സിംഗിൾ ബ്രാന്റിൽ വിദേശ നിക്ഷേപത്തിന് ഇളവ്; തൊഴിലവസരം കൂടിയേക്കും

സിംഗിള്‍ ബ്രാന്‍റ് ചെറുകിട വ്യാപാരമേഖലയില്‍ നേരിട്ടുളള വിദേശ നിക്ഷേപ മാനദണ്ഡങ്ങളില്‍ ഇളവ് നല്‍കിയത് രാജ്യാന്തര തലത്തില്‍ പ്രവര്‍ത്തിക്കുന്ന വന്‍കിട കമ്പനികള്‍ക്ക് ഇന്ത്യയിലെ പ്രവര്‍ത്തനം വിപുലീകരിക്കുന്നതിന് ഗുണകരമാകുമെന്ന് വിലയിരുത്തല്‍. ഉല്‍പാദന കേന്ദ്രങ്ങളും വില്‍പന കേന്ദ്രങ്ങളും ആരംഭിക്കുന്നതിന് തീരുമാനം സഹായകരമാകുമെന്നാണ് പ്രതീക്ഷ

ആപ്പിള്‍, ഓപ്പോ,വിവോ,തുടങ്ങിയ മൊബൈല്‍ ബ്രാന്‍റുകള്‍ ഐകിയ പോലുളള ഫര്‍ണിച്ചര്‍ ബ്രാന്‍റുകള്‍ തുടങ്ങിയ എല്ലാ ആഗോള ബ്രാന്‍റുകള്‍ക്കും ഇന്ത്യയില്‍ നിക്ഷേപം വര്‍ധിപ്പിക്കുന്നതിനുളള അവസരമാണ് പുതിയ തീരുമാനത്തിലൂടെ ഉണ്ടായിരിക്കുന്നത്. ഇന്ത്യയില്‍ വില്‍പന കേന്ദ്രങ്ങള്‍ തുറന്നാല്‍ മാത്രമാണ് നേരിട്ടുളള വിദേശ നിക്ഷേപം നടത്തുന്ന  ബ്രാന്‍റുകള്‍ക്ക്  ഓണ്‍ലൈന്‍ വില്‍പനയ്ക്ക് അനുമതി ഉണ്ടായിരുന്നത്. ഇനി മുതല്‍ ഇന്ത്യന്‍ വിപണിയില്‍ ഓണ്‍ലൈന്‍ വില്‍പനയിലൂടെ ബ്രാന്‍റുകള്‍ക്ക് പ്രവേശിക്കാം. രണ്ട് വര്‍ഷത്തിന് ശേഷം മാത്രം വില്‍പന കേന്ദ്രങ്ങള്‍ തുറന്നാല്‍ മതി. 

ചരക്ക് കടത്ത്, ഓണ്‍ലൈന്‍ വിപണി എന്നിവ ഇതിലൂടെ ശക്തമാകുമെന്നും കൂടുതൽ തൊഴിവസരം സൃഷ്ടിക്കപ്പെടുമെന്നുമാണ് കേന്ദ്ര സര്‍ക്കാരിന്റെ വിലയിരുത്തല്‍. ഇതിന് പുറമേ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിനുളള 30 ശതമാനം വിഭവങ്ങള്‍ പ്രാദേശികമായി സമാഹരിക്കണമെന്ന നിബന്ധനയിലും ഇളവ് നല്‍കി. 30 ശതമാനം വിഭവങ്ങള്‍ 5 വര്‍ഷം കൊണ്ട് സമാഹരിച്ചാല്‍ മതി. ആപ്പിള്‍  അടക്കമുളള ബ്രാന്‍റുകള്‍ ഇന്ത്യയില്‍ ഉല്‍പാദന യൂണിറ്റുകള്‍ തുടങ്ങുന്നതിന് വിഭവ സമാഹരണ മാനദണ്ഡം ലഘൂകരിക്കണമെന്ന് ആവശ്യപ്പെട്ട് വരികയായിരുന്നു. ഐകിയയും സമാന ആവശ്യം മുന്നോട്ട് വെച്ചിരുന്നു. ആഗോള ബ്രാന്‍റുകള്‍ കൂടുതല്‍ ഉല്‍പാദന കേന്ദ്രങ്ങള്‍ തുറക്കുന്നതിന് തീരുമാനം സഹായകരമാകുമെന്നാണ് പ്രതീക്ഷ.