ടെൻ ഇയർ ചലഞ്ച് കെണിയോ ? എന്താണ് ഫെയ്സ് റെക്കഗ്നിഷൻ ?

ടെക്നോളജിയിലെ പുതുമകൾ ന്യൂജനറേഷന് ഒരു ഹരം തന്നെയാണ്. അതു ഫെയ്സ്ബുക്കിൽ തന്നെയാകുമ്പോൾ പിന്നെ പറയേണ്ടതില്ലല്ലോ. ഒട്ടനവധി ചലഞ്ചുകൾ ഫെയ്സ്ബുക്ക് അവതരിപ്പിച്ചിട്ടുണ്ട്. അതെല്ലാം ആളുകൾ ഏറ്റെടുത്തിട്ടുമുണ്ട്. ഒട്ടും മടിയില്ലാതെ. 

എന്നാൽ ഏറ്റവും ഒടുവിൽ അവതരിപ്പിച്ച ടെൻ ഇയർ ചലഞ്ച് ശരിക്കും ഒരു വെല്ലുവിളിയായി. ചില കോണുകളിൽ നിന്നും പരാതി ഉയർന്നതാണ് കാരണം. പത്തു വർഷം മുൻപുള്ള നിങ്ങളുടെ ഫോട്ടോയും ഇപ്പോഴത്തെ ഫോട്ടോയും ഒന്നിച്ച് പോസ്റ്റ് ചെയ്യാനാണ് ചലഞ്ച്. കേട്ടപാതി എല്ലാവരും പത്തു വർഷം പിന്നിലേക്ക് ചികഞ്ഞു. കഷ്ടപ്പെട്ട് ഒരെണ്ണം സംഘടിപ്പിച്ച് പോസ്റ്റ് ചെയ്യാനും തുടങ്ങി. 

വളരെ പെട്ടെന്ന് തന്നെ ടെൻ ഇയർ ചലഞ്ച് വൈറലായി. സാധാരണക്കാർ മുതൽ സെലിബ്രിറ്റികൾ ആവേശത്തോടെയാണ് ചലഞ്ചിനെ ഏറ്റെടുത്തത്. ആളുകൾ നന്നായി ആസ്വദിച്ചു എന്നു ചുരുക്കം. 

എന്നാൽ ചലഞ്ചിനു പിന്നിലെ കെണിയെക്കുറിച്ചുള്ള വാർത്തകളും പിന്നാലെ വന്നു.  ഒന്നും കാണാതെ ഫെയ്സ്ബുക്ക് ഇത്തരത്തിലൊരു ചലഞ്ച് കൊണ്ടുവരില്ലെന്ന് ടെക് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഫെയ്സ്ബുക്കിന്റെ ഫെയ്സ് റെക്കഗ്നിഷൻ സംവിധാനം ശക്തിപ്പെടുത്തുകയാണ് ഈ ചലഞ്ചിന്റെ ലക്ഷ്യമെന്നു റിപ്പോർട്ടുകൾ പറയുന്നു. 

ഫെയ്സ്ബുക്കിൽ ഷെയർ ചെയ്യുന്ന ചിത്രങ്ങളിൽ നിന്നും ആളുകളെ തിരിച്ചറിയുന്ന ടെക്നോളജിയാണ് ഫെയ്സ് റെക്കഗ്നിഷൻ സംവിധാനം . ആളുകളുടെ പ്രായവും മറ്റും സംബന്ധിച്ച വിവരങ്ങൾ നിർമിത ബുദ്ധി അൽഗോരിതങ്ങളെ പരിശീലിപ്പിക്കാൻ ഇങ്ങനെ നേടുന്ന ഡാറ്റയ്ക്കു സാധിക്കും. ഉപഭോക്താക്കൾ ഷെയർ ചെയ്യുന്ന ചിത്രങ്ങളും വിവരങ്ങളും ഉപയോഗിച്ച് ഫെയ്സ് റെക്കഗ്നിഷൻ കൂടുതൽ മെച്ചപ്പെടുത്താനാകും. എന്തായാലും ചലഞ്ചിൽ ആളുകൾ വീണു കഴിഞ്ഞു എന്നതിൽ തർക്കമില്ല. കോടിക്കണക്കിന് ചിത്രങ്ങൾ ഫെയ്സ്ബുക്കിന് ലഭിച്ചെന്നു റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.