രാംദേവിനെതിരായ വിഡിയോ നീക്കാൻ ഫെയ്സ്ബുക്കിനു ഹൈക്കോടതി നിർദേശം

യോഗാ ഗുരു രാംദേവിനെതിരെയുള്ള വിഡിയോ ദൃശ്യങ്ങൾ നീക്കം ചെയ്യാൻ സമൂഹ മാധ്യമക്കമ്പനിയായ ഫെയ്സ്ബുക്കിനു ഹൈക്കോടതി നിർദേശം. ഗൂഗിൾ, യുട്യൂബ് എന്നിവർ വിഡിയോ ദൃശ്യങ്ങൾ നീക്കിയെന്നും ജസ്റ്റിസ് പ്രതിഭാ എം സിങ്ങിന്റെ ഉത്തരവിൽ പറയുന്നു. വിഡിയോ ദൃശ്യങ്ങൾ വീണ്ടും പ്രത്യക്ഷപ്പെട്ടാൽ അവ 48 മണിക്കൂറിനുള്ളിൽ നീക്കണം. ഇതു ലംഘിച്ചാൽ കമ്പനിക്കെതിരെ നിയമനടപടി സ്വീകരിക്കാമെന്നും കോടതി വ്യക്തമാക്കി. 

വിഡിയോ ദൃശ്യങ്ങൾ ആര് അപ്‌ലോഡ് ചെയ്തുവെന്ന വിവരം സീൽ ചെയ്ത കവറിൽ സമർപ്പിക്കണം. രാംദേവിനും പതഞ്ജലിക്കും എതിരെയുള്ള ദൃശ്യം പരിശോധിച്ച േശഷമാണു കോടതിയുടെ ഇടപെടൽ. ആരോപണങ്ങൾ മാത്രമല്ല ഭീഷണിപ്പെടുത്തലും ഇതിലുൾപ്പെടുന്നുവെന്നും ഇതു നിയമലംഘനമാണെന്നും കോടതി ചൂണ്ടിക്കാട്ടി. അജ്ഞാത വ്യക്തികൾ തങ്ങളെ വ്യക്തിഹത്യ ചെയ്യാൻ ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നുവെന്നു കാട്ടിയാണു രാംദേവും പതഞ്ജലിയും കോടതിയെ സമീപിച്ചത്

തെറ്റായ വിവരങ്ങളും വ്യാജസന്ദേശങ്ങളും നൽകി തങ്ങളുടെ പ്രതിഛ്ഛായയ്ക്കു മങ്ങലേൽപ്പിക്കുന്നുവെന്നും ഹർജിയിൽ പറയുന്നു. തുടർന്നു ജനുവരി 24നു ഗൂഗിൾ, ട്വിറ്റർ തുടങ്ങിയ കമ്പനികളോടു വിഡിയോ ദൃശ്യങ്ങൾ നീക്കം ചെയ്യാൻ കോടതി നിർദേശിച്ചിരുന്നു. ഇതിനു പിന്നാലെയാണു ഫെയ്സ്ബുക്കിനും നിർദേശം

‘ഗോഡ്മാൻ ടു ടൈക്കൂൺ’ എന്ന വിവാദ പുസ്തകത്തിൽ നിന്നു നീക്കം ചെയ്ത വിവരങ്ങൾ ഉൾപ്പെടുത്തിയാണു വീഡിയോ തയാറാക്കിയതെന്നു ജസ്റ്റിസ് പ്രതിഭ ചൂണ്ടിക്കാട്ടി. പുസ്തകത്തിലെ പല ഭാഗങ്ങളും അപകീർത്തിപരമാണെന്ന രാംദേവിന്റെ വാദം അംഗീകരിച്ചാണു കഴിഞ്ഞ സെപ്റ്റംബറിൽ പുസ്തകത്തിലെ ചില ഭാഗങ്ങൾ നീക്കം ചെയ്യാൻ ആവശ്യപ്പെട്ടത്.