സബ്സിഡി തുക നേരിട്ട് കർഷകനിലേക്ക്; പദ്ധതി വേഗത്തിലാക്കും

രാസവള സബ്സിഡി തുക നേരിട്ട് കര്‍ഷകരുടെ അക്കൗണ്ടുകളിലേക്ക് കൈമാറുന്നതിനുളള പദ്ധതി വേഗത്തിലാക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. സബ്സിഡി ചെലവ് കുറക്കുന്നതിന്‍റെ ഭാഗമായാണ് നീക്കം.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം 73,345 കോടി രൂപയാണ് രാസവള സബ്സിഡി ഇനത്തില്‍ കേന്ദ്ര സര്‍ക്കാരിന് വന്ന ചെലവ്. നിലവില്‍ സബ്സിഡി തുക വള നിര്‍മ്മാണ കമ്പനികള്‍ക്ക് കൈമാറുകയാണ് ചെയ്യുന്നത്. ഇതിന് പകരമായി സബ്സിഡി തുക നേരിട്ട് കര്‍ഷകരുടെ അക്കൗണ്ടിലേക്ക് കൈമാറാണ് ആലോചന. വര്‍ഷങ്ങള്‍ക്ക് മുമ്പ് ആലോചിച്ചതാണെങ്കിലും പദ്ധതി ഇത് വരെ പ്രാബല്യത്തില്‍ കൊണ്ടുവരാനായിട്ടില്ല. സബ്സിഡി ചെലവ് കുത്തനെ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ എത്രയും വേഗം പദ്ധതി നടപ്പാക്കാനാണ് ആലോചന. 

നിലവില്‍ എത്ര വേണെങ്കിലും രാസവളം വാങ്ങി ഉപയോഗിക്കാവുന്ന സംവിധാനമാണ് ഉളളത്. എന്നാല്‍ ആവശ്യമുളളത്ര മാത്രം രാസവളത്തിന് സബ്സിഡി നല്‍കുക എന്ന പദ്ധതിയും നടപ്പാക്കും . അനിയന്ത്രിതമായ രാസവളം കൃഷിയിടങ്ങളില്‍ ഉപയോഗിക്കുന്നതും ഇതോടെ നിയന്ത്രിക്കപ്പടുമെന്നാണ് പ്രതീക്ഷ. പ്രധാനമന്ത്രി കിസാന്‍ പദ്ധതിയില്‍ ചില സംസ്ഥാനങ്ങള്‍ കൂടി ചേരാന്‍ ബാക്കിയുണ്ട്. ഇതിന് ശേഷമായിരിക്കും പദ്ധതി നടപ്പാക്കുക.