Budget-24

2016 വരെ ഇന്ത്യയില്‍ പൊതുബജറ്റ് അവതരിപ്പിച്ചിരുന്നത് ഫെബ്രുവരിയിലെ അവസാന പ്രവൃത്തിദിവസമായിരുന്നു. ബ്രിട്ടീഷ് ഭരണകാലത്ത് തുടങ്ങിയ കീഴ്‍വഴക്കം സ്വതന്ത്ര ഇന്ത്യയിലെ സര്‍ക്കാരുകളും തുടര്‍ന്നുപോന്നു. എന്നാല്‍ 2017ല്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി 92 വര്‍ഷത്തെ പതിവ് അവസാനിപ്പിച്ചു. ഫെബ്രുവരി ഒന്നിനാണ് അദ്ദേഹം ബജറ്റ് അവതരിപ്പിച്ചത്. പുതിയ സാമ്പത്തികവര്‍ഷം നടപ്പാക്കേണ്ട പദ്ധതികള്‍ തയാറാക്കാന്‍ സര്‍ക്കാരിന് സാവകാശം ലഭിക്കുന്നില്ല എന്നായിരുന്നു തീയതി നേരത്തേയാക്കാന്‍ ജെയ്റ്റ്ലി ചൂണ്ടിക്കാട്ടിയ വാദം. റെയില്‍വേ ബജറ്റ് പ്രത്യേകം അവതരിപ്പിക്കുന്ന പതിവും അതേവര്‍ഷം ജെയ്റ്റ്ലി അവസാനിപ്പിച്ചു. ഇതും ബ്രിട്ടീഷ് കാലം മുതലുള്ള രീതിയായിരുന്നു.

budget1

1998 വരെ കേന്ദ്രബജറ്റ് വൈകിട്ട് 5 മണിക്കാണ് അവതരിപ്പിച്ചിരുന്നത്. എന്നാല്‍ 1999ല്‍ വാജ്പേയ് സര്‍ക്കാരില്‍ ധനമന്ത്രിയായിരുന്ന യശ്വന്ത് സിന്‍ഹ ഈ രീതി അവസാനിപ്പിച്ചു. ബ്രിട്ടീഷ് കാലത്ത് ബ്രിട്ടണിലെ പ്രാദേശികസമയം കണക്കാക്കിയാണ് ഇന്ത്യയില്‍ ബജറ്റ് അവതരിപ്പിച്ചിരുന്നത്. ഇന്ത്യയില്‍ വൈകിട്ട് 5 മണി ആകുമ്പോള്‍ ബ്രിട്ടണില്‍ രാവിലെ 11.30 ആയിരിക്കും. വൈകിട്ട് ബജറ്റ് അവതരിപ്പിക്കുമ്പോള്‍ അതിന്മേലുള്ള ചര്‍ച്ചകള്‍ക്കും വിലയിരുത്തലുകള്‍ക്കും വേണ്ടത്ര സമയം ലഭിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് യശ്വന്ത് സിന്‍ഹ സമയമാറ്റം നിര്‍ദേശിച്ചത്. 1999 ഫെബ്രുവരി 27ന് സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായി രാവിലെ 11 മണിക്ക് സിന്‍ഹ ബജറ്റ് അവതരിപ്പിച്ചു. പിന്നീട് എല്ലാ ബജറ്റുകളും ഈ സമയം പിന്തുടര്‍ന്നു.

budget3

പൊതുബജറ്റ് നേരത്തേയാക്കിയതിനെ ചോദ്യം ചെയ്ത് സുപ്രീംകോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി എത്തിയിരുന്നു. സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ കേന്ദ്രം ജനപ്രിയ വാഗ്ദാനങ്ങള്‍ പ്രഖ്യാപിച്ച് വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിക്കുമെന്നായിരുന്നു ഹര്‍ജിയിലെ വാദം. എന്നാല്‍ കേന്ദ്രബജറ്റിന് സംസ്ഥാനങ്ങളുമായി ബന്ധമില്ലെന്ന് കോടതി നിലപാടെടുത്തു. ഹര്‍ജി തള്ളി.  

budget2

രണ്ടാം മോദി സര്‍ക്കാരിന്റെ അവസാന ബജറ്റാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കുന്നത്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം അനുസരിച്ച് നികുതി ഘടന മാറ്റാനോ സമ്പദ്ഘടനയെ സ്വാധീനിക്കുന്ന മറ്റ് നടപടികള്‍ക്ക് മുതിരാനോ പാടില്ല. അതുകൊണ്ടുതന്നെ വലിയ പ്രഖ്യാപനങ്ങള്‍ പൊതുബജറ്റില്‍ പ്രതീക്ഷിക്കുന്നില്ല.