സ്റ്റാര്‍ട്ടപ്പുകളെ പ്രോല്‍സാഹിപ്പിക്കാന്‍ കൂടുതല്‍ ഇളവുകളുമായി കേന്ദ്ര സര്‍ക്കാർ

സ്റ്റാര്‍ട്ടപ്പുകളെ പ്രോല്‍സാഹിപ്പിക്കാന്‍ കൂടുതല്‍ ഇളവുകളുമായി കേന്ദ്ര സര്‍ക്കാര്‍. നികുതിയിളവിനുള്ള മാനദണ്ഡങ്ങള്‍ ലഘൂകരിക്കാന്‍ വാണിജ്യമന്ത്രാലയം തീരുമാനിച്ചു. ആദായ നികുതിയിളവിനുള്ള നിക്ഷേപ പരിധി 25 കോടിയായി ഉയര്‍ത്തും. 

നിലവില്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ആദായ നികുതിയിളവ് ലഭിക്കണമെങ്കില്‍ ആകെ നിക്ഷേപം 10 കോടി രൂപയില്‍ താഴെയായിരിക്കണമെന്നതാണ് വ്യവസ്ഥ. ഇത് 25 കോടി രൂപയായി ഉയര്‍ത്തുന്നത് കൂടുതല്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ആശ്വാസകരമാകും. ആദായനികുതി നിയമത്തിലെ 52ാം വകുപ്പില്‍ ഇതനുസരിച്ചുള്ള മാറ്റങ്ങള്‍ വരുത്തുമെന്ന് വാണിജ്യമന്ത്രാലയം വ്യക്തമാക്കി. റജിസ്റ്റര്‍ ചെയ്ത് ഏഴു വര്‍ഷം വരെ പ്രവര്‍ത്തിക്കുന്ന കമ്പനികളെയാണ് സ്റ്റാര്‍ട്ടപ്പ് എന്ന ഗണത്തില്‍ ഉള്‍പ്പെടുത്തിയിരുന്നത്. ഇത് പത്തുവര്‍ഷമാക്കി ഉയര്‍ത്തും. കമ്പനിയുടെ വിറ്റുവരവ് നൂറുകോടി കവിയുന്നില്ലെങ്കില്‍ ഇനിമുതല്‍ സ്റ്റാര്‍ട്ടപ്പായി പരിഗണിക്കും. നിലവില്‍ 25 കോടി രൂപയായിരുന്നു ഇതിന്റെ പരിധി. ഇതിനുപുറമെ കമ്പനിയിലേക്കെത്തുന്ന നിക്ഷേപത്തിന്റെ കാര്യത്തിലും നിരവധി ഇളവുകള്‍ വാണിജ്യമന്ത്രാലയം പ്രഖ്യാപിച്ചിട്ടുണ്ട്. വാണിജ്യ, ആഭ്യന്തര വ്യാപാര വികസന വകുപ്പിലാണ് നികുതിയിളവിനായി സ്റ്റാര്‍ട്ടപ്പുകള്‍ അപേക്ഷ സമര്‍പ്പിക്കേണ്ടത്.