പത്ത് വർഷം; എഴുതിതള്ളിയത് 4.7 ലക്ഷം കോടിയുടെ കാർഷിക വായ്പ

കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ വിവിധ സംസ്ഥാന സര്‍ക്കാരുകള്‍ എഴുതിതളളിയത് ആകെ  നാല്  ലക്ഷത്തി എഴുപതിനായിരം കോടിയുടെ കാര്‍ഷിക വായ്പ. കഴിഞ്ഞ സാമ്പത്തിക വര്‍ഷം മാത്രം കാര്‍ഷിക വായ്പകളിലെ കിട്ടാക്കടം ഒരു ലക്ഷത്തി പതിനായിരം കോടി വര്‍ധിച്ചെന്നും എസ്ബിഐ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു 

കാര്‍ഷിക മേഖലയ്ക്കായി നല്‍കിയ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ സംസ്ഥാന സര്‍ക്കാരുകള്‍ പാലിച്ചപ്പോള്‍ പത്ത് വര്‍ഷം കൊണ്ട് എഴുതിതളളിയത് 4.7 ലക്ഷം കോടി രൂപയുടെ കാര്‍ഷിക വായ്പയാണ്. വ്യവസായ മേഖലയിലെ ആകെ കിട്ടാക്കടത്തിന്‍റെ 82 ശതമാനം വരുന്നതാണ് ഈ തുക. കഴിഞ്ഞ സാമ്പത്തിക വര്‍ഷം മാത്രം കാര്‍ഷിക വായ്പകളിലെ കിട്ടാക്കടം 1.1 ലക്ഷം കോടിയാണ് വര്‍ധിച്ചത്. ഏറ്റവും ഒടുവിലായി മഹാരാഷ്ട്ര സര്‍ക്കാര്‍ 45,000 കോടി രൂപ മുതല്‍ 51,000 കോടി രൂപ വരുന്ന കൃഷി വായ്പ എഴുതിതളളിയിരുന്നു. കഴിഞ്ഞ 5 വര്‍ഷം കൊണ്ട് 3 ലക്ഷം കോടി രൂപയുടെ വായ്പാകുടിശകയാണ് സംസ്ഥാനങ്ങള്‍ വേണ്ടെന്ന് വച്ചത്. 

കര്‍ഷകരെ കടബാധ്യതയില്‍ നിന്ന് മോചിപ്പിക്കുന്നതിനും അത് വഴി കര്‍ഷക ആത്മഹത്യകള്‍ കുറയ്ക്കുന്നതിനുമാണ് സംസ്ഥാനങ്ങളുടെ നടപടി.2017-18 സാമ്പത്തിക വര്ഡഷത്തില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ 34020 കോടിയും യുപി സര്‍ക്കാര്‍ 36360 കോടിയും എഴുതിതളളി.കഴിഞ്ഞ സാമ്പത്തിക വര്‍ഷം മധ്യപ്രദേശ് സര്‍ക്കാര്ഡ 36500 കോടിയുടേയും രാജസ്ഥാന്‍ സര്‍ക്കാര്‍ 18000 കോടിയുടേയും വായ്പ വേണ്ടെന്ന് വച്ചു. അതേ സമയം ഇതേ കാലഘട്ടത്തില്‍ പുതിയ കൃഷി വായ്പകള്‍ നല്‍കുന്നതില്‍ ഗണ്യമായ കുറവുണ്ടായി. 2017-18 സാമ്പത്തിക വര്‍ഷത്തില്‍ മഹാരാഷ്ട്രയില്‍ പുതിയതായി ഒററവായ്പയും നല്‍കിയില്ല.