മറയൂര്‍ ചന്ദനത്തൈല ലേലം നാളെ; ഓൺലൈൻ വഴി ലേലത്തിൽ പങ്കെടുക്കാം

മറയൂര്‍ ചന്ദനത്തൈല  ലേലം നാളെ. നിലവില്‍ ഒരു കിലോ ചന്ദന തൈലത്തിന് 3 ലക്ഷത്തി അന്‍പതിനായിരം രൂപയാണ്  വില. ഇന്ത്യയിൽ എവിടെ നിന്നും ഓൺലൈൻ വഴി ലേലത്തിൽ പങ്കെടുക്കാം.

 മറയൂര്‍ ചന്ദനം  ലേലത്തിന്  പിന്നാലെ മറയൂര്‍ ചന്ദനതൈലവും ഓൺലൈൻ ലേലത്തിന്   ഒരുങ്ങി . നാളെ  നടക്കുന്ന ഇ- ലേലത്തിലേക്ക് 35 കിലോഗ്രാം ചന്ദനതൈലമാണ്  ഒരുക്കിയിരിക്കുന്നത്. ഒരുകിലോ ചന്ദന  തൈലത്തിന് 3 ലക്ഷത്തതി അന്‍പതിനായിരം രൂപയാണ്  നിശ്ചയിച്ചിരിക്കുന്നത്. മുന്‍ കാലങ്ങളില്‍ മറയൂര്‍ സര്‍ക്കാര്‍ ചന്ദന ഡിപ്പോയില്‍ വച്ച് നടത്തുന്ന പൊതു ലേലത്തില്‍ കമ്പനികളുടെ പ്രതിനിധികള്‍ നേരിട്ട് എത്തിയാണ് ലേലത്തില്‍ പങ്കെടുത്തിരുന്നത്. എന്നാല്‍ നാല് വര്‍ഷക്കാലമായി ചന്ദന ലേലം ഓൺലൈൻ  ലേലമാക്കിയതിനെ തുടര്‍ന്ന് കൂടുതല്‍ കമ്പനികള്‍ക്ക്  പങ്കെടുക്കുവാൻ കഴിയുന്നുണ്ട്.

കഴിഞ്ഞ രണ്ട് തവണകളിലായി ലേലത്തില്‍ വിറ്റഴിച്ച ചന്ദനതൈലത്തിന് മികച്ച വിലയാണ് ലഭിച്ചത്. ഇത്തവണ ലേലത്തില്‍ വെയ്ക്കുന്ന ചന്ദനതൈലത്തിന്  30 ശതമാനം വില കൂട്ടിയാണ് നിശ്ചയിച്ചിരിക്കുന്നത്. ചന്ദന തൈല ഫാക്ടറി കേരള വനം വികസന വകുപ്പിന്റെ കീഴിലാണ് പ്രവര്‍ത്തിക്കുന്നത്.