ബജറ്റിൽ ഇറക്കുമതി തീരുവ കുറച്ചതിൻ്റെ ഫലമായി സ്വർണ വിലയിൽ വീണ്ടും ഇടിവ്. പവന് 760 രൂപ കുറഞ്ഞ് 51,200 രൂപയാണ് വ്യാഴാഴ്ചയിലെ വില. ഗ്രാമിന് 95 രൂപ കുറഞ്ഞ് 6,400 രൂപയിലാണ് ഒരു ഗ്രാം സ്വർണം വ്യാപാരം നടക്കുന്നത്. കേന്ദ്ര ബജറ്റിന് പിന്നാലെ ചൊവ്വാഴ്ച ഒരു പവൻ സ്വർണത്തിന് ഒറ്റയടിക്ക് 2000 രൂപ കുറഞ്ഞിരുന്നു. ഇതോടെ ബജറ്റ് ഇഫക്ടില്‍ ഇതുവരെ 2,760 രൂപ പവന് കുറഞ്ഞു.
ബജറ്റ് ദിവസമായ ചൊവ്വാഴ്ച രാവിലെയും വൈകീട്ടുമായാണ് 2,000 രൂപ പവന് കുറഞ്ഞത്. ബുധനാഴ്ച മാറ്റമില്ലാതെ തുടര്‍ന്ന ശേഷമാണ് ഇന്ന് 760 രൂപ കുറഞ്ഞത്. ഇതോടെ മാസത്തിലെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്കും സ്വര്‍ണ വില എത്തി. ബജറ്റില്‍ സ്വര്‍ണത്തിന്‍റെ ഇറക്കുമതി തീരുവ കുറച്ചതാണ് വില കുറയാന്‍ കാരണം.
സ്വർണത്തിനും വെള്ളിക്കുമുള്ള ഇറക്കുമതി തീരുവ 6 ശതമാനമാക്കിയാണ് കുറച്ചത്. നിലവിൽ വിവിധ നികുതികൾ ചേർന്ന് 15 ശതമാനം നികുതിയാണ് സ്വർണവും വെള്ളിയും ഇറക്കുമതി ചെയ്യാൻ നൽകേണ്ടത്. ഇതിൽ 10 ശതമാനം കസ്റ്റംസ് ഡ്യൂട്ടിയും 5 ശതമാനം അഗ്രികൾച്ചറൽ ഇൻഫ്രാസ്ട്രക്ചർ ഡെലവപ്മെൻറ് സെസുമാണ്. സ്വർണത്തിന്റെയും വെള്ളിയുടെയും ഇറക്കുമതി നികുതി 15 ശതമാനത്തിൽ നിന്നും ആറ് ശതമാനമായാണ് കുറച്ചത്. കസ്റ്റംസ് ഡ്യൂട്ടി 10 ശതമാനത്തിൽ നിന്നും 5 ശതമാനമായും അഗ്രികൾച്ചറൽ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് സെസ് 5 ശതമാനത്തിൽ നിന്നും 1 ശതമാനമായും കുറച്ചു.