഫ് രുദ്ര, വേൾഡ് ഓഫ് ശിവ, വേൾഡ് ഓഫ് ശേഖർ, വേൾഡ് ഓഫ് ത്രിലോക് എന്നിങ്ങനെ നാല് കഥകളാണ് ചിത്രം പറയുന്നത്. ഇതിൽ രുദ്രയുടെ ക്ലൈമാക്സ് ആണ് റിഎഡിറ്റ് ചെയ്ത് പുറത്തുവന്നിരിക്കുന്നത്.
ആദ്യ മൂന്നുചിത്രങ്ങൾക്കും മികച്ച അഭിപ്രായം ലഭിച്ചിരുന്നുവെങ്കിലും അവസാനസിനിമയുടെ ക്ലൈമാക്സിൽ കല്ലുകടിയുണ്ടെന്ന് പ്രേക്ഷകർ ആദ്യദിനം തന്നെ അഭിപ്രായപ്പെട്ടിരുന്നു. ഇതേതുടർന്നാണ് ക്ലൈമാക്സിൽ മാറ്റംവരുത്താൻ അണിയറപ്രവർത്തകർ തീരുമാനിച്ചത്.
തുടക്കത്തിൽ സമ്മിശ്രപ്രതികരണം നേടിയ ചിത്രത്തിന്റെ ക്ലൈമാക്സ് മാറ്റിയതോടെ പ്രേക്ഷകർ ഇരുകയ്യും നീട്ടി ചിത്രം സ്വീകരിച്ച് കഴിഞ്ഞു. ബോളിവുഡില്‍ പ്രമുഖ ചിത്രങ്ങളൊരുക്കിയ മലയാളി സംവിധായകന്‍ ബിജോയ് നമ്പ്യാരുടെ ആദ്യ മലയാളചിത്രമാണ് "സോളോ". കേരളത്തിൽ മാത്രം 225 കേന്ദ്രങ്ങളിൽ റിലീസിനെത്തിയ ചിത്രത്തിന് ആദ്യദിനം റെക്കോർഡ് കലക്ഷനാണ് ലഭിച്ചത്. ആദ്യ അഞ്ചു കളക്ഷൻ റെക്കോർഡ് സ്ഥാനങ്ങളിൽ ചിത്രം ഇടംപിടിച്ചിരുന്നു.