കുതിച്ചുയർന്ന് സ്വർണവില; റെക്കോർഡ് മറികടക്കാൻ 6 രൂപ കുറവ്

സ്വര്‍ണവില കുത്തനെ കൂടി. പവന് 560 രൂപ കൂടി ഇരുപത്തി അയ്യായിരത്തി ഒരുനൂറ്റി ഇരുപത് രൂപയായി. ഗ്രാമിന് 70 രൂപ വര്‍ധിച്ച് 3140 രൂപയായി. ആഗോള വിപണിയില്‍ വില കൂടിയതാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്. ആഗോള വിപണിയില്‍ സ്വര്‍ണം ട്രോയ് ഔണ്‍സിന് 40 ഡോളര്‍ വര്‍ധിച്ച് 1394 ഡോളറായി. 2013ന് ശേഷം ഇതാദ്യമായാണ് ഈ നിലവാരത്തില്‍ സ്വര്‍ണവിലയെത്തുന്നത്. നിലവിലെ സാമ്പത്തിക സാഹചര്യത്തില്‍ അമേരിക്കയില്‍ പലിശ കുറച്ചേക്കുമെന്ന സൂചനകളാണ് സ്വര്‍ണ വില ഉയരാന്‍ കാരണം. കഴിഞ്ഞ ദിവസം ചേര്‍ന്ന അമേരിക്കന്‍ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വിന്‍റെ അവലോകന യോഗത്തില്‍ പലിശനിരക്കില്‍ മാറ്റമൊന്നും വരുത്തിയില്ലെങ്കിലും അടുത്ത മാസം പലിശ കുറക്കുമെന്നാണ് വിലയിരുത്തല്‍. ആഗോള വ്യാപാരയുദ്ധം അമേരിക്കയുടേതടക്കമുളള സമ്പദ്‍വ്യവസ്ഥകളെ ബാധിക്കുമെന്ന ആശങ്കയാണ് പലിശ കുറക്കുന്നതിന് ഫെഡറല്‍ റിസര്‍വിനെ പ്രേരിപ്പിക്കുന്നത്. ഈ സാഹചര്യത്തില്‍ സുരക്ഷിത നിക്ഷേപമെന്ന നിലയ്ക്ക് നിക്ഷേപകര്‍ കൂടുതലായി സ്വര്‍ണം വാങ്ങിയതാണ് ആഗോള വിപണിയില്‍ സ്വര്‍ണ വില കൂടാന്‍ കാരണം. കൂടാതെ പശ്ചിമേഷ്യയിലെ യുദ്ധസമാന സാഹചര്യവും സ്വര്‍ണത്തിനുളള പ്രിയം വര്‍ധിക്കാനിഡടയാക്കി. ഈ വര്‍ഷം ഫെബ്രുവരി മാസത്തില്‍ രേഖപ്പെടുത്തിയ ഗ്രാമിന് 3145 രൂപ എന്ന നിരക്കാണ് സ്വര്‍ണത്തിന്‍റെ റെക്കോര്‍ഡ് വില. ഗ്രാമിന് 6 രൂപ കൂടി ഉയര്‍ന്നാല്‍ ഈ റെക്കോര്‍ഡ് ഭേദിക്കപ്പെടും. നിലവിലെ സാഹചര്യത്തില്‍ വരും ദിവസം സ്വര്‍ണവില പുതിയ റെക്കോര്‍ഡിലെത്തുമെന്ന് വിലയിരുത്തല്‍.