ഇന്ത്യയില്‍ കാര്‍ഡ് പേയ്‌മെന്റുകള്‍ നിര്‍ത്തലാക്കി ആപ്പിള്‍; പുതിയ നിയന്ത്രണം

ഇന്ത്യയില്‍ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ വഴിയുള്ള പേയ്മെന്റുകള്‍ സ്വീകരിക്കുന്നത് നിര്‍ത്തി ആപ്പിള്‍ . കഴിഞ്ഞ വര്‍ഷം പ്രാബല്യത്തില്‍ വന്ന ആര്‍ബിഐയുടെ പുതിയ ഓട്ടോ ഡെബിറ്റ് നിയമങ്ങളുടെ ഫലമായാണ് മാറ്റം.

ആപ്പിള്‍ ഐ.ഡി ഉപയോഗിച്ച് സബ്്സ്ക്രൈബ് ചെയ്യുന്നതിനും ആപ്പുകള്‍ വാങ്ങുന്നതിനും കാര്‍ഡ് പേയ്മെന്റുകള്‍ സ്വീകരിക്കുന്നതാണ് നിര്‍ത്തിയത്. ആപ് സ്റ്റോറില്‍ നിന്ന് ആപ്പുകള്‍ വാങ്ങുന്നതിനോ icloud+ apple music പോലുള്ള ആപ്പിള്‍ സബ്സ്ക്രിപ്ഷനുകള്‍ നേടുന്നതിനോ ഇനി ഇന്ത്യന്‍ ക്രെഡിറ്റ് അല്ലെങ്കില്‍ ഡെബിറ്റ് കാര്‍ഡ് ഉപയോഗിക്കാന്‍ സാധിക്കില്ല. ആപ്പിളില്‍  നിന്ന് ഏതെങ്കിലും മീഡിയ ഉള്ളടക്കം വാങ്ങുന്നതിനും കാര്‍ഡ് ഉപയോഗിക്കാനാകില്ല.   റിസര്‍വ് ബാങ്ക് നടപ്പാക്കിയ ഓട്ടോ ഡെബിറ്റ് മാന്‍ഡേറ്റ്, കാര്‍ഡ് ടോക്കണൈസേഷന്‍ എന്നീ നിര്‍ദേശങ്ങളുടെ ഫലമായാണ് മാറ്റങ്ങള്‍.  RBI നിര്‍ദേശപ്രകാരം  ആവര്‍ത്തിച്ചുള്ള പേയ്മെന്റുകള്‍ക്കുള്ള ഏത് നിര്‍ദേശങ്ങളും നടപ്പാക്കാന്‍ ഉപയോക്താവിന്റെ അനുമതി ആവശ്യമാണ്. ഇതേ തുടര്‍ന്നാണ് ആപ്പിളിന്റെ നടപടി. അതേസമയം  ഇന്ത്യക്ക് പുറത്തുള്ള ബാങ്ക് നല്‍കുന്ന കാര്‍ഡ് ഉപയോഗിച്ച് പണം അടയ്്ക്കുന്നതിന് തടസമില്ല. സബ്സ്ക്രിപ്ഷനുകള്‍ തുടരാന്‍  ആപ്പിള്‍ ഐഡി ബാലന്‍സ് ഉപയോഗിച്ച് പണമടയക്കാം. ആപ്പ് സ്റ്റോര്‍ കോഡുകള്‍, നെറ്റ് ബാങ്കിങ്, യുപിഐ എന്നിവ ഉപയോഗിച്ച്  ആപ്പിള്‍ ഐ.ഡി ബാലന്‍സിലേക്ക് പണം ചേര്‍ക്കാന്‍ കഴിയും.