സ്വിസ് സര്‍ക്കാരിന്റെ മിന്നല്‍ നീക്കം; ക്രെഡിറ്റ് സ്യൂസ് ഏറ്റെടുത്ത് യുബിഎസ്

 ഗുരുതര സാമ്പത്തിക പ്രതിസന്ധി നേരിട്ട സ്വിസ് ബാങ്ക്, ക്രെഡ‍ിറ്റ് സ്യൂസിനെ മുഖ്യഎതിരാളികളായ യുബിഎസ് ഗ്രൂപ്പ് ഏറ്റെടുത്തു. സ്വിറ്റ്സര്‍ലന്‍ഡ് സര്‍ക്കാരിന്റെ തിരക്കിട്ട നീക്കത്തിനൊടുവിലാണ് യുബിഎസ് ബോര്‍ഡിന് എതിര്‍പ്പുണ്ടായിരുന്നിട്ടും ഡീല്‍ ന‌ടപ്പായത്. അതിന്റെ ആശ്വാസത്തിലാണ് യൂറോപ്പും ലോകം മുഴുവനും. തക്കസമയത്ത് ശക്തമായി ഇടപെട്ട സ്വിസ് സര്‍ക്കാരിന് അഭിനന്ദന പ്രവാഹമാണ്.

അമേരിക്കയില്‍ രണ്ട് വലിയ ബാങ്കുകള്‍ തകര്‍ന്നപ്പോള്‍ ഉണ്ടായതിനേക്കാള്‍ ആശങ്കയാണ് ക്രെ‍ഡിറ്റ് സ്യൂസ് പ്രതിസന്ധി ലോകത്തുണ്ടാക്കിയത്. ക്രെഡിറ്റ് സ്യൂസ് എന്നാല്‍ സ്വിറ്റ്സര്‍ലന്‍ഡിലെ ഏറ്റവും വലിയ രണ്ടാമത്തെ ബാങ്കാണ്. അത് തകര്‍ന്നാല്‍ ലോകത്തെ ഏറ്റവും സുരക്ഷിതമെന്ന് കരുതിപ്പോന്ന, ഇടപാടുകളിലെ സ്വകാര്യതയില്‍ അവസാനവാക്കായി അവകാശപ്പെട്ടിരുന്ന നിക്ഷേപസംവിധാനത്തിന്റെ തകര്‍ച്ചയാകും.

ജെയിംസ് ബോണ്ട് ചിത്രങ്ങള്‍ മുതല്‍ നമ്മുടെ രാഷ്ട്രീയചര്‍ച്ചകളിലും ട്രോളുകളിലും വരെ രഹസ്യാത്മകമായ സാമ്പത്തിക ഇടപാടുകളുടെ മറുവാക്കായി ആഘോഷിക്കപ്പെട്ടിരുന്ന പേരാണ് സ്വിസ് ബാങ്കുകളുടേത്. അമേരിക്കയിലെ ബാങ്ക് തകര്‍ച്ചയുടെയും സ്വിസ് ബാങ്ക് പ്രതിസന്ധിയുടെയും കാരണങ്ങളില്‍ നേരിയ വ്യത്യാസം മാത്രമേയുള്ളു. പക്ഷേ ഏറ്റവും പ്രഫഷണലായ ബാങ്കിങ് മേഖല എന്ന വിശ്വാസത്തിന് ക്രെഡിറ്റ് സ്യൂസിന്റെ തകര്‍ച്ച മങ്ങലേല്‍പിച്ചു. ആഗോളതലത്തില്‍ പലിശനിരക്കുകളില്‍ ഉണ്ടായ വര്‍ധനയാണ് ക്രെഡിറ്റ് സ്യൂസിനും വിനയായത്.

ബാങ്ക് നടത്തിയ നിക്ഷേപങ്ങളുടെ മൂല്യം കുറയാന്‍ ഇതിടയാക്കി. ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട 30 ബാങ്കുകളില്‍ ഒന്നായ ക്രെഡിറ്റ് സ്യൂസ് തകര്‍ന്നാലുണ്ടാകാവുന്ന പ്രത്യാഘാതങ്ങള്‍ തിരിച്ചറിഞ്ഞ സ്വിസ് സര്‍ക്കാര്‍ അതിവേഗം ഇ‌ടപെട്ടു. ആദ്യം കേന്ദ്രബാങ്കിന്റെ വക 5400 കോടി ഡോളറിന്റെ രക്ഷാപാക്കേജ്. തുടര്‍ന്ന് ക്രെഡിറ്റ് സ്യൂസിനെ ഏറ്റെടുക്കാന്‍ യുബിഎസിനുമേല്‍ സമ്മര്‍ദം. ഒടുവില്‍ 26,456 കോടി രൂപയുടെ ഓഹരികള്‍ യുബിഎസ് ഏറ്റെടുത്തു. ഭാവിയിലെ പ്രശ്നങ്ങള്‍ നേരിടാന്‍ യുബിഎസിന് 80,000 കോടി രൂപയു‌ടെ സര്‍ക്കാര്‍ ഗാരന്റിയും നല്‍കിയിട്ടുണ്ട്. 167 വർഷത്തെ പ്രവർത്തന പാരമ്പര്യമുള്ള ബാങ്കിങ് സ്ഥാപനമാണ് ക്രെഡിറ്റ് സ്യൂസ്.

സ്വിറ്റ്സര്‍ലന്‍ഡില്‍ 240ലധികം ബാങ്കുകളുണ്ട്, പക്ഷെ ക്രെഡിറ്റ് സ്യൂസും യുബിഎസുമാണ് എല്ലാ ബാങ്കിങ് ആസ്തികളുടേയും പകുതിയോളം നിയന്ത്രിക്കുന്നത്. 1934ല്‍ പാസാക്കിയ സ്വിസ് ബാങ്ക് ആക്ട് അനുസരിച്ചാണ് ബാങ്കുകളുടെ പ്രവര്‍ത്തനം. ക്രിമിനല്‍ കേസന്വേഷണങ്ങള്‍ക്കല്ലാതെ ഉപഭോക്താക്കളുടെയോ നിക്ഷേപങ്ങളുടെയോ വിവരങ്ങള്‍ സര്‍ക്കാരിന് പോലും നല്‍കില്ല. പുറത്തുവിടുന്നവര്‍ക്ക് തടവും പിഴയും ശിക്ഷ ലഭിക്കും. ഈ വ്യവസ്ഥ അടങ്ങിയ ആര്‍ട്ടിക്കിള്‍ 47 ആണ് സ്വിസ് ബാങ്ക് ആക്ടിനെ പ്രശസ്തമാക്കിയത്. ലോകമെമ്പാടുമുള്ള നിക്ഷേപകര്‍ സ്വിസ് ബാങ്ക് അക്കൗണ്ടുകള്‍ തിരഞ്ഞെടുക്കുന്നതിന് പ്രധാന കാരണം അവ കുറഞ്ഞ അപകടസാധ്യതയും മികച്ച സ്വകാര്യതയും വാഗ്ദാനം ചെയ്യുന്നു എന്നതാണ്.

മാത്രമല്ല സ്വിസ് സമ്പദ് വ്യവസ്ഥ വളരെ ശക്തമാണ്. ബാങ്കുകള്‍ അവിടെ പ്രഫഷണലായി നിയന്ത്രിക്കപ്പെടുന്നു. സ്വിറ്റ്സര്‍ലന്‍ഡിന്റെ ജിഡിപിയുടെ പത്തിലൊന്ന് ബാങ്കിങ് മേഖലയില്‍നിന്നാണ്. കൂടാതെ അത്രതന്നെ എണ്ണം ആളുകള്‍ക്ക് ജോലിയും നല്‍കുന്നു. എന്നുകരുതി കള്ളപ്പണം സ്വിസ് ബാങ്കില്‍ സുരക്ഷിതമായിരിക്കുമെന്ന് എല്ലാക്കാലവും കരുതേണ്ടതില്ല. പ്രത്യേകിച്ച് ഇന്ത്യക്കാര്‍. കള്ളപ്പണം നമുക്കൊരു രാഷ്ട്രീയപ്രശ്നം കൂടിയാണല്ലോ. നികുതിവെട്ടിപ്പും വഞ്ചനയും തടയാനുള്ള ഇന്ത്യന്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ സ്വിസ് ബാങ്കുകള്‍ സഹകരിക്കുന്നുണ്ട്.

2018 മുതല്‍ രണ്ടും രാജ്യങ്ങളും നികുതിവെട്ടിപ്പ് അടക്കമുള്ള വിവരങ്ങള്‍ പരസ്പരം കൈമാറുന്നുണ്ട്. സ്വിസ് ധനകാര്യ സ്ഥാപനങ്ങളില്‍ നിക്ഷേപമുള്ള എല്ലാ ഇന്ത്യാക്കാരുടേയും പൂര്‍ണ സാമ്പത്തിക വിവരങ്ങള്‍ 2019 സെപ്റ്റംബറില്‍ ആദ്യമായി ഇന്ത്യക്ക് കൈമാറിയിരുന്നു. കള്ളപ്പണ ഇടപാടുകളൊന്നുമില്ലെങ്കില്‍ ധൈര്യമായി എനിക്കും സ്വിസ് ബാങ്ക് നിക്ഷേപം ഉണ്ടെന്ന് പറയാന്‍ മടിക്കേണ്ട. അത് പ്രയാസമുള്ള കാര്യവുമല്ല. ലോകത്തെവിടെയുമുള്ള പ്രായപൂര്‍ത്തിയായ ഏതൊരു വ്യക്തിക്കും സ്വിസ് ബാങ്കില്‍ അക്കൗണ്ട് തുറക്കാം. പാസ്പോര്‍ട്ട് അല്ലെങ്കില്‍ മറ്റേതെങ്കിലും തിരിച്ചറിയല്‍ രേഖ പോലുള്ള അടിസ്ഥാന കെവൈസി മാത്രമേ ആവശ്യമുള്ളൂ. മിനിമം ബാലന്‍സ് ആവശ്യമാണെന്നുമാത്രം.