വീഴാതെ വാവെയ്; ട്രംപിന്റെ നിലപാടുകളും ബാധിച്ചില്ല; വിൽപനയിൽ 61455.70 കോടിയുടെ നേട്ടം

അമേരിക്കയുടെ വ്യാപാര കരിമ്പട്ടികയിൽ കുടുങ്ങിയ വാവെയ് ടെക്നോളജീസ് കോ ലിമിറ്റഡ് കമ്പനി രാജ്യാന്തര വിപണിയിൽ വൻ വെല്ലുവിളി നേരിട്ടെങ്കിലും കണക്കുകളിൽ അമ്പരപ്പിക്കുന്ന വളർച്ചയാണ്. കമ്പനിയുടെ മൂന്നാം പാദ വരുമാനം 27 ശതമാനം ഉയർന്നു. സ്മാർട് ഫോണുകളുടെ കയറ്റുമതിയിലുണ്ടായ വർധനയിലൂടെയാണ് ഈ നേട്ടം കൈവരിച്ചത്. ലോകത്തെ ഏറ്റവും വലിയ സ്മാർട് ഫോൺ വിതരണ കമ്പനിയാകാൻ വാവെയ്ക്ക് സാധിച്ചു.

ലോകത്തിലെ ഏറ്റവും വലിയ ടെലികോം നെറ്റ്‌വർക്ക് ഉപകരണ നിർമാതാവും സ്മാർട് ഫോണുകളുടെ നിർമാതാവുമായ വാവെയെ അമേരിക്കൻ കമ്പനികളുമായി വ്യാപാരം നടത്തുന്നതിൽ നിന്ന് മെയ് മാസത്തിലാണ് ട്രംപ് നിരോധിച്ചത്. വിലക്കുകൾ ഭാഗികമായിരുന്നുവെങ്കിലും അമേരിക്കൻ വിപണിയിൽ വാവെയ്ക്ക് വൻ തിരിച്ചടി നേരിടേണ്ടിവന്നു.

അതേസമയം, നിലവിൽ‍ കമ്പനിക്ക് നവംബർ വരെയാണ് ട്രംപ് ഇളവ് അനുവദിച്ചിരിക്കുന്നത്. അതായത് അടുത്ത മാസം ചില ടെക്നോളജികൾക്ക് വാവെയ് ഫോണുകളിലേക്കുള്ള പ്രവേശനം നഷ്‌ടപ്പെടും. നിരോധനത്തിന് മുൻപ് അവതരിപ്പിച്ച സ്മാർട് ഫോണുകളാണ് വാവെയ് ഇതുവരെ വിറ്റത്.

ഗൂഗിളിന്റെ ആൻഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ ലൈസൻസുള്ള പതിപ്പിലേക്ക് ആക്‌സസ് ഇല്ലാത്ത പുതിയ മേറ്റ് 30 സ്മാർട് ഫോണും വാവെയ് കഴിഞ്ഞ മാസം വിൽപന തുടങ്ങിയിരുന്നു. സ്മാർട് ഫോൺ വരുമാനം ഈ വർഷം ഏകദേശം 10 ബില്യൺ ഡോളർ കുറയുമെന്നാണ് ഓഗസ്റ്റിൽ വാവെയ് മേധാവി പറഞ്ഞിരുന്നത്.

മൂന്നാം പാദത്തിലെ കണക്കുകൾ പ്രകാരം ഈ വർഷം ആദ്യ മൂന്ന് പാദങ്ങളിലെ വാവെയ് വരുമാനം 24.4 ശതമാനം വർധിച്ച് 610.8 ബില്യൺ യുവാനിലെത്തി (ഏകദേശം 61455.70 കോടി രൂപ). സെപ്റ്റംബർ 30 ന് അവസാനിച്ച പാദത്തിലെ വരുമാനം 165.29 ബില്യൺ യുവാൻ (23.28 ബില്യൺ ഡോളർ) ആയി ഉയർന്നിട്ടുണ്ട്.