
2024 ഓടെ ട്വിറ്ററിനെ നയിക്കുന്നത് പുതിയ സിഇഒ ആയിരിക്കുമെന്നും ട്വിറ്റർ സിഇഒ സ്ഥാനം ഒഴിയാൻ ആഗ്രഹിക്കുന്നുവെന്നും ഇലോൺ മസ്‌ക് പ്രഖ്യാപിച്ചിരുന്നു. ഇപ്പാഴിതാ "പുതിയ സിഇഒ"യെ കണ്ടെത്തുകയും "മറ്റുള്ള ആളേക്കാൾ വളരെ മികച്ചവനാണെന്ന പ്രസ്താവനയുമായി ഇലോൺ മസ്ക് രംഗത്തെത്തിയിരിക്കുന്നു. പുതിയ സിഇഒ ഒരു മനുഷ്യനല്ല, പകരം മസ്ക് തന്റെ വളർത്തുനായ ഫ്ലോക്കിയെയാണ് പുതിയ സിഇഒ ആയി ട്വിറ്ററിലൂടെ ലോകത്തിന് പരിചയപ്പെടുത്തിയത്.

ഇലോൺ മസ്‌ക് ട്വിറ്റർ ഏറ്റെടുത്തെങ്കിലും കമ്പനിയുടെ സിഇഒ ആയി തുടരാൻ അദ്ദേഹത്തിന് താല്പര്യം ഉണ്ടായിരുന്നില്ല. വളരെക്കാലമായി ട്വിറ്ററിനെ നയിക്കാനുള്ള മികച്ച സിഇഒയെ തേടുകയായിരുന്നു മസ്ക്. ഇപ്പോളിതാ പുതിയ സിഇഒയെ കണ്ടെത്തി എന്ന പോസ്റ്റ് ആണ് ട്വിറ്ററിൽ വൈറലാകുന്നത്.
നായയുടെ വിവിധ ഫോട്ടോകൾ മസ്‌ക് ട്വിറ്ററിലൂടെ പങ്കുവെച്ചിട്ടുണ്ട്. നായ സിഇഒയുടെ കസേരയിൽ ഇരിക്കുന്നതാണ് ഒരു ചിത്രം. സിഇഒ എന്നെഴുതിയ ട്വിറ്റർ ബ്രാൻഡഡ് കറുത്ത ടീ ഷർട്ട് ധരിച്ചാണ് വളർത്തുനായയെ കാണുന്നത്. രണ്ടു ഡോക്യുമെന്റുകളും ഒരു ചെറിയ ലാപ്‌ടോപ്പും പപ്പിയുടെ മുന്നിൽ കിടക്കുന്നത് കാണാം. മറ്റൊന്ന് സ്‌പെക്‌സും ടൈയും ധരിച്ചിരിക്കുന്ന നായയുടെ ചിത്രമാണ്. ടേബിളിൽ നിരവധി ഡോക്യുമെന്റുകളും ഇരിപ്പുണ്ട്. മസ്‌കിന്റെ ട്വീറ്റിന് നിരവധി പ്രതികരണങ്ങളാണ് ലഭിക്കുന്നത്. തന്‍റെ നായയെ അഗർവാളിനേക്കാൾ മികച്ച സിഇഒ എന്ന് വിളിച്ച് മുൻ സിഇഒ പരാഗ് അഗർവാളിനെയും മസ്ക് പരിഹസിച്ചു.
കമ്പനി ഏറ്റെടുത്ത ഉടൻ തന്നെ മസ്‌ക് ട്വിറ്ററിന്റെ ഉന്നത മാനേജ്‌മെന്റിനെ പുറത്താക്കിയിരുന്നു. സിഇഒ പരാഗ് അഗർവാൾ, സിഎഫ്ഒ നെൽ സെഗാൾ, പോളിസി ചീഫ് വിജയ ഗാഡ്ഡെ എന്നിവരെല്ലാം ഉൾപ്പെട്ടതായിരുന്നു ഈ മാനേജ്മെന്റ്. പുതിയ സിഇഒ ആയി ആരെയെങ്കിലും കണ്ടെത്തിയാൽ ഉടൻ തന്നെ രാജിവയ്ക്കുമെന്ന് ഡിസംബർ 21 ന് മസ്‌ക് ട്വീറ്റ് ചെയ്തിരുന്നു.കമ്പനിയുടെ സിഇഒ ആയി തുടരണമോ എന്ന് ചോദിച്ച് അദ്ദേഹം ട്വിറ്ററിൽ ഒരു വോട്ടെടുപ്പ് പോലും നടത്തിയിരുന്നു.
Elon Musk post the pic of New CEO of Twitter