ഒരു പവൻ വാങ്ങാൻ അരലക്ഷവും മതിയാകില്ല; പൊള്ളുന്ന വിലയിൽ പൊന്ന്; കാരണമറിയാം

INDIA-GOLD-PRICES/
SHARE

ഇന്ത്യയിൽ ഓരോവർഷവും വാങ്ങുന്ന സ്വർണത്തിന്റെ പകുതിയും വിവാഹ ആവശ്യങ്ങൾക്കാണ്. അതുകൊണ്ടുതന്നെ വിവാഹ സീസണിലും ആഘോഷങ്ങളിലും വലിയ വാങ്ങലും വില വർധനയും കാണാം. എന്നാൽ ഇപ്പോൾ സീസൺ കഴിഞ്ഞിട്ടും രാജ്യത്ത് സ്വർണ വില കുതിക്കുകയാണ്. കേരളത്തിൽ ഒരാഴ്ച്യ്ക്കിടെ വർധിച്ചത് പവന് 1,600 രൂപ. മാർച്ച് ഒന്നിനുശേഷം 2,520 രൂപയുടെ വർധനയാണ് ആഭ്യന്തര വിപണിയിലുണ്ടായത്. മാർച്ച് അഞ്ച് മുതൽ ഓരോ ദിവസവും സ്വർണ വില റെക്കോർഡ് ഭേദിച്ച് മുന്നേറുകയാണ്. ശനിയാഴ്ച പവന് 200 രൂപ കൂടിയതോടെ പവന് 48,600 രൂപയായി.

GOLD-INDIA/DEMAND

സ്വർണ വിലയെ സ്വാധീനിച്ചവ

ഇന്ത്യയടക്കം ലോകത്തിലെ എല്ലാ വിപണികളിലെയും സ്വർണ വിലയുടെ മാനദണ്ഡം ആഗോള വിലയാണ്. ആഗോള വിപണിയിലെ വില വർധനവ് തന്നെയാണ് കഴിഞ്ഞയാഴ്ച കേരളത്തിലടക്കം സ്വർണവിലയെ സ്വാധീനിച്ചത്. ആ​ഗോള വിപണിയിൽ സ്‌പോട്ട് ഗോൾഡ് റാലി തുടരുകയാണ്. 4.60 ശതമാനം പ്രതിവാര നേട്ടത്തോടെ 2,179 ഡോളറിലാണ് സ്വർണം വ്യാപാരം അവസാനിപ്പിച്ചത്. വെള്ളിയാഴ്ച വ്യാപാരത്തിനിടെ സ്വർണ വില 2,195 ഡോളറിലെത്തി പുതിയ റെക്കോർഡും കുറിച്ചിരുന്നു. യുഎസ് ഫെഡറൽ റിസർവ് ജൂണിൽ പലിശ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷ വർധിച്ചതും കേന്ദ്ര ബാങ്കുകൾ സ്വർണം വാങ്ങിക്കൂട്ടുന്നത് തുടരുന്നതും കാരണം ഡിമാൻ്റ് വർധിപ്പിച്ചു. പ്രതികൂല ആഗോള സാഹചര്യങ്ങളിൽ സുരക്ഷിത നിക്ഷേപമായി സ്വർണത്തെ കാണുന്നവരുടെ എണ്ണം വർധിച്ചതുാണ് വിലയും ആവശ്യവും കൂടാനുള്ള മറ്റൊരു ഘടകം.

പലിശ കുറഞ്ഞാൽ സ്വർണ വില ഉയരുമോ?

ഇപ്പോൾ 23 വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് അമേരിക്കയിലെ പലിശ നിരക്ക്. പലിശ നിരക്ക് സ്വർണത്തെ നേരിട്ട് സ്വാധീനിക്കില്ലെങ്കിലും ഡോളറിനെ ബാധിക്കും. ഡോളർ സൂചികയും സ്വർണത്തിൻ്റെ വിലയും വിപരീത ദിശയിലാണ് പോകുന്നത്. ഡോളർ ദുർബലമാകുമ്പോൾ സ്വർണ വില ഉയരും.തിരിച്ചും. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ ഡോളർ സൂചിക 1.08 ശതമാനമാണ് ഇടിഞ്ഞത്. മാർച്ച് ഒന്നിന് 104.13ലായിരുന്ന ഡോളർ സൂചിക വെള്ളിയാഴ്ച ക്ലോസ് ചെയ്തത് 102.74 ലാണ്. ഇതിന് പുറമെ പലിശ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷയിൽ ബോണ്ട് യീൽഡും കുറഞ്ഞതിനാൽ നിക്ഷേപക ശ്രദ്ധ മുഴുവൻ സ്വർണത്തിലായി.

INDIA-RELIGION-FESTIVAL-GOLD-FILES

കേന്ദ്ര ബാങ്കുകളുടെ വാങ്ങൽ

വേൾഡ് ഗോൾഡ് കൗൺസിലിൻ്റെ കണക്കനുസരിച്ച് കഴിഞ്ഞ വർഷത്തെ മൊത്തം സ്വർണ ഡിമാൻഡ് റെക്കോർഡിനരികിലെത്തി. ഈ വർഷവും ഇതേ അവസ്ഥ തുടരുമെന്നാണ് അനുമാനം. കഴിഞ്ഞ വർഷം 1,037 ടൺ സ്വർണമാണ് വിവിധ കേന്ദ്ര ബാങ്കുകൾ വാങ്ങിയത്. 2022 ലെ റെക്കോർഡിനേക്കാൾ വെറും 45 ടൺ കുറവാണ് ഈ കണക്ക്. കഴിഞ്ഞ വർഷത്തെ മൊത്തം ഉപഭോ​ഗം 3 ശതമാനം ഉയർന്ന് 4,899 ടൺ ആയി. 2010 ന് ശേഷമുള്ള ഏറ്റവും ഉയർന്ന കണക്കാണിത്.

യുദ്ധവും അസ്ഥിരതയും

രാഷ്ട്രീയവും സാമ്പത്തികവുമായ അനിശ്ചിതത്വം തുടരുന്ന സമയത്ത് സ്വർണത്തിന് സുരക്ഷിത നിക്ഷേപമെന്ന പരി​ഗണനയുണ്ട്. മധ്യേഷയിൽ ഇസ്രയേൽ-ഹമാസ് ഏറ്റുമുട്ടലും യുക്രൈൻ യുദ്ധവും തുടരുന്ന പശ്ചാത്തലത്തിൽ സ്വർണത്തിൻ്റെ ഡിമാൻ്റ് വൻതോതിൽ വർധിച്ചു. ഇസ്രയേൽ-ഹമാസ് സംഘർഷം ആരംഭിച്ച ശേഷം ഔൺസിന് 300 ഡോളറിലധികമാണ് വർധിച്ചത്.

gold-jewellery

ഒരു പവൻ വാങ്ങാൻ അര ലക്ഷം പോരാ

കാരണം എന്തായാലും സാധാരണക്കാരന് സ്വർണം അപ്രാപ്യമാകുന്ന രീതിയിലാണ് കാര്യങ്ങളുട പോക്ക്. ഒരു പവൻ വാങ്ങാൻ അര ലക്ഷത്തിന് മുകളിൽ ചെലവാക്കേണ്ട അവസ്ഥയാണ് ഇപ്പോൾ. ശനിയാഴ്ച വിലയായ 48,600 രൂപയ്ക്ക് ഒരു പവൻ സ്വർണം വാങ്ങാൻ പോകുന്നയാൾ പത്ത് ശതമാനം പണിക്കൂലി കൂടി ചേരുമ്പോൾ ഏകദേശം 55,063 രൂപ നൽകേണ്ടി വരും.

അടുത്തയാഴ്ച നിർണായകം

വരാനിരിക്കുന്ന ഉപഭോക്തൃ വില സൂചിക, പ്രൊഡ്യൂസർ പ്രൈസ് ഇൻഡക്സ് റിപ്പോർട്ടുകൾ സ്വർണ വിലയെ സ്വാധീനിച്ചേക്കാം. ഉയർന്ന ഉപഭോക്തൃ വില സൂചിക, പ്രൊഡ്യൂസർ പ്രൈസ് ഇൻഡക്സ് എന്നിവ പണപ്പെരുപ്പത്തിൻ്റെ സൂചന നൽകും. പണപ്പെരുപ്പം കുറയുകയാണെങ്കിൽ പലിശനിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷ ശക്തിപ്പെടും. ഇത് സ്വർണ വിലയെ മുന്നോട്ട് നയിക്കും

MORE IN BUSINESS
SHOW MORE