പഴയ വാട്സാപ്പ് സന്ദേശങ്ങൾ തിരയാൻ ഇനി എളുപ്പമാർഗം; പുതിയ ഫീച്ചർ

ജനപ്രിയ മെസേജിങ് സേവനമായ വാട്സാപ് പുതിയ ഫീച്ചറുകളും സുരക്ഷാ സംവിധാനങ്ങളുമാണ് ഓരോ പതിപ്പിലും പരീക്ഷിക്കുന്നത്. വരാനിരിക്കുന്ന പതിപ്പുകളിലും നിരവധി ഫീച്ചറുകൾ പ്രതീക്ഷിക്കാം. ഇതിലൊന്നാണ് ‘തീയതി തിരിച്ച് മെസേജുകൾ സെർച്ച് ചെയ്യുക’ എന്ന ഫീച്ചർ. ഈ ഫീച്ചർ പരീക്ഷണത്തിലാണെന്നും ഉടൻ തന്നെ പൊതുജനങ്ങൾക്കായി അവതരിപ്പിക്കുമെന്നും റിപ്പോർട്ടുണ്ട്. ഈ ഫീച്ചർ അവതരിപ്പിക്കുന്നതോടെ, ആപ്പിലെ പുതിയ ‘കലണ്ടർ ഐക്കണിൽ’ ടാപ്പ് ചെയ്ത് ഒരു നിശ്ചിത തീയതിയിൽ നടന്ന ചാറ്റിലേക്ക് ഉപയോക്താക്കൾക്ക് നേരിട്ട് പോകാനാകും. വാബീറ്റാഇന്‍ഫോയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 

രണ്ട് വർഷം മുൻപാണ് ഈ ഫീച്ചർ ആദ്യമായി കണ്ടെത്തിയത്. എന്നാൽ പരീക്ഷണങ്ങൾക്ക് ശേഷം അവതരിപ്പിക്കാനുള്ള പദ്ധതി വാട്സാപ് ഉപേക്ഷിക്കുകയായിരുന്നു. ഏറെ കാലമായി സൂക്ഷിക്കുന്ന ചാറ്റിൽ നിന്ന് പ്രത്യേകം സമയത്തെ ചാറ്റ് കണ്ടെത്താൻ ഇതുവഴി സാധിക്കും. നിലവിൽ വാക്കുകൾ ഉപയോഗിച്ച് വാട്സാപ് മെസേജുകൾ സേർച്ച് ചെയ്യാൻ ഓപ്ഷനുണ്ട്. ഓൺലൈൻ സ്റ്റാറ്റസ് ഹൈഡ് ചെയ്യുക, അംഗങ്ങളെ അറിയിക്കാതെ ഗ്രൂപ്പിൽ നിന്ന് പുറത്തുപോകുക, തുടങ്ങി മറ്റ് ചില ഫീച്ചറുകളും വരും പതിപ്പുകളിൽ പ്രതീക്ഷിക്കുന്നുണ്ട്. വാട്സാപ് സർവേ എന്ന പേരിൽ മറ്റൊരു പുതിയ ഫീച്ചറിലും വാട്സാപ് പ്രവർത്തിക്കുന്നതായി മറ്റ് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ആപ്പിൽ തന്നെ ഫീഡ്‌ബാക്ക് ഷെയർ ചെയ്യാൻ വാട്സാപ് ഉടൻ തന്നെ ഉപയോക്താക്കളോട് ആവശ്യപ്പെട്ടേക്കാം. പുതിയ ഫീച്ചറുകൾ, സേവനങ്ങൾ എന്നിവയെക്കുറിച്ചും മറ്റും ഫീഡ്ബാക്ക് നൽകുന്നതിന് ഉപയോക്താക്കൾക്ക് ഇൻ-ആപ്പ് സർവേകളിൽ പങ്കെടുക്കാം.