725.7 കോടി രൂപ; ഫോഡിന്റെ പ്ലാന്റ് ഏറ്റെടുത്ത് ടാറ്റ; തൊഴിലാളികളെയും

tata-ford-new
SHARE

ഫോഡിന്റെ ഗുജറാത്തിലെ സാനന്ദിലുള്ള വാഹന നിർമാണശാല ഏറ്റെടുത്ത് ടാറ്റ പാസഞ്ചര്‍ ഇലക്ട്രിക് മൊബിലിറ്റി ലിമിറ്റഡ്(TPEML). വാഹന നിര്‍മ്മാണശാലയുടെ ഭാഗമായ കെട്ടിടങ്ങളും ഭൂമിയും വാഹന നിർമാണ ഫാക്ടറിയും ഉപകരണങ്ങളും അടക്കമാണ് ടാറ്റ ഏറ്റെടുത്തിരിക്കുന്നത്. നികുതിക്ക് പുറമേ 725.7 കോടി രൂപയാണ് ടാറ്റ കരാറിന്റെ ഭാഗമായി ഫോഡ് ഇന്ത്യക്ക് നല്‍കുക. ഇരു കമ്പനികളും മെയ് 30നാണ് കരാര്‍ ഒപ്പുവെച്ചത്. 

'ടാറ്റ മോട്ടോഴ്‌സ് ഓഹരി ഉടമകള്‍ക്ക് ഏറെ ഉപകാരപ്പെടുന്നതായിരിക്കും ഫോഡ് ഇന്ത്യയുമായുണ്ടാക്കിയ പുതിയ കരാര്‍. വാഹന വിപണിയില്‍ ടാറ്റയുടെ സാന്നിധ്യം കൂടുതല്‍ ശക്തമായി അടയാളപ്പെടുത്താന്‍ ഇതിനാകും. ഒപ്പം വൈദ്യുതി വാഹന മേഖലയില്‍ ടാറ്റക്കുള്ള മേല്‍ക്കെ കൂടുതല്‍ ശക്തമാക്കാനും ഈ ഏറ്റെടുക്കല്‍ സഹായിക്കും. ആത്മ നിര്‍ഭര്‍ ഭാരത് പദ്ധതിയില്‍ ഉള്‍പ്പെടുത്താവുന്ന ഇന്ത്യന്‍ വാഹന വിപണിക്ക് തന്നെ ഉണര്‍വേകുന്ന ഏറ്റെടുക്കലാണിത്' ടാറ്റ മോട്ടോഴ്‌സ് പാസഞ്ചര്‍ വെഹിക്കിള്‍ ലിമിറ്റഡിന്റേയും ടാറ്റ പാസഞ്ചര്‍ ഇലക്ട്രിക് മൊബിലിറ്റി ലിമിറ്റഡിന്റേയും എം.ഡി ശൈലേഷ് ചന്ദ്ര കരാര്‍ വിവരം പുറത്തുവിട്ടുകൊണ്ട് പറഞ്ഞു. 

ഫോഡിന്റെ ഇന്ത്യയിലെ തന്ത്രപ്രധാന മാറ്റങ്ങളുടെ ഭാഗമായാണ് പുതിയ കരാറെന്നാണ് ഫോഡ് മോട്ടോര്‍ കമ്പനിയുടെ ട്രാന്‍സ്‌ഫോര്‍മേഷന്‍ ഓഫീസര്‍ സ്റ്റീവ് ആംസ്‌ട്രോങ് പ്രതികരിച്ചു. ഫാക്ടറിക്കൊപ്പം തൊഴിലാളികളെ കൂടി ഉള്‍പ്പെടുത്തിക്കൊണ്ടുള്ള കരാറാണ് ഫോര്‍ഡും ടാറ്റയും തമ്മിലുണ്ടായിരിക്കുന്നത്. ഇതോടെ ഫോഡില്‍ ജോലി ചെയ്തിരുന്നവര്‍ക്ക് ടാറ്റയുടെ കമ്പനിയിലും തുടരാനാകും. എല്ലാത്തിനേക്കാളും മീതെ മനുഷ്യത്വമെന്ന മൂല്യം മുറുകെ പിടിച്ചാണ് ഫോഡും ടാറ്റയും ഈ കരാര്‍ ഒപ്പിട്ടിരിക്കുന്നതെന്ന് സ്റ്റീവ് ആംസ്‌ട്രോങ് കൂട്ടിച്ചേര്‍ത്തു. 

ടാറ്റക്ക് ഫാക്ടറിയും ഭൂമിയും കൈമാറുമ്പോഴും ഇതിനകത്തെ പവര്‍സ്‌ട്രെയിന്‍ നിർമാണ യൂണിറ്റ് മാത്രം ഫോഡിന്റേതായി തുടരും. ഈ യൂണിറ്റിന്റെ കെട്ടിടവും സ്ഥലവും ഫോഡ് വാടകക്കെടുക്കുകയാണ് ചെയ്യുന്നത്. ഇക്കാര്യത്തിലും ഇരു കമ്പനികളും തമ്മില്‍ ധാരണയിലെത്തിയിട്ടുണ്ട്. സര്‍ക്കാര്‍ വകുപ്പുകളുടെ കൂടി തീരുമാനങ്ങളുടെ ഫലമായിട്ടായിരിക്കും സാനന്ദിലെ ഫാക്ടറി കൈമാറ്റം പൂര്‍ത്തിയാവുക. 

ഫോഡിന്റെ സാനന്ദിലെ ഫാക്ടറി തങ്ങളുടെ വൈദ്യുതി കാര്‍ നിർ‌മാണം വര്‍ധിപ്പിക്കാനാകും ടാറ്റ ഉപയോഗിക്കുക. നിലവില്‍ ടാറ്റയുടെ വൈദ്യുതി കാര്‍ നിര്‍മ്മാണ സൗകര്യങ്ങള്‍ പരമാവധിയിലേക്ക് അടുക്കുകയാണ്. സാനന്ദ് ഫാക്ടറി കൂടി ടാറ്റയുടെ കൈവശമാകുന്നതോടെ പ്രതിവര്‍ഷം മൂന്നുലക്ഷം വൈദ്യുതി കാറുകള്‍ അധികമായി ഉത്പാദിപ്പിക്കാനാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇതോടെ ടാറ്റയുടെ പ്രതിവര്‍ഷ വൈദ്യുതി കാര്‍ ഉത്പാദനം 4.20 ലക്ഷമായി ഉയരും. ടാറ്റയുമായുള്ള കരാര്‍ കൂടി നിലവില്‍ വന്നതോടെ അമേരിക്കന്‍ കാര്‍ നിർമാണ കമ്പനിയായ ഫോഡിന്റെ ഇന്ത്യയിലെ കാര്‍ നിർമാണം ഏതാണ്ട് പൂര്‍ണമായും അവസാനിക്കുകയും ചെയ്തു.

MORE IN BUSINESS
SHOW MORE