മുദ്രാവായ്പ; കിട്ടാക്കടം പെരുകുന്നതിനെതിരെ റിസര്‍വ് ബാങ്ക് ഇടപെടല്‍

മുദ്രാവായ്പകളില്‍ കിട്ടാക്കടം പെരുകുന്നതിനെതിരെ റിസര്‍വ് ബാങ്ക് ഇടപെടല്‍.  വായ്പകള്‍ പരിശോധിക്കുന്നതിന് ആര്‍ബിഐ നിര്‍ദേശം നല്‍കി. വായ്പ എടുക്കുന്നവരുടെ തിരിച്ചടവ് ശേഷി പരിശോധിക്കണമെന്ന് ആര്‍ബിഐ ആവശ്യപ്പെട്ടു 

2015 ഏപ്രില്‍ മാസത്തിലാണ് മുദ്ര പദ്ധതിക്ക് തുടക്കം കുറിച്ചത് .4 വര്‍ഷം കൊണ്ട് പതിനാറായിരത്തി നാനൂറ്റി എണ്‍പത്തിയൊന്ന് കോടി രൂപയാണ് പൊതുമേഖലാ ബാങ്കുകള്‍ക്ക് ഈയിനത്തിലുളള കിട്ടാക്കടം.  ഈ പശ്ചാത്തലത്തിലാണ് ആര്‍ബിഐയുടെ ഇടപെടല്‍. അനുവദിച്ച വായ്പകളെ കുറിച്ച് പരിശോധിക്കുന്നതിന് ആര്‍ബിഐ ഡപ്യൂട്ടി ഗവര്‍ണര്‍   എം.കെ.ജെയിന്‍ നിര്‍ദേശം നല്‍കി. മുദ്രാ വായ്പകളിലെ കിട്ടാക്കടം പെരുകുന്നതില്‍ ആശങ്കയുണ്ടെന്നും അദേഹം പറഞ്ഞു. വായ്പ എടുക്കുന്നവരുടെ തിരിച്ചടവ് ശേഷി ബാങ്കുകള്‍ പരിശോധിക്കണമെന്നും എം.കെ.ജെയിന്‍ ആവശ്യപ്പെട്ടു. തിരിച്ചടവ് സമയപരിധി കഴിഞ്ഞ് 90 ദിവസ്തിന് ശേഷവും വായ്പ ഗഡു തിരിച്ചടച്ചില്ലെങ്കിലാണ് അത് കിട്ടാക്കടമായി മാറുക. ഇങ്ങനെ 30.57 ലക്ഷം അകൗണ്ടുകളാണ് മുദ്ര പദ്ധതിക്ക് കീഴിലുളളത്.  2018 മാര്‍ച്ചില്‍ മുദ്രാപദ്ധതിയിലെ കിട്ടാക്കടം 7277 കോടി രൂപയായിരുന്നു. എന്നാല്‍ കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് ഇത് 9204 കോടി വര്‍ദ്ധിച്ച് 16481 കോടിയായി.