interim-budget-new-31

ധനമന്ത്രി നിര്‍മല സീതാരാമന്‍റെ ബജറ്റവതരണത്തിന് ഇനി മണിക്കൂറുകള്‍ മാത്രം. ഇത്തവണ ഇടക്കാല ബജറ്റാണ് ധനമന്ത്രി അവതരിപ്പിക്കുന്നത്. 2019ല്‍ പിയൂഷ് ഗോയലാണ് ഇതിന് മുന്‍പ് ഇടക്കാല ബജറ്റ് അവതരിപ്പിച്ചത്. എന്താണ് ഇടക്കാല ബജറ്റ്? സമ്പൂര്‍ണ ബജറ്റ് അവതരിപ്പിക്കാത്തതിന് കാരണമെന്താണ്?

 

ഇടക്കാല ബജറ്റ്

പൊതു തിരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ സര്‍ക്കാര്‍ അവതരിപ്പിക്കുന്ന ബജറ്റാണ് ഇടക്കാല ബജറ്റ്. പുതിയ സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നത് വരെയുള്ള കാലയളവില്‍ പ്രതീക്ഷിക്കാവുന്ന വരവും ചെലവുമാണ് ബജറ്റിലുണ്ടാവുക. പുതിയ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം സമ്പൂര്‍ണ ബജറ്റവതരിപ്പിക്കും.

ബജറ്റും ഇടക്കാല ബജറ്റും തമ്മിലുള്ള വ്യത്യാസം?

ഒരു സാമ്പത്തിക വര്‍ഷത്തിലെ ചെലവുകളും വരവുകളും വിശദമാക്കുന്ന ധനകാര്യ പ്രസ്താവനയാണ് ബജറ്റ്. വരവുചെലവ് കണക്കിനുപുറമെ വിവിധ പദ്ധതികള്‍ക്കുള്ള വകയിരുത്തലും നയപ്രഖ്യാപനങ്ങളും സമ്പൂര്‍ണ ബജറ്റിലുണ്ടാകും. വരുന്ന സാമ്പത്തിക വര്‍ഷത്തേക്കുള്ള സര്‍ക്കാരിന്റെ പ്രവര്‍ത്തനരേഖയായും സമ്പൂര്‍ണ ബജറ്റിനെ കാണാം. എന്നാല്‍ ഇടക്കാല ബജറ്റ് അധികാരത്തിലുള്ള സര്‍ക്കാരില്‍ നിന്ന് പുതിയ സര്‍ക്കാരിലേക്ക് ഭരണം കൈമാറ്റം ചെയ്യപ്പടുന്നതുവരെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ സുഗമമായി നടന്നു പോകുന്നതിനാവശ്യമായ കൈമാറ്റ രേഖ മാത്രമാണ്. സമ്പൂര്‍ണ ബജറ്റിന് മുന്‍പുള്ള സാമ്പത്തിക സര്‍വേ പ്രഖ്യാപനം ഇടക്കാല ബജറ്റിന് മുന്‍പ് ഉണ്ടാകില്ല. അതേസമയം, സമ്പൂര്‍ണ ബജറ്റ് അവതരിപ്പിക്കുമ്പോഴുള്ള എല്ലാ ചിട്ടവട്ടങ്ങളും പാലിച്ച് തന്നെയാണ് ഇടക്കാല ബജറ്റിനും തയ്യാറെടുപ്പുകള്‍ നടത്തുന്നത്.

ഇടക്കാല ബജറ്റില്‍ എന്തൊക്കെ?

വരവ്, ചെലവ്, ധനകമ്മി, സാമ്പത്തിക പ്രകടനം, അടുത്ത മാസങ്ങളിലേക്കുള്ള നീക്കിയിരിപ്പുകള്‍ എന്നിവയാകും ഇടക്കാല ബജറ്റില്‍ ഉണ്ടാവുക. വലിയ നയപ്രഖ്യാപനങ്ങള്‍ ഉണ്ടാവില്ല. വോട്ടര്‍മാരെ സ്വാധീനിക്കുന്ന നീക്കങ്ങള്‍ തടയാന്‍ ലക്ഷ്യമിട്ടാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഇടക്കാല ബജറ്റില്‍ വലിയ പ്രഖ്യാപനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുള്ളത്. ഇതനുസരിച്ച് നയംമാറ്റങ്ങള്‍ പ്രഖ്യാപിക്കാനും അനുവാദമുണ്ടാവില്ല. പുതിയ സര്‍ക്കാരിന് ബുദ്ധിമുട്ടുണ്ടാക്കാതിരിക്കുക എന്ന ലക്ഷ്യം കൂടി ഈ നിയന്ത്രണത്തിന് പിന്നിലുണ്ട്.

വോട്ട് ഓണ്‍ അക്കൗണ്ട്

ഇടക്കാല ബജറ്റ് വോട്ട് ഓണ്‍ അക്കൗണ്ടായാണ് പാര്‍ലമെന്‍റ് ബജറ്റ് പാസാക്കുക. ഇതുവഴി ശമ്പളമടക്കം അത്യാവശ്യ കാര്യങ്ങള്‍ക്ക് തുക ചെലവഴിക്കാന്‍ സര്‍ക്കാരിന് കഴിയും. സാധാരണ വോട്ട് ഓണ്‍ അക്കൗണ്ടിന് രണ്ട് മാസമാണ് കാലാവധി. അത്യാവശ്യഘട്ടങ്ങളില്‍ ഇത് നീട്ടാം. കണ്‍സോളിഡേറ്റഡ് ഫണ്ടില്‍ നിന്നാണ് സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തിന് ആവശ്യമായ പണം ചെലവഴിക്കാന്‍ ഭരണഘടന അനുമതി നല്‍കുന്നത്.

ഇടക്കാല ബജറ്റിന്‍റെ ആവശ്യകത

ഭരണഘടനയില്‍ ഇതിന് പ്രത്യേക വ്യവസ്ഥയില്ല. തിരഞ്ഞെടുപ്പുകള്‍ക്ക് തൊട്ടുമുന്‍പുള്ള ബജറ്റ് ഇടക്കാല ബജറ്റായി അവതരിപ്പിക്കുന്നത് സാമ്പത്തികവും ഭരണപരവുമായ ഔചിത്യം മുന്‍നിര്‍ത്തിയാണ്. ഏപ്രില്‍–മേയ് കാലയളവില്‍ പൊതുതിരഞ്ഞെടുപ്പ് നടക്കുമെന്ന അനുമാനത്തിലാണ് ഇക്കുറി ഇടക്കാല ബജറ്റ് അവതരിപ്പിക്കുന്നത്. വ്യാഴാഴ്ച ധനമന്ത്രി അവതരിപ്പിക്കുന്ന ഇടക്കാല ബജറ്റ് മറ്റ് ബജറ്റുകള്‍ പോലെ ഏപ്രില്‍ ഒന്നിന് പ്രാബല്യത്തില്‍ വരും.

 

What is an Interim  Budget? how it is different from complete budget?